ഇംഫാൽ∙ മണിപ്പുരിൽ ഗവർണറെ കാണാൻ എത്തിയ മുഖ്യമന്ത്രി ബിരേൻ സിങ്ങിനെ തടഞ്ഞ് അനുയായികൾ. രാജിസന്നദ്ധത അറിയിക്കാനാണ് ഗവർണറെ കാണുന്നതെന്നു വാർത്ത വന്നതോടെയാണ് അണികൾ രാജിവയ്ക്കരുതെന്ന് ആവശ്യപ്പെട്ട് ബിരേൻ സിങ്ങിനെ തടഞ്ഞത്. രാജിവയ്ക്കില്ലെന്ന് അണികളോട് ബിരേൻ സിങ് പറഞ്ഞതായാണ് ഒടുവിൽ പുറത്തുവരുന്ന വിവരം. രാജിവയ്ക്കുന്നത് ഒഴിവാക്കാൻ ബിരേൻ സിങ്ങിന്റെ സമ്മർദ തന്ത്രമാണോ എന്നും സംശയമുണ്ട്.
ഇതിനിടെ, മണിപ്പുരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയേക്കുമെന്നുള്ള റിപ്പോർട്ടുകളും പുറത്തുവന്നു. ഇംഫാലിൽ നാളെ പുലർച്ചെ വരെ കർഫ്യൂ ഏർപ്പെടുത്തി.
എന്നാൽ ബിരേൻ സിങ്ങിന്റെ രാജി ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് കുക്കി വിഭാഗം. മെയ്തെയ് ഗോത്രത്തിലെ ഒരു വിഭാഗത്തിനും ബിരേൻ സിങ്ങിനോടു താൽപര്യമില്ല. മണിപ്പുരിൽ സംഘർഷം നിയന്ത്രിക്കാൻ സാധിക്കാതെ വന്നതോടെയാണു രാജിനീക്കം. കേന്ദ്ര സർക്കാർ ഇടപെട്ടിട്ടും കലാപം നിയന്ത്രിക്കാൻ സാധിക്കാത്ത സാഹചര്യമാണ്.
ഇതിനിടെ, മണിപ്പുർ സന്ദര്‍ശനം നടത്തുന്ന കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മൊയ്‌രാങ്ങിലെ ദുരിതാശ്വാസ ക്യാംപുകള്‍ സന്ദര്‍ശിച്ചു. ഇന്നു രാവിലെ ഇംഫാലില്‍നിന്ന് ഹെലികോപ്റ്ററിലാണ് മൊയ്‌രാങ്ങിലെത്തിയത്. നേരത്തെ റോഡ് മാര്‍ഗം പോകാനായിരുന്നു പദ്ധതിയെങ്കിലും സുരക്ഷ കണക്കിലെടുത്ത് യാത്ര ഹെലികോപ്റ്ററിലാക്കി. തന്റേത് രാഷ്ട്രീയ യാത്രയല്ലെന്നും സമാധാനയാത്രയാണെന്നും രാഹുൽ പറഞ്ഞു. രാവിലെ മെയ്തെയ് ദുരിതാശ്വാസ ക്യാംപിലെത്തിയ രാഹുൽ ഗാന്ധിക്ക് ആയിരക്കണക്കിന് സ്ത്രീകളടങ്ങുന്ന ജനക്കൂട്ടം വൻ വരവേൽപ് നൽകി.
സംഘടന ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലും ഒപ്പമുണ്ട്. റോഡ് മാര്‍ഗം പുറപ്പെടാന്‍ അനുമതി ലഭിച്ചില്ലെന്നും സര്‍ക്കാര്‍ ഇല്ല എന്നതാണ് മണിപ്പുര്‍ നേരിടുന്ന പ്രതിസന്ധിയെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.