മുംബൈ: ബാല്യകാല സുഹൃത്തായ യുവാവിനെ ഇരട്ടസഹോദരികള്‍ വിവാഹം ചെയ്ത സംഭവത്തില്‍ കേസെടുത്ത് അക്ലുജ് പോലീസ്. കുടുംബത്തിന്റെ സമ്മതപ്രകാരമായിരുന്നു വിവാഹം.
എന്നാല്‍ മാലേവാഡിയില്‍നിന്നുള്ള രാഹുല്‍ ഫൂലെ എന്നയാള്‍ വിവാഹത്തിനെതിരേ പോലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്. ഇന്ത്യന്‍ ശിക്ഷാനിയമം 494-ാം വകുപ്പ് പ്രകാരമുള്ള ബഹുഭാര്യാത്വ കുറ്റം ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
മുംബൈയിലെ ഐ.ടി. എന്‍ജിനിയര്‍മാരായ റിങ്കിയും പിങ്കിയുമാണ് ബാല്യകാലസുഹൃത്തായ അതുല്‍ ഉത്തം അവ്താഡെയെ വിവാഹംചെയ്തത്. അതുലിന് വിനോദ സഞ്ചാരമേഖലയിലാണ് ജോലി. സോലാപുര്‍ സ്വദേശികളാണ് മൂവരും. സോലാപുര്‍ ജില്ലയിലെ അക്ലൂജിലാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. ഇതിന്‍റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.
റിങ്കിക്കും പിങ്കിക്കും ചെറുപ്പംമുതലേ അതുലിനെ അറിയാം. ഇരുവര്‍ക്കും അതുലിനോട് പ്രണയമുണ്ടായിരുന്നു. യുവതികളുടെ അസുഖബാധിതനായ അച്ഛനെ ആശുപത്രിയിലേക്കെത്തിച്ചത് അതുലായിരുന്നു.
അച്ഛന്‍ മരിച്ചതിനുശേഷം അസുഖം വന്നാല്‍ ഇരട്ടസഹോദരിമാരെ ചികിത്സയ്ക്കുകൊണ്ടുപോയതും അതുലാണ്. ഈ യാത്രയില്‍ മൂവരും അടുത്തു. യുവതികള്‍ രണ്ടുപേർക്കും അതുലിനെ പിരിയാന്‍വയ്യ എന്ന അവസ്ഥയിലായി. തുടർന്ന് വിവാഹക്കാര്യം ഇരുവരും വീട്ടില്‍ അറിയിച്ചു.
ഒരാളുടെ വിവാഹത്തിന് അനുവാദം നല്‍കാമെന്നാണ് ആദ്യം വീട്ടുകാര്‍ പറഞ്ഞത്. എന്നാല്‍ ഇരുവരും സമ്മതിച്ചില്ല. തുടര്‍ന്ന് അതുലിനെ ഒരുമിച്ച് വിവാഹം ചെയ്യാമെന്ന ധാരണയിലെത്തി. ഒരേ ഛായയുള്ള ഇരട്ടകളാണ് റിങ്കിയും പിങ്കിയും. ഇരുവരും പഠിച്ചതും വളര്‍ന്നതും ജോലിചെയ്യുന്നതുമെല്ലാം ഒരുമിച്ചായിരുന്നു. ഒരാളെ വിവാഹം ചെയ്താല്‍ പിരിയേണ്ടിവരില്ലെന്നതും തീരുമാനത്തിന് കാരണമായി.