പത്തനാപുരം:പത്തനാപുരം പട്ടണത്തിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ വന്‍ മോഷണം. രണ്ട് ലോക്കറുകളില്‍ സൂക്ഷിച്ചിരുന്ന പണയ സ്വര്‍ണവും പണവുമടക്കം 42 ലക്ഷം രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. പിടവൂര്‍ സ്വദേശി രാമചന്ദ്രന്‍ നായരുടെ ഉടസ്ഥതയില്‍ ജനതാ ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന പത്തനാപുരം ബാങ്കേഴ്സിലാണ് മോഷണം നടന്നത്.
മുന്‍വാതില്‍ തകര്‍ത്ത് അകത്തുകടന്ന മോഷ്ടാക്കള്‍ ഇരു ലോക്കറുകളുടെയും പൂട്ടുപൊളിച്ചാണ് മോഷണം നടത്തിയത്. രേഖകള്‍ സൂക്ഷിച്ചിരുന്ന അലമാരയും തുറന്നനിലയിലാണ്. 38 ലക്ഷത്തോളം രൂപ വിലമതിക്കുന്ന സ്വര്‍ണ ഉരുപ്പടികളും നാലുലക്ഷംരൂപയും നഷ്ടപ്പെട്ടതായാണ് സ്ഥാപന ഉടമ പറയുന്നത്.
സ്ഥാപനത്തിനുള്ളില്‍ ദേവന്റെ ചിത്രവും ശൂലവും നാരങ്ങയും വെച്ച് വിളക്കുതെളിച്ച് പൂജ നടത്തിയതിന്റെ ലക്ഷണങ്ങളുണ്ട്. മോഷ്ടാക്കള്‍ കൊണ്ടുെവച്ച ഈ സാധനങ്ങള്‍ പോലീസ് കസ്റ്റഡിയിലെടുത്തു. തെളിവുനശിപ്പിക്കാന്‍ മുറിയിലാകെ ബാര്‍ബര്‍ഷോപ്പില്‍നിന്നുള്ള തലമുടി വിതറിയിട്ടുമുണ്ട്.
ശനിയാഴ്ച ഉച്ചവരെ സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നു. ഞായറാഴ്ചത്തെ അവധിക്കുശേഷം തിങ്കളാഴ്ച രാവിലെ സ്ഥാപനം തുറക്കാന്‍ ഉടമ എത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. പുനലൂര്‍ ഡിവൈ.എസ്.പി. ബി.വിനോദിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും തെളിവുകള്‍ ശേഖരിച്ചു.
ഞാൻ അപകടകാരി, പിന്തുടരരുത്’; പൊലീസിന് മുന്നറിയിപ്പ്
മോഷണം നടന്ന ബാങ്കിൽ ഇംഗ്ലിഷിൽ എഴുതി ഒട്ടിച്ച പോസ്റ്ററിലെ വാചകമാണിത്. പൊലീസിനും മുന്നറിയിപ്പ് എന്ന രീതിയിൽ എഴുതിയ ഈ പോസ്റ്റർ പൊലീസ് ഗൗനിച്ചിട്ടില്ല. തെറ്റിദ്ധരിപ്പിക്കുന്നതിനായി എഴുതി വച്ചതാണെന്ന നിഗമനത്തിലാണ്.
പൂജ നടത്തിയ ലക്ഷണങ്ങള്‍വെച്ച് തമിഴ്നാട് സംഘമാണ് മോഷണത്തിനു പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്. അന്വേഷണം വഴിതിരിച്ചുവിടാന്‍ ഇവ ബോധപൂര്‍വം ചെയ്തതാണോയെന്നും പോലീസിന് സംശയമുണ്ട്. സ്വര്‍ണം പണയംവെച്ചവര്‍ ഉള്‍പ്പെടെ ജനങ്ങള്‍ സ്ഥാപനത്തിനുമുന്നില്‍ തടിച്ചുകൂടി. ഉടമ പറയുന്നപോലെയുള്ള നഷ്ടം സംഭവിച്ചിട്ടുണ്ടോ എന്നറിയാന്‍ സ്റ്റോക്ക് രജിസ്റ്റര്‍ പരിശോധിക്കുമെന്നും വിശദമായ അന്വേഷണം നടക്കുന്നതായും പത്തനാപുരം എസ്.ഐ. അരുണ്‍കുമാര്‍ അറിയിച്ചു.