മാന്നാര്‍: പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഉപേക്ഷിച്ച് ഹൈറേഞ്ചിലേക്കു ഒളിച്ചോടിപ്പോയ കമിതാക്കളെ പോലീസ് പിടികൂടി. മാന്നാര്‍ പോലീസ് കണ്ടെത്തിയ ഇവരെ ബാലനീതി നിയമപ്രകാരം കേസെടുത്ത് റിമാന്‍ഡു ചെയ്തു. മാന്നാര്‍ കുരട്ടിശേരി, പാവുക്കര, പുത്തന്‍പുരയില്‍, റംസിയ(36), കുരട്ടിശേരി വിഷവര്ശ്രിക്കര കുറുമ്പൊഴിക്കല് താമരാക്ഷന്‍(40) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. പതിനാലും പത്തും വയസു പ്രായമുള്ള രണ്ടു കുട്ടികള്‍ വീതം ഇരുവര്‍ക്കുമുണ്ട്.
പ്രായപൂര്‍ത്തിയാകാത്ത മക്കളെ സംരക്ഷിക്കുവാന്‍ ബാധ്യസ്ഥരായവര്‍ അവരെ ഉപേക്ഷിച്ചു പോയതിനാല്‍ കുട്ടികള്‍ക്ക് മാനസിക വിഷമവും ഭയവും ഉണ്ടാക്കിയതിന് 2015 ലെ ബാലനീതി (കുട്ടികളുടെ പരിചരണവും സംരക്ഷണവും) നിയമം വകുപ്പ് 75 പ്രകാരമുള്ളതാണ് കേസ്. കുറച്ചു നാളുകളായി ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നു.
സെപ്റ്റംബര്‍ 19നു വൈകുന്നേരം ആറിനു ശേഷം റംസിയയെ കാണാതായതിനു ഭര്‍ത്താവ് നല്കിയ പരാതിയില്‍ മാന്നാര്‍ പോലീസ് മാന്‍ മിസിംഗ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. കാണാതായ റംസിയയെ താമരാക്ഷനൊപ്പം സെപ്റ്റംബര്‍ 20ന് വൈകുന്നേരത്തോടെ ഇടുക്കി കഞ്ഞിക്കുഴിയില്‍ പിന്നീട് കണ്ടെത്തുകയായിരുന്നു.
താമരാക്ഷന്റെ കാറു സഹിതം ഇടുക്കി കഞ്ഞിക്കുഴി പോലീസ് കസ്റ്റഡിയില്‍ എടുത്ത് മാന്നാര്‍ പോലീസിന് കൈമാറുകയായിരുന്നു. താമരാക്ഷനെ ആലപ്പുഴ ജില്ലാ ജയിലിലേക്കും റംസിയയെ തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലിലേക്കുമാണ് റിമാന്‍ഡ് ചെയ്തത്.