വാഷിങ്ടണ്‍: ജീവനക്കാരില്‍ 18000-ല്‍ അധികം പേരെ പിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ച് സാങ്കേതികവിദ്യാ രംഗത്തെ മുന്‍നിര സ്ഥാപനങ്ങളിലൊന്നായ ആമസോണ്‍. സമ്പദ് വ്യവസ്ഥയിലെ അസ്ഥിരത ചൂണ്ടിക്കാട്ടിയാണ് നടപടി.
കോവിഡ് കാലത്ത് വന്‍തോതില്‍ നിയമനങ്ങള്‍ നടത്തിയിരുന്ന സ്ഥാപനമാണ് ആമസോണ്‍. കഴിഞ്ഞ വര്‍ഷം നവംബറില്‍ 10,000 പേരെ പിരച്ചുവിടുകയാണെന്ന് ആമസോണ്‍ പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ വീണ്ടും പിരിച്ചുവിടല്‍ പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് കമ്പനി.
പിരിച്ചുവിടല്‍ ആളുകള്‍ക്ക് പ്രയാസമാണെന്ന് കമ്പനി നേതൃത്വം മനസിലാക്കുന്നുണ്ട്, അതുകൊണ്ടുതന്നെ തീരുമാനത്തെ കുറച്ചുകാണുന്നില്ലെന്ന് ആമസോണ്‍ സിഇഒ ആന്‍ഡി ജാസി പറഞ്ഞു. പിരിച്ചുവിടുന്നവര്‍ക്ക് പണവും, ആരോഗ്യ ഇന്‍ഷുറന്‍സ്, പുറത്ത് ജോലി കണ്ടുപിടിക്കാനുള്ള സഹായം എന്നിവ ഉള്‍പ്പടെ കമ്പനി വാഗ്ദാനം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പിരിച്ചുവിടപ്പെടുന്നവരില്‍ ചിലര്‍ യൂറോപ്പില്‍ നിന്നുള്ളവരാണ്. എല്ലാവര്‍ക്കും ജനുവരി 18 മുതല്‍ അറിയിപ്പ് നല്‍കിത്തുടങ്ങും. ആഗോള തലത്തില്‍ താല്‍കാലിക ജീവനക്കാരെ കൂടാതെ കമ്പനിക്ക് 15.4 ലക്ഷം ജീവനക്കാരുണ്ട്.