മരട് ഫ്‌ളാറ്റുകളില്‍ ഒഴിപ്പിക്കല്‍ തുടങ്ങി; ഉടമ നിരാഹാര സമരം തുടങ്ങി
കൊച്ചി: മരടിലെ ഫ്‌ളാറ്റുകളില്‍ ഒഴിപ്പിക്കല്‍ നടപടി ആരംഭിച്ചു. മരട് നരഗസഭാ സെക്രട്ടറിയുടെ താത്കാലിക ചുമതലയുള്ള സബ് കലക്ടര്‍ സ്‌നേഹില്‍ കുമാറിന്റെ നേതൃത്വത്തിലാണ് ഒഴിപ്പിക്കല്‍. ആല്‍ഫാ വെഞ്ചേഴ്‌സ്, ജെയിന്‍ ഹൗസിംഗ്, ഗോള്‍ഡന്‍ കായലോരം എന്നീ മൂന്നു ഫ്‌ളാറ്റുകളിലാണ് ഞായറാഴ്ച ഒഴിപ്പിക്കല്‍ നടക്കുന്നത്.
ബലം പ്രയോഗിച്ചുള്ള ഒഴിപ്പിക്കലിലേക്ക് അധികൃതര്‍ ഇപ്പോള്‍ കടക്കില്ലെന്നാണു സൂചന. മരടിലെ ഫ്‌ളാറ്റുകളില്‍നിന്നു താമസക്കാരില്‍ ചിലര്‍ ശനിയാഴ്ച സ്വയം ഒഴിഞ്ഞുപോയി തുടങ്ങി. നെട്ടൂരിലെ ആല്‍ഫാ കസറിന്‍ ഫ്‌ളാറ്റിലെ താമസക്കാരില്‍ ഏതാനും പേരാണു തങ്ങളുടെ സാധനസാമഗ്രികള്‍ വാഹനങ്ങളില്‍ കയറ്റിക്കൊണ്ടുപോയത്. എന്നിരുന്നാലും, നിര്‍ത്തലാക്കിയ ജല വൈദ്യുതി കണക്ഷനുകള്‍ നാലു ദിവസത്തേക്കു പുനഃസ്ഥാപിക്കാന്‍ അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്.
അതേസമയം, ഒഴിപ്പിക്കലിനെതിരെ ഉടമ നിരാഹാര സമരം തുടങ്ങി. ഫ്‌ളാറ്റ് ഉടമ ജയകുമാറാണു നിരാഹാരമിരിക്കുന്നത്. ഹോളി ഫെയ്ത്ത് ഫ്‌ലാറ്റിനുമുന്നില്‍ മറ്റുള്ളവരും പ്രതിഷേധ സമരം തുടങ്ങി. ഒഴിയാന്‍ മതിയായ സമയം ലഭിച്ചില്ല എന്നാണ് ഉടമകളുടെ പരാതി. ഒപ്പം താത്കാലിക നഷ്ടപരിഹാരം ഒഴിയുന്നതിനു മുന്‍പ് തന്നെ ലഭിക്കണം എന്നും പറയുന്നു. തങ്ങള്‍ മുന്നോട്ടുവച്ച നിബന്ധനകള്‍ അംഗീകരിക്കും വരെ ഒഴിഞ്ഞുപോവില്ലെന്നു മരട് ഭവനസംരക്ഷണ സമിതി ഭാരവാഹികള്‍ പറഞ്ഞു.