കൊച്ചി:മണിപ്പുരിൽ രണ്ടു സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവത്തിൽ നടൻ സുരാജ് വെഞ്ഞാറമൂടിന്റെ പ്രതികരണം വലിയ വാർത്തയായിരുന്നു. മണിപ്പൂർ അസ്വസ്ഥതയുണ്ടാക്കുന്നു എന്നായിരുന്നു സുരാജിന്റെ പ്രതികരണം.
ഫെയ്സ്ബുക്കിലൂടെയാണു സുരാജ് പ്രതികരിച്ചത്. എന്നാൽ പിന്നീട് ഇതേ ഫെയ്സ്ബുക്ക് പോസ്റ്റ് അദ്ദേഹം നീക്കം ചെയ്തുവെന്നും ആരോപണം ഉയർന്നിരുന്നു. ഇതേ തുടർന്ന് അദ്ദേഹത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ വലിയ വിമർശനവും ഉടലെടുത്തു.
എന്നാൽ പോസ്റ്റ് താൻ നീക്കം ചെയ്തതല്ലെന്നും ഫെയ്സ്ബുക്ക് കമ്യൂണിറ്റി സ്റ്റാൻഡേർഡ് നിയമപ്രകാരം ഫെയ്സ്ബുക്ക് അധികൃതർ തന്നെ നീക്കം ചെയ്തതാണെന്നും വിശദീകരിച്ച് സുരാജ് തന്നെ രംഗത്തെത്തിയിരിക്കുന്നു.
‘‘മണിപ്പൂരിലെ സംഭവം ആയി ബന്ധപെട്ടു അല്പം മുൻപ് പങ്കുവച്ച പോസ്റ്റ് കമ്മ്യൂണിറ്റി സ്റ്റാൻഡേർഡിന് എതിരാണ് എന്ന കാരണത്താൽ ഫെയ്സ്ബുക്കും ഇൻസ്റ്റാഗ്രാമും നീക്കം ചെയ്യ്തതായി കാണുന്നു… ഷെയർ ചെയ്തവർ ശ്രദ്ധിക്കുമല്ലോ.’’–സുരാജ് പറഞ്ഞു.
‘‘മണിപ്പൂർ അസ്വസ്ഥതയുണ്ടാക്കുന്നു. അപമാനം കൊണ്ടു തല കുനിഞ്ഞുപോകുന്നു. ഇനിയും ഒരു നിമിഷം നീതി വൈകിക്കൂടാ’’– എന്നായിരുന്നു സുരാജ് ഫെയ്സ്ബുക്കിൽ കുറിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഒരു വാര്‍ത്തയുടെ സ്ക്രീൻഷോട്ടും സുരാജ് പങ്കുവച്ചിരുന്നു.
മണിപ്പുരിൽ കുക്കി വിഭാഗത്തിലെ രണ്ടു സ്ത്രീകളെയാണു നഗ്നരാക്കി റോഡിൽ കൂടി നടത്തുകയും കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തത്. സ്ത്രീകളെ നഗ്നരാക്കി നടത്തുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വിഡിയോയ്ക്കെതിരെ വലിയ രോഷമാണ് ഉയരുന്നത്.
തലസ്ഥാനമായ ഇംഫാലിൽനിന്ന് 35 കിലോമീറ്റർ മാറി കാൻഗ്പോക്പി ജില്ലയിൽ മേയ് നാലിനാണു സംഭവം നടന്നത്. വിഡിയോ പ്രചരിച്ചതിനു പിന്നാലെയാണു മാസങ്ങൾക്കു മുൻപു നടന്ന അതിക്രൂരമായ സംഭവത്തെക്കുറിച്ചുള്ള വിവരങ്ങൾ വെളിച്ചത്തുവന്നത്. സംഭവം നടക്കുന്ന ദിവസത്തിനു മുൻപ് മെയ്തെയ്, കുക്കി വിഭാഗങ്ങള്‍ തമ്മിൽ ഇവിടെ ഏറ്റുമുട്ടിയിരുന്നു.