ഇംഫാല്‍: മണിപ്പൂരിൽ ഗോത്രവർഗക്കാരും മെയ്തേയ് സമുദായവും തമ്മിലുള്ള സംഘർഷത്തെ തുടർന്ന് ചുരാചന്ദ്പൂരിൽ പുറപ്പെടുവിച്ച കർഫ്യൂ ഭാഗികമായി പിൻവലിച്ചു. മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് പങ്കുവെച്ച വിജ്ഞാപനപാത്തിലാണ് കർഫ്യൂ ഭാഗികമായി പിൻവലിച്ചതായി അറിയിച്ചത്.
സംഘർഷം അയഞ്ഞ സാഹചര്യത്തിൽ ആളുകൾക്ക് മരുന്നും മറ്റ് അവശ്യസാധനങ്ങളും വാങ്ങുന്നതിലേക്കായി ഞായറാഴ്ച രാവിലെ 7 മുതൽ 10 വരെ കർഫ്യൂ പിൻവലിച്ചതായാണ് ഉത്തരവ്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്ന് മുതൽ അഞ്ച് വരെ രണ്ട് മണിക്കൂർ കർഫ്യൂവിന് ഇളവ് നൽകിയിരുന്നു.
“സംസ്ഥാന സർക്കാരും വിവിധ തല്പരകക്ഷികളും തമ്മിലുള്ള ചർച്ചകൾക്ക് ശേഷം, ചുരാചന്ദ്പൂർ ജില്ലയിൽ ക്രമസമാധാന നില മെച്ചപ്പെടുന്ന സാഹചര്യത്തിൽ കർഫ്യൂ ഭാഗികമായി പിൻവലിക്കുന്നതിൽ സന്തോഷമുണ്ട്”- വിജ്ഞാപനത്തിന്റെ പകർപ്പ് പങ്കിട്ടുകൊണ്ട് മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് രാത്രി ട്വീറ്റ് ചെയ്തു.
മെയ് മൂന്ന് മുതലാണ് കർഫ്യൂ ഏർപ്പെടുത്തിയത്. സംസ്ഥാനത്ത് തുടർന്നുകൊണ്ടിരിക്കുന്ന കലാപത്തിൽ 54 ഓളം പേർ കൊല്ലപ്പെടുകയും ഇതുവരെ ആയിരക്കണക്കിന് ആളുകളെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തു. നിലവിലെ ക്രമസമാധാന നില വിലയിരുത്തി തുടർന്നുള്ള ഇളവുകൾ അവലോകനം ചെയ്യുകയും അറിയിക്കുകയും ചെയ്യുമെന്ന് ചുരാചന്ദ്പൂർ ജില്ലാ മജിസ്‌ട്രേറ്റ് ശരത് ചന്ദ്ര അരോജു പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ പറഞ്ഞു.
പട്ടികവർഗ (എസ്‌ടി) പദവിക്കായുള്ള മെയ്‌തേയ് സമുദായത്തിന്റെ ആവശ്യത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ പത്ത് മലയോര ജില്ലകളിൽ ‘ആദിവാസി ഐക്യദാർഢ്യ മാർച്ച്’ സംഘടിപ്പിച്ചതിന് പിന്നാലെയാണ് സംഘർഷമുണ്ടായതെന്ന് വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു.