കൊച്ചി:മോഹൻലാൽ ചിത്രം ‘മരക്കാർ അറബിക്കടലിന്റെ സിംഹം’ മലയാള സിനിമയുടെ ചരിത്രം തിരുത്തുന്നു. രണ്ടു ദിവസത്തേക്കുള്ള റിസർവേഷനിലൂടെ മാത്രം സിനിമ 100 കോടി ക്ലബ്ബിലെത്തി. കേരളത്തിൽ മാത്രം 626 സ്‌ക്രീൻ എന്ന റെക്കോഡോടെ റിലീസ് ചെയ്യുന്ന സിനിമ ആദ്യദിവസം ലോകമെമ്പാടുമായി 4100 സ്‌ക്രീനുകളിൽ പ്രദർശിപ്പിക്കും. ഇതോടെ ആദ്യ ദിവസംതന്നെ സിനിമയുടെ 16,000-ത്തിലേറെ പ്രദർശനങ്ങൾ നടക്കും.
റിലീസിനായി കേരളത്തിൽ വലിയ ആഘോഷങ്ങളാണ് മോഹൻലാൽ ഫാൻസും തിയേറ്റർ ഉടമകളും ആസൂത്രണം ചെയ്തിരിക്കുന്നത്. ബുധനാഴ്ച രാത്രി 12 മണിക്ക് മിക്കതിയേറ്ററുകളിലും പ്രദർശനം തുടങ്ങും. ചിലയിടങ്ങളിൽ രാവിലെ ഏഴുമണിക്കാണ് ആദ്യപ്രദർശനം. കോവിഡ് മഹാമാരിക്കുശേഷം തിരിച്ചുവരുന്ന തിയേറ്റർ മേഖലയുടെ നിലനിൽപ്പ് തീരുമാനിക്കുന്ന പ്രധാനഘടകമായാണ് തിയേറ്റർ ഉടമകളുടെ സംഘടനായ ‘ഫിയോക്’ ഈ സിനിമയെ കാണുന്നത്.
മരക്കാർ എന്ന സിനിമ തിയേറ്ററിൽ തന്നെ റിലീസ് ചെയ്യണമെന്ന ആഗ്രഹത്തിലാണ് ഇതുവരെ കാത്തിരുന്നത്. സാമ്പത്തികകാര്യങ്ങൾ മാത്രമാണ് നോക്കിയിരുന്നതെങ്കിൽ എന്നേ ഇത് ഒ.ടി.ടി.ക്കു നൽകാമായിരുന്നു. സിനിമാമേഖലയിലെ എല്ലാവർക്കും വേണ്ടിയാണ് മരക്കാർ തിയേറ്ററുകളിൽതന്നെയെത്തുന്നത്.