ആഗ്ര: ഉത്തർപ്രദേശിനെ ഞെട്ടിച്ച് വിവാഹ വീട്ടിൽ കൂട്ടക്കൊലപാതകം. മെയിൻപുരി ജില്ലയിലെ ഗ്രാമത്തിലാണ് ദാരുണസംഭവം. നോയിഡയിലെ കമ്പ്യൂട്ടർ സെന്ററിൽ ജോലി ചെയ്യുന്ന 28 കാരനായ യുവാവാണ് തന്റെ ഇളയ സഹോദരന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ വീട്ടിലേക്കെത്തിയതും നവദമ്പതികളടക്കം കുടുംബത്തിലെ അഞ്ച് പേരെ വെട്ടിക്കൊലപ്പെടുത്തിയതും.
സംഭവത്തിന് ശേഷം ഇയാൾ വെടിയുതിർത്ത് ആത്മഹത്യ ചെയ്തു. കിഷൻഗഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിലെ ഗോകുൽപുര അർസര ഗ്രാമത്തിലാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു. 28കാരനായ ശിവ് വീർ യാദവാണ് കുടുംബത്തിലെ അഞ്ച് പേരെ കൊലപ്പെടുത്തിയത്.
സഹോദരൻ സോനു, ഭാര്യ സോണി (20), രണ്ടാമത്തെ സഹോദരൻ ഭുള്ളൻ (25), ഭാര്യാസഹോദരൻ സൗരഭ് (23), സുഹൃത്ത് ദീപക് കുമാർ (20) എന്നിവരാണ് കൊല്ലപ്പെട്ടത്.
വെള്ളിയാഴ്ച വൈകുന്നേരം ഇറ്റാവ ജില്ലയിൽ നിന്ന് സോനുവിന്റെ വിവാഹച്ചടങ്ങിന് ശേഷം മടങ്ങിയെത്തി അതിഥികളെല്ലാം ഉറങ്ങാൻ പോയി. പുലർച്ചെ രണ്ട് മണിയോടെ ശിവ് തന്റെ കുടുംബാംഗങ്ങളെ കോടാലി കൊണ്ട് ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്തുവെന്ന് ബന്ധുക്കളിൽ ഒരാളായ ജയകേഷ് യാദവ് പറഞ്ഞു.
അക്രമിയുടെ ഭാര്യയുൾപ്പെടെ രണ്ട് സ്ത്രീകൾക്ക് ഗുരുതരമായി പരിക്കേറ്റു. ഇരുവരും ആശുപത്രിയിൽ ചികിത്സയിലാണ്. 20 ദിവസം മുമ്പ് പ്രതി വീട്ടിൽ വന്നിരുന്നുവെന്നും സഹോദരന്റെ വിവാഹത്തിന് തയ്യാറെടുക്കുമ്പോൾ സന്തോഷവാനായിരുന്നില്ലെന്നും ഗ്രാമീണൻ പറഞ്ഞു.
സംഭവത്തിൽ അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് (ആഗ്ര സോൺ), രാജീവ് കൃഷ്ണ, ഇൻസ്‌പെക്ടർ ജനറൽ ഓഫ് പൊലീസ് (ആഗ്ര റേഞ്ച്) ദീപക് കുമാർ എന്നിവർ ഗ്രാമത്തിലെത്തി അന്വേഷണത്തിന് ഉത്തരവിട്ടു.
ഫോറൻസിക് സംഘവും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. അതേസമയം, കൊലപാതകത്തിനുള്ള കാരണം വ്യക്തമല്ലെന്നും പൊലീസ് വ്യക്തമാക്കി.