കൊച്ചി:ദീര്‍ഘനാളത്തെ കാത്തിരിപ്പിനു ശേഷം റിലീസ് ചെയ്യപ്പെട്ട ബിഗ് ബജറ്റ് ചിത്രം ‘മരക്കാറി’ന്റെ (Marakkar) വ്യാജപതിപ്പ് (Pirated Copy) ഓണ്‍ലൈനില്‍. റിലീസ് ദിനത്തില്‍ തന്നെയാണ് വ്യാജപതിപ്പും അപ്‌ലോഡ് ചെയ്യപ്പെട്ടിരിക്കുന്നത്. ചിത്രത്തിന്റെ റിലീസിനു മുന്‍ന് നല്‍കിയ അഭിമുഖത്തില്‍ പൈറസിയെക്കുറിച്ചുള്ള ചോദ്യത്തിന് മോഹന്‍ലാലും (Mohanlal) പ്രിയദര്‍ശനും (Priyadarshan) പ്രതികരിച്ചിരുന്നു. പൈറസി ദീര്‍ഘകാലമായി ഉള്ളതാണെന്നും ഇതുവരെ അതിനെ ഫലപ്രദമായി നേരിടാന്‍ സാധിച്ചിട്ടില്ലെന്നുമായിരുന്നു ഇരുവരുടെയും പ്രതികരണം. വ്യാജ കസറ്റ്, സിഡിയില്‍ നിന്ന് പൈറസി ടെലഗ്രാമിലേക്ക് എത്തിയെന്നും ഇരുവരും പറഞ്ഞു. അതേസമയം തിയറ്റര്‍ എക്‌സ്പീരിയന്‍സ് ആവശ്യപ്പെടുന്ന മരക്കാര്‍ പോലെ ഒരു ചിത്രത്തിന് പൈറസി ഭീഷണിയല്ലെന്നും പ്രിയദര്‍ശന്‍ പറഞ്ഞിരുന്നു.
മലയാളത്തിലെ ആദ്യ 100 കോടി ബജറ്റ് ചിത്രമായ മരക്കാര്‍ റിലീസിലും റെക്കോര്‍ഡ് സൃഷ്ടിച്ചാണ് എത്തിയത്. കേരളത്തില്‍ മാത്രം 631 തിയറ്ററുകളിലും ലോകമാകമാനം 4100 സ്‌ക്രീനുകളിലുമാണ് ചിത്രം റിലീസ് ചെയ്യപ്പെട്ടത്. ഒരു മലയാള ചിത്രത്തെ സംബന്ധിച്ച് റെക്കോര്‍ഡ് ആണിത്. കൂടാതെ പ്രീ-റിലീസ് ടിക്കറ്റ് ബുക്കിംഗിലൂടെ മാത്രം ചിത്രം 100 കോടിക്കു മേല്‍ കളക്റ്റ് ചെയ്തതായും നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നു. അറുനൂറിലേറെ ഫാന്‍സ് ഷോകളാണ് ചിത്രത്തിന് ഇന്ന് ലഭിച്ചത്. പല സെന്ററുകളിലും അര്‍ധരാത്രി 12 മണിക്ക് ആദ്യ പ്രദര്‍ശനങ്ങള്‍ ആരംഭിച്ചിരുന്നു. എറണാകുളം സരിത തിയറ്ററില്‍ അര്‍ധരാത്രിയിലെ ആദ്യ പ്രദര്‍ശനം കാണാന്‍ മോഹന്‍ലാല്‍ നേരിട്ടെത്തിയിരുന്നു.
2018 ഏപ്രില്‍ 28ന് പ്രഖ്യാപിച്ച ചിത്രം ഒട്ടേറെ പ്രതിസന്ധികള്‍ മറികടന്നാണ് പ്രേക്ഷകര്‍ക്കു മുന്നിലേക്ക് എത്തിയിട്ടുള്ളത്. 2020 മാര്‍ച്ച് 19 ആയിരുന്നു ചിത്രത്തിന്റെ ആദ്യം പ്രഖ്യാപിച്ച റിലീസ് തീയതി. എന്നാല്‍ ഇതിന് ദിവസങ്ങള്‍ക്കു മുന്‍പ് കൊവിഡ് സാഹചര്യത്തില്‍ തിയറ്ററുകള്‍ക്കു താഴ് വീണതോടെ റിലീസ് അനിശ്ചിതമായി നീണ്ടു. തങ്ങളുടെ സ്വപ്‌നചിത്രമെന്ന് പ്രിയദര്‍ശനും മോഹന്‍ലാലും പറഞ്ഞിരുന്ന ചിത്രത്തില്‍ പ്രണവ് മോഹന്‍ലാല്‍, അര്‍ജുന്‍, സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, സുഹാസിനി, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, ഫാസില്‍, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്റ്, അശോക് സെല്‍വന്‍ തുടങ്ങി വന്‍ താരനിരയും അണിനിരന്നിട്ടുണ്ട്.
അതിനിടെ മരക്കാര്‍ തിയേറ്ററുകളിലെത്തിയതിന് തൊട്ടുപിന്നാലെ മോഹൻലാലിനും സംവിധായകന്‍ പ്രിയദര്‍ശനുമെതിരെ സൈബറാക്രമണം. മോഹൻലാലിന്റേയും പ്രിയദർശന്റെയും സോഷ്യല്‍ മീഡിയ പേജിലാണ് വിമര്‍ശനവും മോശം കമന്റുകളുമായി ചിത്രം കണ്ടുവെന്ന് അവകാശപ്പെടുന്ന ആളുകള്‍ എത്തിയിരിക്കുന്നത്.
ഞാൻ ഒരു മോഹൻലാൽ ആരാധകനോ മമ്മൂട്ടി ആരാധകനോ അല്ല പക്ഷേ നമുക്ക് മനസ്സിലാക്കാവുന്ന ഒരു കാര്യമുണ്ട് ചരിത്ര കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ മമ്മൂട്ടിയാണ് കൂടുതൽ ഉചിതം എല്ലാ നടന്മാർക്കും എല്ലാ കഥാപാത്രങ്ങളെയും അവതരിപ്പിക്കാൻ പറ്റില്ല ഓരോരുത്തർക്കും ചെയ്യാൻ പറ്റുന്നതിന് ഒരു പരിധിയുണ്ട്. അത് നടന്മാരും അവരെ വെച്ച് പടം എടുക്കുന്ന സംവിധായകരും മനസ്സിലാക്കുന്നതാണ് നല്ലത്. ബാഹുബലിയിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ച നടനെ പോലെ പവർഫുൾ ആയ ഒരു നടനായിരുന്നു മരയ്ക്കാർ എന്ന കഥാപാത്രത്തെ സ്ക്രീനിൽ അവതരിപ്പിച്ചിരുന്നത് എങ്കിൽ വളരെ കൂടുതൽ നന്നാകുമായിരുന്നു. സൂപ്പർസ്റ്റാറുകൾ അഭിനയിച്ചാൽ മാത്രമേ ബിഗ് ബജറ്റ് ചിത്രങ്ങൾ നിങ്ങൾ വിജയിക്കൂ എന്ന സാധാരണ തെറ്റാണ്. ബാഹുബലി എന്ന സിനിമ അതിനുദാഹരണമാണ്’ – എന്ന് തുടങ്ങി വിമർശന രീതിയിലും മോശം ഭാഷയിലും ഒട്ടേറെ കമന്റുകളാണ് എത്തുന്നത്.
ചരിത്രം കുറിച്ചുകൊണ്ടാണ് മരക്കാർ തീയേറ്ററുകളിലെത്തിയത്. അർദ്ധരാത്രി 12 മണി മുതൽ തുടങ്ങിയ ഫാൻസ് ഷോ മുതൽ ആരാധകർ ആഘോഷമാക്കുകയാണ് മരക്കാറിനെ. റിലീസിന് മുമ്പേ റിസർവേഷനിലൂടെ 100 കോടി ക്ലബ്ബിൽ ചിത്രം ഇടംപിടിച്ചിരുന്നു. മരക്കാർ റിലീസ് പ്രഖ്യാപിച്ച അന്ന് മുതൽ തന്നെ പ്രീ ബുക്കിങ്ങും ആരംഭിച്ചിരുന്നു.
നീണ്ട രണ്ട് വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് മരക്കാർ തിയേറ്ററുകളിലെത്തുന്നത്. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. പ്രണവ് മോഹൻലാല്‍, അര്‍ജ്ജുന്‍, പ്രഭു, മഞ്ജു വാര്യര്‍, സുഹാസിനി,കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, സുനിൽ ഷെട്ടി, ഫാസില്‍, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്റ്, മാമുക്കോയ, ഷിയാസ് കരീം,രഞ്ജിപണിക്കർ, ഗണേഷ് കുമാർ തുടങ്ങിയ വലിയ താരനിരായാണ് ചിത്രത്തിലുള്ളത്. പ്രിയദര്‍ശന്റെ സ്വപ്ന ചിത്രമായ മരക്കാറില്‍ കുഞ്ഞാലി മരക്കാര്‍ നാലാമനെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. സാമൂതിരി രാജവംശത്തിന്റെ നാവിക മേധാവിയായിരുന്ന കുഞ്ഞാലിമരക്കാറുടെ കഥയാണ് ചിത്രം പറയുന്നത്.
ആറ് ദേശീയ പുരസ്‌കാരങ്ങൾ കരസ്ഥമാക്കിയ ചിത്രം ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമ്മിക്കുന്നത്. ഡോക്ടർ റോയ്, സന്തോഷ് ടി. കുരുവിള എന്നിവർ സഹനിർമാതാക്കളാണ്.