KeralaNews

മാവോയിസ്റ്റുകളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം: 18 പേരുടെ ചിത്രങ്ങളടക്കം ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി പോലീസ്

കല്‍പ്പറ്റ: മാവോയിസ്റ്റുകളുടെ അറസ്റ്റിലേക്ക് നയിക്കുന്ന വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് ഉചിതമായ പാരിതോഷികം പ്രഖ്യാപിച്ച് പോലീസ്. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിവിധ കേസുകളില്‍ അന്വേഷിക്കപ്പെടുന്ന 18 മാവോയിസ്റ്റുകളുടെ ചിത്രങ്ങള്‍ പുറത്തുവിട്ടാണ് പോലീസിന്‍റെ വാണ്ടഡ് നോട്ടീസ്.

നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് രാജ്യത്തിന് ഭീഷണി ഉയര്‍ത്തുന്നതിനാല്‍ ഇവരെ നിയമത്തിന് മുന്‍പില്‍ കൊണ്ടുവരേണ്ടതായിട്ടുണ്ടെന്നും ഇവരുടെ അറസ്റ്റിലേക്ക് നയിക്കുന്ന ശരിയായ വിവരങ്ങള്‍ തരുന്നവര്‍ക്ക് ഉചിതമായ പാരിതോഷികങ്ങള്‍ നല്‍കുന്നതും അവരുടെ പേരുവിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുന്നതുമാണെന്നും പോലീസ് വ്യക്തമാക്കി.

ജില്ലാ പോലിസ് മേധാവിയുടെ ആസ്ഥാനത്ത് ചേര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിന് ശേഷമാണ് വയനാട് ജില്ലാ പോലീസ് മാവോയിസ്റ്റുകളുടെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. കഴിഞ്ഞ ആഴ്ചകളില്‍ കമ്പ മലയില്‍ മാവോയിസ്റ്റുകള്‍ പതിവായി നാട്ടിലിറങ്ങി ഭരണകൂടത്തിനെതിരെ പ്രചരണം നടത്തുന്നതിന്‍റെയും മാവോയിസ്റ്റ് ആക്രമണത്തിന്‍റെയും പശ്ചാത്തലത്തിലാണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്.

ചിത്രങ്ങളില്‍ കാണുന്നവര്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിവിധ കേസുകളില്‍ അന്വേഷിക്കപ്പെടുന്നവരാണ്. ഇവര്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് രാജ്യത്തിന് ഭീഷണി ഉയര്‍ത്തുന്നതിനാല്‍ ഇവരെ നിയമത്തിന് മുന്‍പില്‍ കൊണ്ടുവരേണ്ടതായിട്ടുണ്ടെന്നും പോലീസ് നോട്ടീസില്‍ വ്യക്തമാക്കി.

സുന്ദരി, വിക്രം ഗൗഡ, ജയണ്ണ, വനജാക്ഷി, ലത, സി പി മൊയ്തീന്‍, സന്തോഷ്, സോമന്‍ എന്ന അക്ബര്‍, ചന്ദ്രു, ഉണ്ണിമായ, ജിഷ എന്ന രജനി, രവീന്ദ്ര, സുരേഷ്, കവിത, വസന്ത് എന്ന യോഗേഷ്, വിമല്‍കുമാര്‍, മനോജ്, അനിഷ് ബാബു എന്നീ 18 മാവോവാദികളുടെ ചിത്രങ്ങളാണ് ലുക്ക്ഔട്ട് നോട്ടീസിലുള്ളത്.

അതോടൊപ്പം തന്നെ മാവോയിസ്റ്റുകളുടെ കീഴടങ്ങലിലും പുനരധിവാസത്തിനും കേരള സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച ബൃഹത് പദ്ധതികള്‍ സംബന്ധിച്ച് വിശദീകരിക്കുന്ന അഭ്യര്‍ഥനയും പുറത്തിറക്കിയിട്ടുണ്ട്. കേരളത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന മാവോയിസ്റ്റ് കേഡര്‍മാര്‍ സര്‍ക്കാര്‍ നല്‍കുന്ന ഈ അവസരം വിനിയോഗിച്ച് നിയമത്തിന് മുനവ്‌നില്‍ കീഴടങ്ങുകയും ആനുകൂല്യങ്ങള്‍ നേടി നാടിന്‍റെ പൊതുധാരയിലേക്ക് വരുന്നതിന് അപേക്ഷിക്കുന്നതായും ഈ അഭ്യര്‍ഥനയിലുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button