EntertainmentKeralaNews

‘എനിക്കാരും ഓണക്കോടി തരാനില്ല; കണ്ണ് നിറഞ്ഞ് കൊണ്ട് മഞ്ജു വാര്യർ; എന്റെയും കണ്ണ് നിറഞ്ഞു’

കൊച്ചി:മലയാളികൾക്ക് മഞ്ജു വാര്യർ നടി എന്നതിപ്പുറം ആരാധനയോടെ കാണുന്ന വ്യക്തിത്വമാണ്. മഞ്ജുവിനോളം മറ്റൊരു നടിയെയും മലയാളികൾ സ്നേ​ഹിച്ചിട്ടില്ല. കടന്ന് വന്ന പ്രതിസന്ധികളെക്കുറിച്ചൊന്നും പരാതിപ്പെടാതെ ഒരു ചിരിയോടെ മാത്രം എല്ലാവരുടെയും മുന്നിലെത്തുന്ന മഞ്ജു പലപ്പോഴും ആരാധകർക്ക് വിസ്മയമാണ്. മുപ്പത് പിന്നിട്ട സ്ത്രീകൾക്ക് മഞ്ജു വാര്യർ നൽകുന്ന ഊർജം ചെറുതല്ല.

ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടെ 15 വർഷത്തിന് ശേഷം നടി തിരിച്ചെത്തിയപ്പോൾ സിനിമാ ലോകം ആഘോഷമാക്കി. സ്ത്രീ പ്രേക്ഷകരെ സംബന്ധിച്ച് ആ സിനിമയിലെ മഞ്ജുവിന്റെ ഒരു ഡയലോ​ഗാണ് മനസ്സിൽ പതിഞ്ഞത്. ആരാണ് ഒരു സ്ത്രീയുടെ സ്വപ്നങ്ങൾക്ക് കാലാവധി നിശ്ചയിക്കുന്നത് എന്ന ഡയലോ​ഗായിരുന്നു ഇത്.

Manju Warrier

നഷ്ടപ്പെട്ടിടത്ത് നിന്നും സ്വപ്നങ്ങൾ ഓരോന്നായി വീണ്ടെടുക്കുന്നത് മഞ്ജു വാര്യർ സ്വന്തം ജീവിതത്തിൽ കാണിച്ച് തന്നു. ഇന്ന് ഡാൻസും ബൈക്ക് റൈഡി​ഗും യാത്രകളുമാെക്കെയായി ജീവിതം ആസ്വദിക്കുകയാണ് മഞ്ജു വാര്യർ. മലയാളത്തിന് പുറമെ മറ്റ് ഭാഷകളിൽ നിന്നും കൈ നിറയെ അവസരങ്ങൾ ലഭിക്കുന്നു. മഞ്​ജു വാര്യരുമായുള്ള സൗഹൃദത്തെക്കുറിച്ച് നടനും നിർമാതാവുമായ മണിയൻ പിള്ള രാജു പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

മഞ്ജുവിന്റെ ശ്രദ്ധേയ സിനിമകളിലൊന്നായ കണ്ണെഴുതി പൊട്ടും തൊട്ട് എന്ന സിനിമ നിർമ്മിച്ചത് മണിയൻ പിള്ള രാജുവാണ്. അന്ന് മുതൽ ഇരുവരും അടുത്ത സുഹൃത്തുക്കളാണ്. മഞ്ജുവിന് എല്ലാ വർഷവും താൻ ഓണക്കോടി എത്തിക്കാറുണ്ടെന്ന് മണിയൻ പിള്ള രാജു വ്യക്തമാക്കി. മുമ്പൊരിക്കൽ കൗമുദിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Maniyanpilla Raju, Manju Warrie

പാവാട എന്ന സിനിമയിൽ മഞ്ജു അഭിനയിച്ചിട്ടുണ്ട്. തമിഴ്നാട്ടിൽ ഒരു സിനിമയിൽ അഭിനയിച്ച് രാത്രി നേരെ പാവാടയുടെ ലൊക്കേഷനിൽ വന്നു. രാവിലെ ആറ് മണിക്ക് ഷൂട്ട് കഴിഞ്ഞ് വീണ്ടും തമിഴ്നാട്ടിലേക്ക് പോയി. പ്രതിഫലം കൊടുത്തിട്ടും മഞ്ജു വാങ്ങിയില്ല. ആ വർഷം ഞാൻ ഓണക്കോടി കൊണ്ടുകൊടുത്തു. അവരുടെ കണ്ണ് നിറഞ്ഞു. എനിക്കാരും ഓണക്കോടി വാങ്ങിച്ച് തരാനില്ലെന്ന് പറഞ്ഞു. എന്റെയും കണ്ണ് നിറഞ്ഞ് പോയി.

അന്ന് മുതൽ മുടങ്ങാതെ ഞാൻ ഓണക്കോടി നൽകും. മഞ്ജു എവിടെയുണ്ടോ അവിടെ ഞാൻ കൊറിയർ അയച്ച് കൊടുക്കും. ഓണക്കോടി ധരിച്ച് ഫോട്ടോ എടുത്ത് എന്റെ ഭാര്യക്ക് അയക്കുമെന്നും മണിയൻ പിള്ള രാജു വ്യക്തമാക്കി. മഞ്ജുവിന്റെ കാര്യത്തിൽ എവിടെ ചെന്നാലും ശ്രദ്ധ കൊടുക്കും. സാധാരണ നടിമാരുടെ കൂടെ സഹായികളായി പതിനേഴ് പോരോളമാണ് വരുന്നത്. പക്ഷെ മഞ്ജുവിന്റെ കൂടെ ആരും ഇല്ല. എല്ലാ കാര്യങ്ങളും സ്വന്തമായി ചെയ്യും. ഒറ്റയ്ക്ക് ജീവിച്ച് സ്ട്രോങായ ആളാണ്.

കണ്ണെഴുതി പൊട്ടും തൊട്ടിൽ മഞ്ജു അഭിനയിക്കുമ്പോൾ ആ മുഖത്തെ ഭാവങ്ങൾ കാണാൻ ക്യാമറയുടെ അരികിൽ പോയി നോക്കുമായിരുന്നു.​ ഗംഭീര ആർട്ടിസ്റ്റാണ് മഞ്ജു വാര്യർ എന്നും മണിയൻപിള്ള രാജു ചൂണ്ടിക്കാട്ടി. ആയിഷ, വെള്ളരിപട്ടണം എന്നിവയാണ് മഞ്ജുവിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ മലയാള സിനിമകൾ. തമിഴിൽ തുനിവ് എന്ന സിനിമയും റിലീസ് ചെയ്തു.

അജിത്ത് കുമാറിനൊപ്പമാണ് തുനിവിൽ നടി അഭിനയിച്ചത്. തമിഴിൽ നിന്നും നടിക്ക് നിരവധി സിനിമകൾ വരുന്നുണ്ട്. മിസ്റ്റർ എക്സാണ് താരത്തിന്റെ ചിത്രീകരണം നടന്ന് കൊണ്ടിരിക്കുന്ന തമിഴ് സിനിമ. ആര്യ, ​ഗൗതം കാർത്തിക്ക് എന്നിവരാണ് മിസ്റ്റർ എക്സിലെ മറ്റ് പ്രധാന താരങ്ങൾ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button