ഛത്തീസ്ഗഡിൽ മാവോവാദി വേട്ടക്കിടെ ബന്ദിയാക്കപ്പെട്ട സി.ആർ.പി.എഫ് കമാൻഡർ രാകേശ്വർ സിങ് മൻഹാസിനെ മാവോയിസ്റ്റുകൾ വിട്ടയച്ചു. ജവാനെ വിട്ടയച്ച കാര്യം സി.ആർ.പി.എഫ് സ്ഥിരീകരിച്ചു. ഏപ്രിൽ മൂന്നിന് നടന്ന ഏറ്റുമുട്ടലിനിടെയാണ് ജവാനെ മാവോയിസ്റ്റുകൾ ബന്ദിയാക്കിയത്. ഏറ്റുമുട്ടലിൽ 22 ജവാന്മാർ വീരമൃത്യു വരിച്ചിരുന്നു. ഒരു സ്ത്രീ ഉൾപ്പെടെ അഞ്ചു മാവോവാദികളും കൊല്ലപ്പെട്ടിരുന്നു.
ബിജാപ്പൂരിലെ സി.ആർ.പി.എഫ് ക്യാമ്പിലെത്തിച്ച രാകേശ്വറിനെ ആരോഗ്യ പരിശോധനക്ക് വിധേയനാക്കി. ജവാനെ വിട്ടയക്കാൻ മാവോവാദികൾ ഉപാധികൾ മുന്നോട്ടുവെച്ചിരുന്നു. ജവാനെ ഉപാധികളില്ലാതെ മോചിപ്പിക്കാനായിരുന്നു കേന്ദ്രസർക്കാരിന്റെ ശ്രമം.
സുക്മ ജില്ലയിലെ വനമേഖലയിലാണ് ഏപ്രിൽ മൂന്നിന് മണിക്കൂറുകൾ നീണ്ട ഏറ്റുമുട്ടലുണ്ടായത്. മാവോവാദി സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടർന്ന് പ്രദേശത്ത് തെരച്ചിൽ നടത്തുന്നതിനിടെ മാവോയിസ്റ്റുകൾ പതുങ്ങിയിരുന്ന് ആക്രമിക്കുകയായിരുന്നു.