എഴുത്തുകാരന്‍ മനോജ് നായരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
കൊച്ചി: പ്രശസ്ത കലാവിമര്‍ശകനും എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമായ മനോജ് നായരെ (50) മരിച്ച നിലയില്‍ കണ്ടെത്തി. ഫോര്‍ട്ട് കൊച്ചിയിലെ തന്റെ വാടക വീട്ടില്‍ ശനിയാഴ്ച ഉച്ചയോടെയാണ് അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്നു ദിവസത്തോളം പഴക്കമുണ്ട്. തൃശ്ശൂര്‍ ഇരിങ്ങാലക്കുട സ്വദേശിയായ അദ്ദേഹം ഫോര്‍ട്ട് കൊച്ചിയിലാണ് താമസിക്കുന്നത്.
വീട്ടുടമസ്ഥനാണ് ശനിയാഴ്ച ഉച്ചക്ക് മനോജിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്നുദിവസം മുമ്പ് കണ്ടപ്പോള്‍ നല്ല സുഖമില്ലെന്ന് പറഞ്ഞിരുന്നു. മരുന്നുവാങ്ങാന്‍ താന്‍ നിര്‍ദേശിച്ചെങ്കിലും മനോജ് നിരാകരിച്ചു. വെള്ളിയാഴ്ച മനോജിനെ വിളിച്ചപ്പോള്‍ മൊബൈല്‍ സ്വിച്ച് ഓഫായിരുന്നു. ശനിയാഴ്ച രാവിലെ 11.30ന് വീണ്ടും വിളിച്ചപ്പോഴും കിട്ടാതെ വന്നപ്പോഴാണ് നേരിട്ടെത്തിയത്. അകത്ത് കയറി നോക്കിയപ്പോള്‍ കട്ടിലില്‍ മരിച്ചനിലയില്‍ കാണുകയായിരുന്നുവെന്ന് വീട്ടുടമസ്ഥന്‍ അറിയിച്ചു.
എന്നാല്‍ മരണത്തില്‍ ദുരൂഹത ഇല്ലെന്ന് പോലീസ് വ്യക്തമാക്കി. ശരീരത്തില്‍ മുറിവോ മറ്റ് പരിക്കുകളോ ശരീരത്തില്‍ ഇല്ലെന്നും പോലീസ് പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടം ഉള്‍പ്പെടെയുള്ള നടപടികള്‍ക്ക് ശേഷമേ മരണകാരണം വ്യക്തമാക്കുകയുള്ളൂ.നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും. അസ്വാഭാവിക മരണത്തിന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.