കോഴിക്കോട്: വടകര താലൂക്ക് ഓഫീസില്‍ വന്‍ തീപിടിത്തം. കെട്ടിടം മുഴുവന്‍ തീ പടര്‍ന്നു. ഓഫീസ് രേഖകള്‍ പൂര്‍ണമായും കത്തി നശിച്ചു. വടകര ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ എത്തി തീ അണക്കാനുള്ള ശ്രമം തുടരുകയാണ്.
തലശേരി, പേരാമ്പ്ര ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ കൂടി ഇപ്പോള്‍ എത്തിയിട്ടുണ്ട്. അടുത്തുള്ള ട്രഷറി കെട്ടിടത്തിലേക്ക് തീ പടരുന്നത് തടയാനാണ് ശ്രമം. തീപിടിത്തത്തിനുള്ള കാരണം അറിവായിട്ടില്ല.
പുലര്‍ച്ചെയോടെയാണ് തീപ്പിടിത്തം ശ്രദ്ധയില്‍പ്പെട്ടത്. കാലപ്പഴക്കമുള്ള കെട്ടിടമാണ് അപകടത്തില്‍പ്പെട്ടത്. ഷോട്ട് സര്‍ക്യൂട്ടാണ് തീപ്പിടുത്തതിനുള്ള കാരണമെന്നാണ് പ്രാഥമിക നിഗമനം. പഴക്കമുള്ള കെട്ടിടമായതിനാല്‍ വളരെ വേഗം തീ ആളിപ്പടരുകയായിരുന്നു. എന്തൊക്കെ രേഖകള്‍ കത്തിനശിച്ചു എന്നത് സംബന്ധിച്ച് വിശദമായ വിവരങ്ങള്‍ പിന്നീട് മാത്രമേ വ്യക്തമാകുകയുള്ളൂ.
ജില്ലാ റൂറല്‍ പോലീസ് മേധാവിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് പോലീസും രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമായി പങ്കെടുക്കുന്നുണ്ട്. തീ അണച്ച ശേഷം മാത്രമേ അപകടത്തിന്റെ കാരണം കണ്ടെത്താന്‍ കഴിയുകയുള്ളൂ. ആദ്യം ഫയര്‍ഫോഴ്സിന്റെ രണ്ട് യൂണിറ്റുകളാണ് സ്ഥലത്തെത്തിയത്. എന്നാല്‍, തീ അണയാത്ത പശ്ചാത്തലത്തില്‍ സ്ഥലത്തേക്ക് കൂടുതല്‍ യൂണിറ്റുകളെ എത്തിക്കുകയായിരുന്നു.