കൊച്ചി:’മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം’ തിയേറ്ററിൽ നിറഞ്ഞോടുകയാണ്. സമീപകാലത്ത് ഒരു മലയാള സിനിമയ്ക്ക് ലഭിച്ച ഏറ്റവും വലിയ പ്രീ-റിലീസ് ഹൈപ്പുമായി തിയറ്ററുകളിലെത്തിയ ചിത്രമെന്ന വിശേഷണവും മരക്കാരിന് സ്വന്തം.
ചിത്രം ഗംഭീര ബോക്‌സ് ഓഫീസ് പ്രകടനം ആണ് നടത്തുന്നത്. റിലീസ് ചെയ്ത ആദ്യ ദിനം തന്നെ റെക്കോര്‍ഡ് കളക്ഷന്‍ ആണ് ഈ ചിത്രം നേടി എടുത്തത്. കേരളത്തില്‍ നിന്ന് ആദ്യ ദിനം മരക്കാര്‍ നേടിയെടുത്തത് ആറു കോടി എഴുപതു ലക്ഷത്തോളം രൂപയാണ്. ഈ വര്‍ഷം ഒരു മലയാള ചിത്രം നേടുന്ന ഏറ്റവും വലിയ ഓപ്പണിങ് ആണ് അത്.
കുറുപ്പ് നേടിയ നാലു കോടി എഴുപതു ലക്ഷം എന്ന റെക്കോര്‍ഡ് ആണ് മരക്കാര്‍ ഇവിടെ തകര്‍ത്തത്. അതുപോലെ ഓള്‍ ടൈം കേരളാ ടോപ് ഓപ്പണിങ് കളക്ഷന്‍ ലിസ്റ്റ് നോക്കിയാല്‍ ഒടിയന്‍ എന്ന ചിത്രത്തിനിടെ തൊട്ടു പുറകില്‍ രണ്ടാം സ്ഥാനം നേടിയ മരക്കാര്‍, ലൂസിഫറിനെ ആണ് മറികടന്നത്. ഏഴു കോടി ഇരുപതു ലക്ഷം നേടിയ ഒടിയന്‍ ഒന്നാമതുള്ളപ്പോള്‍ ആറു കോടി എഴുപതു ലക്ഷത്തിനു മുകളില്‍ നേടി മരക്കാര്‍ രണ്ടാമതും ആറു കോടി അറുപതു ലക്ഷത്തോളം നേടി ലൂസിഫര്‍ ഇപ്പോള്‍ മൂന്നാമതും ആണ്. ആദ്യ ഒരാഴ്ച കഴിയുമ്പോൾ കളക്ഷൻ 200 കോടി പിന്നിട്ടതായാണ് വിവരം.
യു കെ ബോക്‌സ് ഓഫീസില്‍ ആദ്യ ദിനം 58 ലക്ഷം രൂപ നേടി മോളിവുഡ് റെക്കോര്‍ഡ് ഇട്ട മരക്കാര്‍, ഓസ്ട്രേലിയന്‍ ബോക്‌സ് ഓഫീസിലും ആദ്യ ദിനം 25 ലക്ഷത്തിനു മുകളില്‍ നേടി റെക്കോര്‍ഡ് സൃഷ്ടിച്ചു. ഓസ്ട്രേലിയയില്‍ നിന്നും ഈ ചിത്രം രണ്ടു ദിവസം കൊണ്ട് നേടിയത് അമ്പതു ലക്ഷത്തിനു മുകളില്‍ ആണ്.
അമേരിക്ക, ന്യൂസീലന്‍ഡ് എന്നിവിടങ്ങളിലും മികച്ച ഓപ്പണിങ് നേടിയ മരക്കാര്‍, യു എ ഇ പ്രീമിയര്‍ ഷോ കളക്ഷനിലും രണ്ടു കോടി തൊണ്ണൂറ്റിയെട്ടു ലക്ഷം ഗ്രോസ് നേടി പുതിയ മോളിവുഡ് റെക്കോര്‍ഡ് ആണ് സൃഷ്ടിച്ചത്. രണ്ടു കോടി നാല്‍പതു ലക്ഷം നേടിയ കുറുപ്പ് ഗ്രോസ് ആണ് മരക്കാര്‍ മറികടന്നത്.
ചിത്രത്തിന്റെ ആദ്യ ദിന വേള്‍ഡ് വൈഡ് കലക്ഷനും റെക്കോര്‍ഡ് എന്നാണ് സൂചന. 25 കോടിയോളം ആണ് വേള്‍ഡ് വൈഡ് കളക്ഷന്‍ ആയി ആദ്യ ദിനം നേടിയത് എന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. പത്തൊന്‍പതു കോടി നേടിയ കുറുപ്പ് ആണ് ഈ ലിസ്റ്റില്‍ രണ്ടാമത്. ആദ്യ ദിനം തന്നെ മരക്കാര്‍ ആറു കോടി നേടിയെടുത്തിട്ടുണ്ടെങ്കിൽ മരക്കാർ 500 അല്ല 1000 കോടിയോ അതുമല്ലെങ്കിൽ 2000 കോടി മരക്കാർ നേടിയെടുക്കുമെന്നാണ് ഒരുകൂട്ടർ പറയുന്നത്. കേരളത്തിലെ ആദ്യ ദിന കളക്ഷന്‍ റിപ്പോര്‍ട്ട് അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുകയാണ്.
അതേസമയം ആദ്യദിനങ്ങളില്‍ ചിത്രത്തിനെതിരെ മോശം പ്രതികരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്. ഇത് സംഘടിതമായ ആക്രമണമാണെന്ന് അണിയറക്കാരില്‍ ചിലരും പ്രേക്ഷകരില്‍ ഒരു വിഭാഗവും ആരോപിച്ചിരുന്നു. ചില തിയറ്റര്‍ ഉടമകളും ഇക്കാര്യത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.
ചിത്രത്തിന് ലഭിക്കുന്ന പോസിറ്റീവ് പ്രതികരണങ്ങളില്‍ സന്തോഷം അറിയിച്ച് മോഹന്‍ലാലും പ്രിയദര്‍ശനും ഇന്നലെ രംഗത്തെത്തിയിരുന്നു.ചിത്രത്തിന്‍റെ വ്യാജപതിപ്പ് പ്രചരിപ്പിക്കുന്നതിനെതിരെയും പ്രിയദര്‍ശന്‍ സംസാരിച്ചിരുന്നു. മലയാളത്തിലെ ഏറ്റവും മുടക്കുമുതലുള്ള ചിത്രമായ മരക്കാര്‍ വ്യാഴാഴ്ച ലോകമാകമാനം 4100 സ്ക്രീനുകളിലാണ് റിലീസ് ചെയ്യപ്പെട്ടത്. ആദ്യദിനം ലോകമാകെ 16,000 പ്രദര്‍ശനങ്ങളായിരുന്നു ചിത്രത്തിന്. പ്രീ-റിലീസ് ടിക്കറ്റ് ബുക്കിംഗ് വഴി മാത്രം 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചതായി നിര്‍മ്മാതാക്കളായ ആശിര്‍വാദ് സിനിമാസ് നേരത്തെ അറിയിച്ചിരുന്നു.