ചെന്നൈ:മലയാള സിനിമയിലുൾപ്പെടെ വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് മൻസൂർ അലി ഖാൻ. തൊണ്ണൂറുകളിലാണ് മൻസൂർ സിനിമയിലെത്തുന്നത്. നെഗറ്റീവ് റോളുകൾക്ക് പുറമേ സഹനടനായും മൻസൂർ സിനിമയിൽ തിളങ്ങിയിട്ടുണ്ട്. ഒരുകാലത്ത് ക്രൂരനായ വില്ലൻ എന്ന് പറഞ്ഞാൽ തെന്നിന്ത്യൻ സിനിമ പ്രേക്ഷകരുടെ മനസിലേക്ക് ആദ്യം ഓടിയെത്തുക മുഖം മൻസൂറിന്റെതായിരുന്നു. വില്ലൻ വേഷങ്ങൾ ചെയ്യുമ്പോഴും അതിൽ കോമഡി കൊണ്ട് വരാൻ കഴിയുന്ന നടന്മാരിൽ ഒരാളാണ് മൻസൂർ അലി ഖാൻ.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി ഇതിനകം 250ൽ അധികം ചിത്രങ്ങളിൽ മൻസൂർ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ മൻസൂർ അലി ഖാൻ അഭിനയിച്ച് ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമ സത്യം ശിവം സുന്ദരമാണ്. ഓൺ സ്‌ക്രീനിൽ വില്ലനായ മൻസൂർ അലി ഖാന്റെ ഓഫ് സ്ക്രീൻ ജീവിതം നിരവധി വിവാദങ്ങൾ നിറഞ്ഞതാണ്. പല തവണ ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട് തരം. എങ്കിലും അതൊന്നും നടന്റെ കരിയറിനെ തെല്ലും ബാധിച്ചിട്ടില്ല.
ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിജയ് ചിത്രം ലിയോ ആണ് മൻസൂർ അലി ഖാന്റെതായി ഇനി റിലീസിന് ഒരുങ്ങുന്നത്. ചിത്രത്തിലെ സുപ്രധാന വേഷങ്ങളിൽ ഒന്നാണ് നടൻ അവതരിപ്പിക്കുന്നത് എന്നാണ് വിവരം. മൻസൂർ അലി ഖാനെ നായകനാക്കിയാണ് താൻ കൈതി എഴുതിയതെന്ന് സംവിധായകൻ ലോകേഷ് കനകരാജ് മുൻപൊരിക്കൽ വെളിപ്പെടിത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ശക്തമായ ഒരു കഥാപാത്രം തന്നെയാകും ചിത്രത്തിലേത് എന്നാണ് സൂചന.
സിനിമയുടെ റിലീസിന് മുൻപ് തന്നെ ധാരാളം അഭിമുഖങ്ങളിൽ നടൻ എത്തുന്നുണ്ട്. അടുത്തിടെ തമിഴിലെ ഒരു പ്രമുഖ യൂട്യൂബ് ചാനൽ മൻസൂർ അലി ഖാന് വേണ്ടി ഫാൻസ് മീറ്റ് സംഘടിപ്പിച്ചിരുന്നു. തന്റെ സിനിമാ ജീവിതത്തെ കുറിച്ചും മറ്റും മൻസൂർ ആ പരിപാടിയിൽ സംസാരിക്കുകയുണ്ടായി. ഒപ്പം ആരാധകരുടെ ചില ചോദ്യങ്ങൾക്കും മറുപടി നൽകി. അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇപ്പോൾ ശ്രദ്ധനേടുകയാണ്.
ക്യാപ്റ്റൻ പ്രഭാകരൻ, തായകം തുടങ്ങിയ നിരവധി സിനിമകളിൽ വിജയകാന്തിന്റെ വില്ലനായി എത്തിയിട്ടുണ്ട് മൻസൂർ അലി ഖാൻ, വിജയകാന്തിന്റെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണം അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനമാണെന്ന് പറഞ്ഞുകൊണ്ടാണ് മൻസൂർ അലി ഖാൻ തുടങ്ങിയത്. സ്റ്റേജിൽ ഗ്ലിസറിൻ ഇടാതെ കരയുമോ എന്ന് ഒരു ആരാധകൻ ചോദിച്ചപ്പോൾ താൻ കണ്ണിൽ ഗ്ലിസറിൻ ഇടാറില്ലെന്നും ഗ്ലിസറിൻ ഉപയോഗിച്ച് കണ്ണ് കളയാൻ താനില്ലെന്നുമാണ് നടൻ പറഞ്ഞത്.
ലോകേഷ് കനകരാജ് നിങ്ങളുടെ വലിയ ആരാധകനാണെന്ന് ഒരിക്കൽ പറയുകയുണ്ടായി, അത് കേട്ടപ്പോൾ എന്താണ് തോന്നിയതെന്ന ചോദ്യത്തിന്, അദ്ദേഹത്തിന് തന്റെ പേര് പറയേണ്ട ആവശ്യമില്ലായിരുന്നു എങ്കിലും അത് പറഞ്ഞതിന് നന്ദി എന്നാണ് നടൻ പറഞ്ഞത്. സിനിമകളിലെ സംഘടന രംഗങ്ങളിൽ ഒരുപാട് താരങ്ങളെ എടുത്തെറിയുകയും മറ്റും ചെയ്തിട്ടുണ്ട് മൻസൂർ അലി ഖാൻ. അതേക്കുറിച്ച് ചോദിച്ചപ്പോൾ, താൻ അത് ഇപ്പോൾ മിസ് ചെയ്യുന്നുണ്ട് എന്നായിരുന്നു നടന്റെ മറുപടി. ഇത് പറഞ്ഞതിൽ പരിഭ്രാന്തി ഉണ്ടെന്നും നടൻ പറഞ്ഞു.
വില്ലന്മാർ നടിമാരുടെ വസ്ത്രം അഴിക്കുന്നത് പോലെയുള്ള രംഗങ്ങൾ എങ്ങനെ ചിത്രീകരിക്കും എന്ന് ചോദിച്ച ആരാധകനോട് രമ്യാ കൃഷ്ണൻ, വിനിത തുടങ്ങിയ നായികമാർക്ക് ഒപ്പമാണ് താൻ അത്തരം രംഗങ്ങൾ ചെയ്തിട്ടുള്ളതെന്ന് മൻസൂർ പറഞ്ഞു. ‘സാരി അഴിച്ച് ഞാൻ അവരെ കട്ടിലിലേക്ക് എറിയും. ചിലപ്പോൾ ഒറ്റ ടേക്കിൽ ശരിയാകില്ല. ഒരു ടേക്കിൽ ഓക്കെ ആയില്ലെങ്കിലും ഭാഗ്യം, പക്ഷേ സംവിധായകൻ വന്ന് ശകാരിക്കും. സീൻ കഴിയുമ്പോൾ, സോറി പെങ്ങളെ, എന്ന് പറഞ്ഞ് ഞാൻ പോകും’, മൻസൂർ അലി ഖാൻ പറഞ്ഞു.
മൻസൂർ അലി ഖാന്റെ മറുപടി ആരാധകരെ അമ്പരപ്പിച്ചു. അതേസമയം ഒക്ടോബറിലാണ് ലിയോ തിയേറ്ററുകളിൽ എത്തുക. തൃഷയാണ് ചിത്രത്തിലെ നായിക. സഞ്ജയ് ദത്ത്, അർജുൻ, ഗൗതം വാസുദേവ് മേനോൻ, ബാബു ആന്റണി, പ്രിയ ആനന്ദ് തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്.