തിരുവനന്തപുരം: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ നടത്തിയ പരാമര്‍ശം സിപിഎം നേതാക്കള്‍ പ്രധാന ആയുധമാക്കുകയാണ്. സുധാകരനെ അറസ്റ്റ് ചെയ്യണമെന്നതുള്‍പ്പെടെയുള്ള ആവശ്യവുമായി ഇടതുനേതാക്കള്‍ രംഗത്തുവന്നിട്ടുണ്ട്. ചിന്തന്‍ ശിബിരം സുധാകരനെ പഠിപ്പിച്ചത് അസഭ്യ വര്‍ഷമാണോ എന്നാണ് ഡിവൈഎഫ്‌ഐ ചോദിച്ചത്. സുധാകരന്റെ രാഷ്ട്രീയ സംസ്‌കാരത്തിനൊപ്പം കേരളമില്ലെന്നാണ് സിപിഎമ്മിന്റെ പ്രതികരണം.
പ്രതിഷേധം ശക്തമായ പശ്ചാത്തലത്തില്‍ സുധാകരന്‍ പ്രതികരണവുമായി രംഗത്തുവന്നു. മുഖ്യമന്ത്രിയെ നായ എന്ന് വിളിച്ചിട്ടില്ലെന്നും അങ്ങനെ തോന്നുന്നുവെങ്കില്‍ പരാമര്‍ശം പിന്‍വലിക്കാമെന്നും സുധാകരന്‍ പറഞ്ഞു. തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്റെ പ്രതികരണം ഇക്കൂട്ടത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിതാവിന്റെ കാലില്‍ നീര് കെട്ടിയതും സമാനമായ അവസ്ഥ മുഖ്യമന്ത്രിയിലും കണ്ട കാര്യവും എല്ലാ സഹിച്ച് അദ്ദേഹം നടത്തുന്ന പ്രവര്‍ത്തനങ്ങളെ കുറിച്ച് സൂചിപ്പിക്കുകയും ചെയ്യുകയാണ് മേയര്‍. അവരുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം ഇങ്ങനെ…
അച്ഛന്റെ കാലില്‍ നീര് കാണുമ്പോള്‍ അമ്മ പറയും വിശ്രമിക്കാത്തത് കൊണ്ടാണെന്ന്. എനിക്ക് പലപ്പോഴും അത് സത്യമാണെന്ന് തോന്നാറുമുണ്ട്, കാരണം അച്ഛന്‍ വിശ്രമിച്ചു ഞാന്‍ കണ്ടിട്ടില്ല.പ്രായം കൂടുന്തോറും അച്ഛന്റെ തിരക്കും കൂടി വരികയാണ് ചെയ്തത്. ജീവിതത്തിന്റെ രണ്ടറ്റങ്ങള്‍ കൂട്ടിമുട്ടിക്കാനുള്ള ഒരു സാധാരണക്കാരന്റെ സമരമായിരുന്നു അത്.
സോഷ്യല്‍മീഡിയയില്‍ കുറേ നേരമായി തൃക്കാക്കര തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ശ്രീ.കെ സുധാകരന്‍ ബഹു.മുഖ്യമന്ത്രിയെ പറ്റി പറയുന്നത് ശ്രദ്ധയില്‍പെട്ടപ്പോള്‍രാവിലെ നിഷ് ല്‍ പരിപാടിക്കെത്തിയ ബഹു.മുഖ്യമന്ത്രി ശ്രീ.പിണറായി വിജയനാണ് മനസ്സില്‍ ഓടിയെത്തിയത്. അദ്ദേഹം കാറില്‍ നിന്നിറങ്ങുമ്പോള്‍ കാലില്‍ അച്ഛന്റെ കാലില്‍ കണുന്നത് പോലെ നീരുണ്ടായിരുന്നു. എത്ര വേദന അദ്ദേഹം സഹിക്കുന്നുണ്ടാവാം എന്ന ആശങ്ക പെട്ടന്ന് എവിടെ നിന്നോ വന്ന് നിറയുന്നത് ഞാനറിഞ്ഞു.
പക്ഷെ എന്റെ ധാരണകളെ അപ്പാടെ കടപുഴക്കിക്കളഞ്ഞു സഖാവ്. കാറിന് മുന്നില്‍ അദ്ദേഹത്തെ സ്വീകരിക്കാന്‍ നിന്ന ചെറിയ മക്കളുടെ പ്രിയപ്പെട്ട അപ്പൂപ്പനായി, സ്‌നേഹ വാത്സല്യങ്ങള്‍ പകര്‍ന്ന് നിറപുഞ്ചിരിയോടെ അദ്ദേഹം പരിപാടിയില്‍ പങ്കെടുത്തു.എന്റെ അച്ഛനെ പോലെ ഒരു കുടുംബത്തെ മാത്രമല്ല ലക്ഷക്കണക്കിന് കുടുംബങ്ങളുടെ പ്രതീക്ഷയാണ് സ: പിണറായി വിജയന്‍. അദ്ദേഹം മുന്നില്‍ നിന്ന് നയിക്കുമ്പോള്‍ ഒരു പ്രതിസന്ധിയുടെ മുന്നിലും നാം തലകുനിക്കില്ല എന്ന ചരിത്രം ശ്രീ.കെ സുധാകരനടക്കമുള്ളവര്‍ക്ക് ഓര്‍മ്മയുണ്ട് എന്നതാവണം അദ്ദേഹത്തിന്റെ സമനില തെറ്റിച്ചത്.തൃക്കാകരയിലെ പ്രബുദ്ധരായ ജനങ്ങള്‍ ഇതിന് മറുപടി പറയും…