ന്യൂഡൽഹി∙ ഇലോൺ മസ്ക് ട്വിറ്റർ ഏറ്റെടുത്തതിനു ശേഷമുള്ള പരിഷ്കാരങ്ങളുടെ ഭാഗമായി, ട്വിറ്റർ അക്കൗണ്ടിന്റെ ‘ബ്ലൂ ടിക്’ നഷ്ടമായി ഒട്ടേറെ പ്രമുഖർ. ട്വിറ്ററിന്റെ ബ്ലൂ സബ്സ്‌ക്രിപ്ഷന്‍ ഇല്ലാത്ത അക്കൗണ്ടുകളിൽ നിന്നും നീല നിറത്തിലുള്ള വെരിഫൈഡ് ബാഡ്ജ് ഏപ്രില്‍ 20 മുതല്‍ നീക്കുമെന്ന് ട്വിറ്റർ നേരത്തേ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് നടപടി.
ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചൻ, ഷാറുഖ് ഖാൻ, സൽമാൻ ഖാൻ, ദീപിക പദുക്കോൺ, ആലിയ ഭട്ട്, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, ക്രിക്കറ്റ് താരങ്ങളായ വിരാട് കോലി, രോഹിത് ശർമ, വ്യവസായി രത്തൻ ടാറ്റ എന്നിവർക്കുൾപ്പെടെ ബ്ലൂ ടിക് നഷ്ടമായി.
വിവിധ മേഖലകളിൽ ശ്രദ്ധേയമായ പ്രൊഫൈലുകളുടെ ആധികാരികത സാക്ഷ്യപ്പെടുത്താൻ നേരത്തേ സൗജന്യമായാണ് ബ്ലൂ ടിക് നൽകിയിരുന്നത്. എന്നാൽ ഇലോൺ മസ്ക് ട്വിറ്റർ ഏറ്റെടുത്ത ശേഷം ബ്ലൂ ടിക് സബ്സ്‌ക്രിപ്ഷനെ അടിസ്ഥാനമാക്കി മാറ്റുകയായിരുന്നു. ബ്ലൂ ടിക് അടക്കമുള്ള പ്രീമിയം സേവനങ്ങൾക്ക് പ്രതിമാസം പരമാവധി 8 ഡോളർ വരെ ഈടാക്കാൻ ഇലോൺ മസ്ക് തീരുമാനിച്ചിരുന്നു.
Elon Musk confirms the Twitter Blue subscriptions he’s personally paying for are William Shatner, LeBron James and Stephen King. pic.twitter.com/YDo5SwpuhT
— Pop Base (@PopBase) April 21, 2023
പണമടച്ച് സബ്സ്ക്രൈബ് ചെയ്യാത്ത നിരവധി പ്രമുഖരുടെ ട്വിറ്റർ അക്കൗണ്ടുകളിൽനിന്ന് ട്വിറ്റർ ബ്ലൂ ടിക് നീക്കുന്നതിനിടെ, പണമടയ്ക്കാത്ത ചിലർക്കായി താൻ തന്നെ പണമടയ്ക്കുന്നതായി വെളിപ്പെടുത്തി ഇലോൺ മസ്ക്. ബാസ്കറ്റ്ബോൾ താരം ലെബ്രോൺ ജയിംസ്, എഴുത്തുകാരൻ സ്റ്റീഫൻ കിങ് തുടങ്ങിയവർ ബ്ലൂ ടിക്കിനായി വരിസംഖ്യ അടയ്ക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇവർക്കായി താൻ തന്നെ പണമടയ്ക്കുമെന്ന് മസ്ക് അറിയിച്ചു.
My Twitter account says I’ve subscribed to Twitter Blue. I haven’t.
— Stephen King (@StephenKing) April 20, 2023
My Twitter account says I’ve given a phone number. I haven’t.
ഇവർക്കു പുറമെ സ്റ്റാര്‍ ട്രെക്ക് ടെലിവിഷന്‍ സീരീസ് ഫ്രാഞ്ചൈസിയിലെ താരമായ വില്ല്യം ഷാറ്റ്‌നറുടെ ബ്ലൂ ടിക്കിനുള്ള പ്രതിമാസ വരിസംഖ്യയും താൻ അടയ്ക്കുമെന്ന് മസ്ക് വ്യക്തമാക്കി. ഇന്ത്യയിൽ ഐഒഎസ് ആപ്പിൽ ട്വിറ്ററിന്റെ ബ്ലൂ ടിക്കിനുള്ള പ്രതിമാസ വരിസംഖ്യ 900 രൂപയാണ്. ആൻഡ്രോയ്ഡ് ഉപഭോക്താക്കൾക്കും ഇതു തന്നെ നിരക്ക്. അതേസമയം, വെബ്ബിൽ ഇത് പ്രതിമാസം 650 രൂപയാണ്.
ബ്ലൂ ടിക്ക് നിലനിര്‍ത്താൻ നിര്‍ബന്ധിക്കപ്പെടുന്നതായി വില്ല്യം ഷാറ്റ്‌നര്‍ കഴിഞ്ഞമാസം പരാതി ഉന്നയിച്ചിരുന്നു. ബ്ലൂ ടിക്കുമായി ബന്ധപ്പെട്ട് സ്റ്റീഫൻ കിങ്ങും ട്വീറ്റ് ചെയ്തിരുന്നു. ‘എന്റെ ട്വിറ്റർ അക്കൗണ്ട് പറയുന്നത് ഞാൻ ബ്ലൂ ടിക് സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് എന്നാണ്. എന്നാൽ ഞാൻ ചെയ്തിട്ടില്ല. ഞാൻ ഫോണ്‍ നമ്പർ നൽകിയിട്ടുണ്ടെന്നും പറയുന്നു. എന്നാൽ ഞാൻ അതും നൽകിയിട്ടില്ല.’ എന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. ഇതിനു മറുപടിയായി, ‘നിങ്ങൾക്ക് സ്വാഗതം, നമസ്തേ’ എന്ന് കൂപ്പുകൈകളുമായുള്ള ഇമോജി സഹിതം മസ്ക് മറുപടിയും നൽകി.