ദുരിതാശ്വാസ ക്യാമ്പില്‍ ഒപ്പനപ്പാട്ടിന്റെ ഈണത്തില്‍ ഒരു കല്യാണം
വയനാട്: ദുരിതാശ്വാസ ക്യാമ്പില്‍ ഒപ്പനപ്പാട്ടിന്റെ ഈണവുമായി ഒരു നിക്കാഹ്. മണ്ണിടിച്ചില്‍ നിരവധി ജീവനെടുത്ത പുത്തുമലയില്‍ നിന്ന് മാറിത്താമസിച്ച ജുമൈലത്തിന്റെ മകളുടെ വിവാഹമാണ് വയനാട് മേപ്പാടി സെന്റ് ജോസഫ് സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ വെച്ച് നടന്നത്. ജുമൈലത്തിന്റെ മകള്‍ റാബിയയുടെ കഴുത്തില്‍ മുഹമ്മദ് ഷാഫിയാണ് മിന്നുകെട്ടിയത്. വയനാട് ജില്ലാ ഭരണകൂടമാണ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ വിവാഹ വാര്‍ത്ത അറിയിച്ചത്.
‘സന്തോഷമാണ് മുഖങ്ങളിലും മനസ്സിലും നിറയെ… ഇങ്ങനെയാണ് നമ്മള്‍ അതിജീവിക്കുന്നത്. ഏതൊരു ദുരന്തത്തിനും തകര്‍ക്കാന്‍ കഴിയാത്ത ശക്തിയാണിത്…നിങ്ങള്‍ എല്ലാവരുടേയും ആശംസകള്‍ ഉണ്ടാവണം ഇവര്‍ക്ക്. ഇവര്‍ നമ്മുടെ കുട്ടികളല്ലേ.’ വയനാട് ജില്ല ഭരണകൂടം ആശംസകള്‍ നേര്‍ന്നു.
വയനാട് ജില്ലാ കളക്ടര്‍ എആര്‍ അജയകുമാര്‍ ഐഎഎസ് വിവാഹത്തില്‍ പങ്കെടുത്ത് നവദമ്പതികള്‍ക്ക് ആശംസകള്‍ നേര്‍ന്നു. വിവാഹ സത്കാരത്തിന്റെ ഫോട്ടോകള്‍ ഫേസ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. കേരളത്തില്‍ ഈ വര്‍ഷത്തെ പ്രളയത്തില്‍ ഓഗസ്റ്റ് 17 വരെയുള്ള കണക്ക് അനുസരിച്ച് 113 പേരാണ് മരിച്ചത്. 29 പേരെ ഇനിയും കണ്ടെത്താനുണ്ട്.