കണ്ണൂര്‍: പാനൂരിലെ മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സി.പി.എം ലോക്കല്‍ കമ്മിറ്റിയില്‍. കേസിലെ പത്താംപ്രതി പുല്ലൂക്കരയിലെ പി.പി ജാബിറിനെയാണു പെരിങ്ങളം ലോക്കല്‍ കമ്മിറ്റിയിലേക്കു തെരഞ്ഞെടുത്തത്. നിലവില്‍ ഇയാള്‍ ഒളിവിലാണ്. നേരത്തെ സി.പി.എം വള്ളുകണ്ടി ബ്രാഞ്ച് സെക്രട്ടറിയായിരുന്നു ജാബിര്‍.
പാനൂരിലെ മുസ്ലീം ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ സി.പി.എമ്മിനു പങ്കില്ലെന്ന് ആവര്‍ത്തിക്കുന്നതിനിടെയാണു കേസിലെ പ്രതിക്ക് പാര്‍ട്ടി സ്ഥാനങ്ങള്‍ നല്‍കിയിരിക്കുന്നത്. നിയമസഭാ വോട്ടെടുപ്പ് ദിവസമായ ഏപ്രില്‍ ആറിന് രാത്രിയാണ് മന്‍സൂര്‍ കൊല്ലപ്പെട്ടത്. കൂത്തുപറമ്പ് മണ്ഡലത്തിലെ ബൂത്ത് ഏജന്റ് ആയിരുന്ന മന്‍സൂറിന്റെ സഹോദരന്‍ മുഹ്സിനെ ലക്ഷ്യമിട്ടുള്ള സി.പി.എം. ആക്രമണമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
ബോംബേറില്‍ ഗുരുതരമായി പരിക്കേറ്റ മന്‍സൂറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വോട്ടെടുപ്പിനു ശേഷം രാത്രി 8 മണിയോടെ മന്‍സൂറിനും സഹോദരനും നേരെ ആക്രമണമുണ്ടായത്. സഹോദരന്‍ മുഹ്സിനെ ആക്രമിക്കുന്നത് ചോദ്യം ചെയ്യാന്‍ എത്തിയപ്പോഴാണ് മന്‍സൂര്‍ കൊലപ്പെടുന്നത്.