കൊച്ചി:മോഹന്‍ലാല്‍ (Mohanlal) ചിത്രം ‘മരക്കാറി’ന്‍റെ തിയറ്റര്‍ റിലീസ് (Marakkar Theatre Release) സംബന്ധിച്ച് നടന്ന ചര്‍ച്ച പരാജയം. ചിത്രം തിയറ്ററുകളില്‍ റിലീസ് ചെയ്യുന്നത് സംബന്ധിച്ച് ഫിലിം ചേംബറും തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കും നടത്തിയ ചര്‍ച്ചയാണ് ഫലം കാണാതെ അവസാനിപ്പിച്ചത്. ഇതോടെ ചിത്രത്തിന്‍റെ ഡയറക്റ്റ് ഒടിടി റിലീസിനുള്ള സാധ്യതകള്‍ വര്‍ധിച്ചിരിക്കുകയാണ്.
അഡ്വാന്‍സ് തുകയായി മരക്കാറിന് തിയറ്റര്‍ ഉടമകള്‍ 40 കോടി രൂപ നല്‍കണമെന്നാണ് നിര്‍മ്മാതാവ് ആന്‍റണി പെരുമ്പാവൂര്‍ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടത്. പൃഥ്വിരാജിന്‍റെ സംവിധാനത്തിലെത്തിയ മോഹന്‍ലാല്‍ ചിത്രം ലൂസിഫറിന് സമാനതുകയാണ് അഡ്വാന്‍സ് ഇനത്തില്‍ ലഭിച്ചിരുന്നത് എന്നറിയുന്നു. തിയറ്ററുകളില്‍ റിലീസ് ചെയ്യുന്നപക്ഷം ആദ്യ മൂന്നാഴ്ച കേരളത്തിലെ എല്ലാ തിയറ്ററുകളിലും ചിത്രം പ്രദര്‍ശിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എന്നാല്‍ ഈ രണ്ട് ആവശ്യങ്ങളിന്മേലും ചില തടസ്സങ്ങള്‍ ഫിയോക് ഉന്നയിച്ചു. ഇതോടെയാണ് ഫിലിം ചേംബര്‍ മധ്യസ്ഥ ചര്‍ച്ചയില്‍ നിന്ന് പിന്മാറിയത്. നിലവില്‍ തീരുമാനം നിര്‍മ്മാതാവായ ആന്‍റണി പെരുമ്പാവൂരിന് വിട്ടിരിക്കുകയാണ്. ഇതോടെ മരക്കാര്‍ ഡയറക്റ്റ് ഒടിടി റിലീസ് ആവാനുള്ള സാധ്യത വര്‍ധിച്ചിരിക്കുകയാണ്. ചിത്രം തിയറ്ററുകളില്‍ എത്തിക്കുന്നതിനുള്ള സാധ്യത തേടി ഇനിയും ചര്‍ച്ചകള്‍ക്ക് ഫിയോക് തയ്യാറാണെങ്കിലും നിര്‍മ്മാതാവിനും തിയറ്റര്‍ ഉടമകള്‍ക്കുമിടയില്‍ സമവായ സാധ്യത കുറവാണ്.
ഫിലിം ചേംബര്‍ മധ്യസ്ഥത വഹിച്ച ചര്‍ച്ചയ്ക്കു മുന്‍പ് ഫിയോക് പ്രസിഡന്‍റ് കെ വിജയകുമാര്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ചിത്രം തിയറ്റര്‍ റിലീസ് ആകുമെന്ന കാര്യത്തില്‍ ശുഭാപ്‍തിവിശ്വാസം പ്രകടിപ്പിച്ചിരുന്നു.
ഫിയോക് പ്രസിഡന്‍റ് പറഞ്ഞത്
തിയറ്റര്‍ റിലീസ് ചെയ്‍താല്‍ പരമാവധി ദിവസങ്ങള്‍ സിനിമ പ്രദര്‍ശിപ്പിക്കുന്നതടക്കം വിട്ടുവീഴ്ചകള്‍ക്ക് ഞങ്ങള്‍ തയ്യാറാണ്. ഇക്കാര്യം ചേംബര്‍ പ്രസിഡന്‍റ് സുരേഷ് കുമാര്‍ വഴി ആന്‍റണിയെ അറിയിച്ചിട്ടുണ്ട്. തിയറ്റര്‍ ഉടമകള്‍ക്ക് സാധിക്കുംവിധം പരമാവധി തുക ശേഖരിക്കും. ഇത് അഡ്വാന്‍സ് ആയി നല്‍കാന്‍ തങ്ങള്‍ തയ്യാറാണ്. ഒടിടി പ്ലാറ്റ്‍ഫോം നല്‍കാമെന്ന് പറയുന്ന തുക ഷെയര്‍ ആയി നിര്‍മ്മാതാവിന് നല്‍കാന്‍ തങ്ങള്‍ക്ക് സാധിക്കും. മരക്കാറിന് അഡ്വാന്‍സ് ആയി കുറഞ്ഞത്
10 കോടി നല്‍കാന്‍ തയ്യാറാണ്. എന്നാല്‍ നിര്‍മ്മാതാവ് ആവശ്യപ്പെട്ടതുപോലെ മിനിമം ഗ്യാരന്‍റി എന്ന നിലയില്‍ ഇത് നല്‍കാനാവില്ല. മരക്കാര്‍ തിയറ്ററില്‍ റിലീസ് ചെയ്യാനാവുമെന്ന കാര്യത്തില്‍ ഞങ്ങള്‍ക്ക് ഇപ്പോഴും പ്രതീക്ഷയുണ്ട്. എന്നാല്‍ ഉറപ്പില്ല. മരക്കാര്‍ തിയറ്ററില്‍ വരണമെന്നാണ് എല്ലാവരുടെയും ആഗ്രഹം. മറിച്ച് സംഭവിച്ചാല്‍ അത് ആ സിനിമയുടെ വിധിയാണ്.
ആന്‍റണി പെരുമ്പാവൂര്‍ തന്നെയാണ് ഇപ്പോഴും ഫിയോകിന്‍റെ വൈസ് ചെയര്‍മാന്‍. രാജിക്കത്തിനെക്കുറിച്ച് അറിയില്ല. മരക്കാര്‍ തിയറ്ററില്‍ പ്രദര്‍ശിപ്പിക്കണമെന്ന മന്ത്രി സജി ചെറിയാന്‍റെ പ്രസ്‍താവന സ്വാഗതാര്‍ഹമാണ്.