24.6 C
Kottayam
Monday, May 20, 2024

ഒരു പ്ലാറ്റ് ഫോമിൽ രണ്ട് മെമു ട്രെയിനുകൾ, ആശയക്കുഴപ്പത്തിൽ നിരവധിയാളുകൾക്ക് ട്രെയിൻ നഷ്ടമായി

Must read

കൊച്ചി: ഇന്ന് ഉച്ചയ്ക്ക് എറണാകുളത്ത് നിന്ന് കൊല്ലം വരെ പോകുന്ന ട്രെയിൻ നമ്പർ 06769 മെമുവിലെ യാത്രക്കാരാണ് പ്ലാറ്റ് ഫോം നമ്പറിലെ ആശങ്കകൾ കാരണം ദുരിതത്തിലായത്. പ്ലാറ്റ് ഫോം അഞ്ചിൽ ഒരേ സമയം രണ്ട് ട്രെയിനുകൾ നിർത്തിയിട്ടിരുന്നു. പ്ലാറ്റ് ഫോമുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന വടക്ക് ഭാഗത്തുള്ള ഓവർ ബ്രിഡ്ജിൽ നിന്ന് പ്ലാറ്റ് ഫോമിലേയ്ക്ക് ഇറങ്ങിയവർക്ക് രണ്ട് ട്രെയിനാണെന്ന് തിരിച്ചറിയാൻ സാധിച്ചിരുന്നില്ല.

സിഗ്നലായി മുന്നിൽ കിടന്ന ട്രെയിൻ മുന്നോട്ടു നീങ്ങിയ ശേഷമാണ് കുറച്ചു പേർക്ക് കാര്യം പിടികിട്ടിയത്. നിർത്തിയിട്ടിരുന്ന മെമുവിൽ നിന്നിറങ്ങി ഓടി കയറിയ കുറച്ചു പേർക്ക് വേണ്ടി ട്രെയിൻ നിർത്തി കൊടുത്തെങ്കിലും പ്രായമായവർ അടക്കം പലർക്കും ട്രെയിൻ ലഭിച്ചില്ല. ചിലർ ട്രെയിൻ കടന്നുപോയതിന് മിനിറ്റുകൾക്ക് ശേഷമാണ് അബദ്ധം തിരിച്ചറിഞ്ഞത്.

ഒരു പ്ലാറ്റ് ഫോമിൽ രണ്ട് മെമു നിർത്തിയിടുന്നതും യാത്ര ആരംഭിക്കുന്നതും ആദ്യ സംഭവമല്ല. നോർത്ത് എൻഡ്‌ എന്നും സൗത്ത് എൻഡ്‌ എന്നും നോട്ടിസ് ബോർഡിലും അന്നൗൺസ്‌മെന്റിലും ആവർത്തിക്കുമെങ്കിലും സാധാരണക്കാരായ യാത്രക്കാർ അത്ര ശ്രദ്ധിക്കാറില്ല. പ്ലാറ്റ് ഫോം നമ്പർ മാത്രം നോക്കി ഓടി കയറുന്നവരും പ്രായമായവരും ട്രെയിൻ യാത്ര സുപരിചതരല്ലാത്തവരും ഇത്തരം സന്ദർഭങ്ങളിൽ അമളി പറ്റാറുണ്ട്. നോട്ടിസ് ബോർഡിന്റെയും അന്നൗൺസ്‌മെന്റിന്റെയും അടിസ്ഥാനത്തിൽ ഈ സംഭവം റെയിൽവേ വളരെ ലാഘവത്തോടെ നിസ്സാരവത്കരിക്കുകയാണ്.

വൈകുന്നേരം 4.00 മണിക്ക് ആലപ്പുഴയ്ക്ക് ഉള്ള മെമുവും ഉച്ചയ്ക്ക് 01.35 ന് കോട്ടയം വഴിയുള്ള കൊല്ലം മെമുവുമാണ് ഇന്ന് എറണാകുളം ജംഗ്ഷനിൽ അഞ്ചാം പ്ലാറ്റ് ഫോമിൽ പിടിച്ചതെന്നാണ് യാത്രക്കാർ പറയുന്നത്.
ഒരു ട്രെയിനിൽ നിന്ന് ഇറങ്ങി നീങ്ങിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ ഓടി കയറുമ്പോൾ അപകട സാധ്യത വിളിച്ചു വരുത്തുമെന്നും ഇത്തരം സംഭവങ്ങൾ ഒഴിവാക്കാൻ റെയിൽവേ നടപടി സ്വീകരിക്കണമെന്നും യാത്ര അവസാനിപ്പിക്കുന്ന ട്രെയിനുകൾ ജീവനക്കാരുടെ സൗകര്യാർത്ഥം പ്ലാറ്റ് ഫോമിൽ നിർത്തിയിടുന്നതിന് പകരം സ്റ്റേബിൾ ലൈനുകൾ ഉപയോഗപ്പെടുത്തിയാൽ ഈ പ്രശ്നത്തിന് പരിഹാരമാകുമെന്നും യാത്രക്കാർ അഭിപ്രായപ്പെട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week