ക്രിസ്മസ് മാസത്തില്‍ ബെത്‌ലഹേം സന്ദര്‍ശിച്ച് മലയാളികളുടെ പ്രിയ താരം മഞ്ജുവാര്യര്‍. ബെത്‌ലഹേമിലെ തെരുവുകളിലൂടെ ഡംഗ്രീസും സണ്‍ഗ്ലാസും വച്ച് മഞ്ജുവാര്യര്‍ നടക്കുന്നതിന്റേയും മെഴുകുതിരി കത്തിച്ച് പ്രാര്‍ഥിക്കുന്നതിന്റേയും ദൃശ്യങ്ങൾ നടനും അവതാരകനുമായ ആര്‍.ജെ മിഥുനാണ് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവച്ചിരിക്കുന്നത്.‘മഞ്ജു ഇൻ ബത്‌ലഹേം’ എന്ന അടിക്കുറിപ്പോടെയാണ് മിഥുൻ വീഡിയോ പങ്കുവച്ചത്. മിഥുന് നന്ദി പറഞ്ഞുകൊണ്ട് മഞ്ജുവാര്യരും വിഡിയോ പങ്കുവച്ചിട്ടുണ്ട്.
ബത്‌ലഹേമിലെ വീഥികളിലൂടെ കൊച്ചു കുട്ടിയെ പോലെ നടന്നു പോകുന്ന മഞ്ജുവിനെ വീഡിയോയിൽ കാണാം. ‘നിങ്ങൾ എവിടെയായിരുന്നാലും, എല്ലാവരും അവിടെ ഉണ്ടായിരിക്കുക’, എന്നാണ് വീഡിയോ പങ്കുവച്ച് നടി കുറിച്ചത്. വീഡിയോ പുറത്തുവന്നതിന് പിന്നാലെ കമന്റുകളുമായി ആരാധകരും രംഗത്തെത്തി. ‘സമ്മർ ഇൻ ബത്‌ലഹേമിലെ ആമി കുട്ടി, ഡെന്നിസ് എവിടെ, അന്നും ഇന്നും എന്നും ഇഷ്ടം, നിങ്ങളുടെ സന്തോഷം കാണുമ്പോ എപ്പോഴും മനസ്സിൽ വളരെ സന്തോഷം തോന്നും. എല്ലാം തീർന്നിടത്തൂന്ന് തുടങ്ങിയ വിജയം കാണുമ്പോളുള്ള സന്തോഷം’എന്നിങ്ങനെ പോകുന്നു കമന്റുകൾ.
ഉണ്ണിയേശു പിറന്ന ബെത്‌ലഹേമിലെ കാലിത്തൊഴുത്തിനെക്കുറിച്ച് പറയാത്ത അധികം ക്രിസ്മസ് കരോള്‍ ഗാനങ്ങളുണ്ടാവില്ല. ജറുസലേമില്‍ നിന്നു പത്തു കിലോമീറ്റര്‍ അകലെയുള്ള കൊച്ചു ഗ്രാമമായ ബെത്‌ലഹേമിന്റെ പ്രാധാന്യവും പ്രസിദ്ധിയും ബൈബിളിനേയും യേശുവിനേയും ചുറ്റിപ്പറ്റിയാണ്. വിശ്വാസികള്‍ അടക്കമുള്ള നിരവധി സഞ്ചാരികളാണ് ബെത്‌ലഹേം സന്ദര്‍ശിക്കാറ്. കരോള്‍ ഗാനത്തിന്റെ പശ്ചാത്തല സംഗീതവുമായാണ് മഞ്ജു വാര്യരുടെ വിഡിയോ മിഥുന്‍ പങ്കുവച്ചിരിക്കുന്നത്.
അതേസമയം, തുനിവ് എന്ന തമിഴ് ചിത്രമാണ് മഞ്ജു വാര്യരുടേതായി റിലീസിനൊരുങ്ങുന്നത്. അജിത്ത് നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് എച്ച് വിനോദ് ആണ്. ചിത്രം അടുത്ത വർഷം ജനുവരിയിൽ പൊങ്കൽ റിലീസായി തിയറ്ററുകളിൽ എത്തും.
ഇന്തോ-അറബിക് ചിത്രം ‘ആയിഷ’യും മഞ്ജുവിന്റേതായി റിലീസിന് ഒരുങ്ങുന്നുണ്ട്. ജനുവരി 20ന് ചിത്രം ലോകമൊമ്പാടുമുള്ള തിയറ്ററുകളിൽ പ്രദർശനത്തിന് എത്തും. 7 ഭാഷകളിലായി ഒരുങ്ങുന്ന ചിത്രമാണ് ‘ആയിഷ’. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ്, അറബിക് ഭാഷകളിലും ചിത്രം പുറത്തിറങ്ങും. ആഷിഫ് കക്കോടിയാണ് ചിത്രത്തിന്‍റെ രചന. ആമിർ പള്ളിക്കൽ ആണ് സംവിധാനം.