CrimeKeralaNews

വിവാഹ മോചിതനാണെന്ന് കള്ളം പറഞ്ഞ് പെണ്ണ് കാണും, വിശ്വാസമുണ്ടാക്കിയെടുത്ത് ലെെംഗിക ബന്ധത്തിൽ ഏർപ്പെടും, പ്രതിയെ പിടികൂടാതെ ഒളിച്ചുകളി

തൃശൂർ:വിവാഹ ബന്ധത്തിൽ ഏർപ്പെട്ട ശേഷം വിവാഹമോചിതനായെന്ന് കള്ളം പറഞ്ഞ് യുവതികളെ പെണ്ണുകാണുകയും, അവരെ വിവാഹം കഴിക്കാമെന്ന് ഉറപ്പ് നൽകി ലെെംഗിക പീഡനത്തിന് വിധേനാക്കുകയും ചെയ്യുന്ന വ്യക്തിക്കെതിരെ പൊലീസ് കേസെടുത്തിട്ടും പിടികൂടാനുള്ള നടപടികൾ കെെക്കൊള്ളുന്നില്ലെന്ന് ആക്ഷേപം.

തൃശൂർ, ചാലക്കുടി, കൂടപ്പുഴ, അരിയാരത്ത് വീട്ടിൽ ഉണ്ണികൃഷ്ണൻ്റെ മകൻ അരുണിനെതിരെയാണ് വിവാഹത്തട്ടിപ്പ് നടത്തി പെൺകുട്ടികളെ ലെെംഗിക പീഡനത്തിന് ഇരയാക്കുന്നതായി പൊലീസിന് പരാതി ലഭിച്ചത്. തന്നെ പെണ്ണുകാണാൻ വന്ന് വിവാഹം ഉറപ്പിച്ചെന്ന് വിശ്വസിപ്പിച്ച് സൗഹൃദമുണ്ടാക്കി പീഡിപ്പിച്ചുവെന്ന് കാട്ടി കളപ്പാറ സ്വദേശിയായ യുവതി നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തെങ്കിലും  പ്രതി ഇപ്പോഴും കാണാമറയതാണ്.

ഗൾഫിൽ ജോലി നോക്കുന്ന പ്രതി തനിക്കെതിരെ കേസെടുത്ത വിവരമറിഞ്ഞ് തിരിച്ചു നാട്ടിലേക്ക് എത്തിയിട്ടില്ല എന്നാണ് വിവരം. അതേസമയം പ്രതി ഗൾഫിലായതിനാൽ ഇക്കാര്യത്തിൽ ഒന്നും ചെയ്യാനാകില്ലെന്ന നിലപാടാണ് പൊലീസിനെന്നും ഇരയുടെ വീട്ടുകാർ ആരോപിക്കുന്നു. 

പ്രതി മുൻപ് തൃശൂർ സ്വദേശിയായ യുവതിയെ  വിവാഹം ചെയ്ത് ഈ ബന്ധത്തിൽ ഒരു കുട്ടിയുമുള്ള വ്യക്തിയാണ്. പ്രതിയായ അരുണിൻ്റെ പരസ്ത്രീ ബന്ധം ഉൾപ്പെടെയുള്ള സ്വഭാവ വൈകല്യങ്ങൾ കാരണം യുവതി വിവാഹമോചനത്തിന് കേസു നൽകിയെന്നാണ് വിവരം. എന്നാൽ നാളിതുവരെ ഈ കേസിൽ വിധി ആയിട്ടില്ല.

വിവാഹ സമയത്ത് പ്രതി സ്ത്രീധനമായി വാങ്ങിയ വലിയ അളവ് സ്വർണ്ണാഭരങ്ങളിൽ വളരെ കുറച്ചു മാത്രമാണ് ഇയാൾ തിരിച്ചു നൽകിയതെന്നും പറയുന്നു. ഭൂരിഭാഗം സ്വർണ്ണവും ഇയാൾ തിരിച്ചു നൽകാനുണ്ടെന്നാണ് വിവരം. പ്രതിയുടെ മാതാപിതാക്കളും സഹോദരനും ഈ സ്വർണ്ണം നൽകുന്ന കാര്യത്തിൽ അലംഭാവം കാണിക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട്. അതുകൊണ്ടുതന്നെ പ്രതിയുടെ ആദ്യ ഭാര്യ സ്വർണ്ണാഭരണങ്ങൾ തിരിച്ചു കിട്ടണം എന്നാവശ്യപ്പെട്ട് കേസ് ഫയൽ ചെയ്തിരിക്കുകയാണ്. 

ഈയൊരു കാരണം കൊണ്ട് തന്നെ സ്വർണ്ണം തിരിച്ചു നൽകാതിരിക്കുവാൻ പ്രതി കോടതിയിൽ വിവാഹമോചന ഹർജിക്കെതിരെ റസ്റ്റിസ്റ്റ്യൂഷനും ഫയൽ ചെയ്തിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് താൻ വിവാഹമോചിതനാണെന്ന് പറഞ്ഞ് യുവാവ് വീണ്ടും യുവതികളെ വിവാഹം ആലോചിക്കുന്നതും തുടർന്ന് അവരെ ലൈംഗിക പീഡനത്തിന് ഇരയാക്കുന്നതും. നിരവധി പെൺകുട്ടികളുമായി സൗഹൃദത്തിലൂടെ ബന്ധം പുലർത്തുന്ന പ്രതി അവരെ വിവാഹം ആലോചിക്കുകയും അതുവഴി സൗഹൃദം ദൃഢമാക്കി ലെെംഗിക ബന്ധത്തിൽ ഏർപ്പെടുകയുമാണ് പതിവെന്നും ഇരയായ യുവതി പറയുന്നു

അരുണിൻ്റെ വിവാഹമോചന കേസ് നടക്കുമ്പോൾ തന്നെ നിരവധി യുവതികളെ വീട്ടുകാരുടെ പിന്തുണയോടെ ഇയാൾ വിവാഹം ആലോചിച്ചിട്ടുണ്ടെന്നുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. നേരത്തെ മറ്റൊരു വിവാഹം കഴിച്ച് വിവാഹമോചിതയായ കളപ്പാറ സ്വദേശിയായ യുവതിയേയും പ്രതി ഇത്തരത്തിൽ വിവാഹം ആലോചിക്കുകയായിരുന്നു.

താൻ വിവാഹം മോചിതനാണെന്നും ബഹറിനിലെ യുസുഫ് ബിൻ അഹമ്മദ് കാനൂ എന്ന സ്ഥാപനത്തിൽ റെൻ്റൽ സൂപ്പർവൈസറായി ജോലി ചെയ്തു വരികയാണെന്നും വ്യക്തമാക്കിയാണ് പ്രതി തൻ്റെ സഹോദരനായ അശ്വിനൊപ്പം യുവതിയുടെ വീട്ടിലെത്തി വീട്ടുകാരുമായി വിവാഹം  ആലോചിച്ചത്. തുടർന്ന് അടുത്ത ലീവിന് വരുമ്പോൾ വിവാഹം നടത്താം എന്ന ഉറപ്പിൽ അരുൺ തിരിച്ചു വീട്ടിലേക്ക് പോവുകയായിരുന്നു.

അതിനുശേഷം ഇരുവരും തമ്മിൽ ഫോണിൽ ബന്ധം തുടർന്നുകൊണ്ടിരുന്നു. ബഹറിനിലേക്ക് തിരിച്ചു പോകുന്നതിൻ്റെ തലേദിവസം വീണ്ടും യുവതിയുടെ വീട്ടിലെത്തിയ അരുൺ തൻ്റെ പെരുമാറ്റത്തിലൂടെ അവരുടെ വിശ്വാസം പിടിച്ചു പറ്റുകയും ചെയ്തു. 

തുടർന്ന് ഗൾഫിലേക്ക് പോയ അരുൺ നാലു മാസങ്ങൾക്കുശേഷം തിരിച്ചു നാട്ടിലെത്തി. അതിനിടയിൽ ഫോണിലൂടെ ഇരുവരും തമ്മിൽ വളരെയേറെ അടുത്തിരുന്നു. നാട്ടിലെത്തിയ അരുൺ മലമ്പുഴ ഡാം കാണാൻ യുവതിയെ കൂട്ടിക്കൊണ്ടുപോയി മലമ്പുഴ കെടിഡിസി ഹോട്ടലിൽ വച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു.

ഈ സമയം യുവതിയുടെ ചിത്രങ്ങളും അരുൺ പകർത്തിയിരുന്നു. ഗൾഫിൽ പോയി തിരിച്ചുവന്നാൽ ഉടൻ വിവാഹം ചെയ്യാം എന്ന് ഉറപ്പിലാണ് യുവതിയെ ഇയാൾ പീഡിപ്പിച്ചത്. എന്നാൽ ഗൾഫിലേക്ക് പോയ അരുണിൻ്റെ സ്വഭാവത്തിൽ വലിയ മാറ്റങ്ങളാണ് പിന്നീടുണ്ടായത്. വിവാഹം കഴിക്കുന്ന കാര്യം പറയുമ്പോഴൊക്കെ ഒഴിഞ്ഞു മാറാനുള്ള ശ്രമമായിരുന്നു പ്രതിയിൽ നിന്നും ഉണ്ടായതെന്നും യുവതി വ്യക്തമാക്കുന്നു.

ഒടുവിൽ ഇക്കാര്യം തുറന്നു ചോദിച്ചപ്പോൾ കയ്യിലുള്ള ചിത്രങ്ങൾ പ്രചരിപ്പിക്കും എന്നു പറഞ്ഞ് യുവതിയെ ഭീഷണിപ്പെടുത്തുകയായിരുന്നു. അതിനിടയിലാണ് പ്രതി വിവാഹ മോചിതനല്ലെന്നും ഇത്തരത്തിൽ നിരവധി യുവതികളെ പെണ്ണുകാണുകയും അവർക്കെല്ലാം വിവാഹ വാഗ്ദാനം നൽകുകയും ചെയ്തു എന്ന വിവരങ്ങളും യുവതി അറിയുന്നത്. 

മാത്രമല്ല ഇതിനിടയിൽ മറ്റൊരു യുവതിയുമായി പ്രതി ബന്ധം ആരംഭിച്ചിരുന്നു എന്ന വിവരവും യുവതി അറിഞ്ഞിരുന്നു. ഇതോടെ മാനസികമായി തകർന്ന യുവതി അരുണിനെതിരെ മലമ്പുഴ പൊലീസിൽ പരാതി നൽകുകയായിരുന്നു. യുവതിയുടെ പരാതിയിൽ പൊലീസ് എഫ്ഐആർ ഫയൽ ചെയ്തെങ്കിലും പ്രതി വിദേശത്തായതിനാൽ അറസ്റ്റ് ചെയ്യുവാൻ കഴിഞ്ഞിട്ടില്ല എന്നാണ് പൊലീസ് പറയുന്നത്.

തനിക്കെതിരെ പൊലീസ് കേസെടുത്ത വിവരമറിഞ്ഞ പ്രതി നാട്ടിലേക്കു വരാനുള്ള ശ്രമങ്ങൾ അവസാനിപ്പിച്ചതായും വിവരമുണ്ട്. വിവാഹ തട്ടിപ്പ് നടത്തി തന്റെ ജീവിതം തകർത്ത് പ്രതിയെ എത്രയും വേഗം പിടികൂടണം എന്ന ആവശ്യവുമായി പൊലീസിനെ സമീപിച്ചിട്ടും ഇതുവരെയും നടപടികളൊന്നും ഉണ്ടായില്ല എന്നാണ് യുവതി പറയുന്നത്.

ഇക്കാര്യത്തിൽ പോലീസിൻ്റെ ഉദാസീനതയ്ക്ക് എതിരെ യുവതി പാലക്കാട് ജില്ലാ പോലീസ് സൂപ്രണ്ടിന് പരാതി നൽകിയിട്ടുണ്ട്. പ്രതി നിരവധി സ്ത്രീകളുടെ ജീവിതം ഇത്തരത്തിൽ പ്രതി തകർത്തു കൊണ്ടിരിക്കുകയാണെന്നും താൻ നൽകിയ പരാതിയിൽ നടപടി ഉണ്ടാകണമെന്നും യുവതി പോലീസ് സൂപ്രണ്ടിന് നൽകിയ പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button