മാനന്തവാടി: വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ കുറുവാ ദ്വീപ് ഇക്കോ ടൂറിസം ജീവനക്കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ജനങ്ങളുടെ പ്രതിഷേധം അക്രമാസക്തമാകുന്നു. പ്രതിഷേധക്കാര്‍ക്കുനേരെ പോലീസ് ലാത്തിവീശി. ഇതോടെ വിവിധ ഭാഗത്ത് നിന്നും പോലീസിന് നേരെ കുപ്പിയേറുണ്ടായി.
അനുനയ ശ്രമങ്ങളൊന്നും വിജയിക്കാതെ വന്നതിന് പിന്നാലെയായിരുന്നു പോലീസ് നടപടി. എന്നാൽ, ആദ്യഘട്ടത്തിൽ പോലീസ് ലാത്തി വീശിയെങ്കിലും ഉടൻ തന്നെ പിന്മാറേണ്ടി വന്നു. അത്രയധികം ജനങ്ങളാണ് നഗരമധ്യത്തിൽ സമരവുമായി ഇരമ്പിയെത്തിയിരിക്കുന്നത്.
സ്ത്രീകളും, യുവതീയുവാക്കളും വൈദികന്മാരുമടക്കമുള്ളവര്‍ പ്രദേശത്തുണ്ട്. പോലീസ് നടപടിയില്‍ ചില നാട്ടുകാര്‍ക്കും ഉദ്യോഗസ്ഥര്‍ത്തും പരിക്കുകളുണ്ട്. വനംവകുപ്പിന് നേരെയുണ്ടായ പ്രതിഷേധത്തിന് പിന്നാലെയാണ് നിലവില്‍ പുല്‍പ്പള്ളി പ്രദേശത്ത് ജനങ്ങള്‍ പോലീസിനെതിരെ തിരിഞ്ഞിരിക്കുന്നത്.
കൊല്ലപ്പെട്ട പോളിന്റെ മൃതദേഹം പുല്‍പ്പള്ളി ബസ് സ്റ്റാന്‍ഡില്‍ വച്ചാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്. രണ്ട് സംഘമായിട്ടായിരുന്നു ആദ്യം പ്രതിഷേധം നടന്നത്. ട്രാഫിക് ജംക്ഷനിലും ബസ് സ്റ്റാന്‍ഡിലുമായിരുന്നു പ്രതിഷേധം നടന്നത്. വനംവകുപ്പിന് എതിരെ കനത്ത പ്രതിഷേധമാണു നടന്നത്. ജീപ്പ് തടഞ്ഞ പ്രതിഷേധക്കാര്‍ ടയറിന്റെ കാറ്റഴിച്ചുവിട്ടു. റൂഫ് വലിച്ചുകീറി. വനംവകുപ്പ് എന്നെഴുതിയ റീത്ത് ജീപ്പില്‍ വച്ചു. വനംവകുപ്പ് ജീവനക്കാര്‍ക്കെതിരെയും നാട്ടുകാര്‍ പ്രതിഷേധിച്ചു.
കേണിച്ചിറയില്‍ വന്യമൃഗത്തിന്റെ ആക്രമണത്തില്‍ ചത്ത പശുവിന്റെ ജഡം വനംവകുപ്പിന്റെ വാഹനത്തില്‍ നാട്ടുകാര്‍ കെട്ടി. ഉന്നയിച്ച ആവശ്യങ്ങളില്‍ ഉറപ്പുലഭിച്ചെങ്കില്‍ മാത്രമേ മൃതദേഹം നഗരത്തില്‍നിന്നു വീട്ടിലേക്കു മാറ്റു എന്ന നിലപാടിലാണു പ്രതിഷേധക്കാര്‍. പോളിന്റെ കുടുംബത്തിന് 50 ലക്ഷം, ജോലി, കടം എഴുതിത്തള്ളണം തുടങ്ങിയ ആവശ്യങ്ങളാണ് പ്രതിഷേധക്കാര്‍ ഉന്നയിച്ചിരിക്കുന്നത്. പ്രതിഷേധങ്ങള്‍ക്കും തുടര്‍ നടപടികള്‍ക്കുമായി 10 അംഗ കമ്മിറ്റി രൂപീകരിച്ചു. പുല്‍പ്പള്ളി പഞ്ചായത്തിനു മുന്നിലും പ്രതിഷേധമുണ്ടായി. ചര്‍ച്ചയല്ല ആവശ്യം പരിഹാരമാണ് ഇനി വേണ്ടതെന്നാണ് നാട്ടുകാര്‍ പറഞ്ഞത്.
മൃതദേഹം വിലാപയാത്രയായി പാക്കത്തെ വീട്ടില്‍ എത്തിക്കും. പോളിന്റെ വീടിന് മുന്‍പില്‍ വന്‍ ജനാവലിയാണു തടിച്ചുകൂടിയിരിക്കുന്നത്. വയനാടിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം നടക്കുന്നുണ്ട്. പോളിന്റെ മൃതദേഹം ഐ.സി.ബാലകൃഷ്ണന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ രാവിലെ 9.40ന് ആണ് പുല്‍പ്പള്ളിയില്‍ എത്തിച്ചത്. സംസ്‌കാരം ഉച്ചകഴിഞ്ഞ് 3ന്. പ്രതിഷേധ സാധ്യത കണക്കിലെടുത്തു വയനാട് കലക്ടറേറ്റിന് മുന്നില്‍ പൊലീസ് സന്നാഹം നിലയുറപ്പിച്ചിരിക്കുകയാണ്.
ഇന്നലെ രാത്രിയോടെ തന്നെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയിരുന്നു. ഇന്നലെ രാവിലെ 9.15നും 9.30നും ഇടയിലാണു കുറുവദ്വീപിലേക്കുള്ള വഴിയില്‍ വനത്തിനുള്ളിലെ ചെറിയമല ജംക്ഷനില്‍ ഡ്യൂട്ടിക്കിടെ പോളിനെ കാട്ടാന ആക്രമിച്ചത്.