ഇംഫാല്‍: മണിപ്പൂരില്‍ സംഘര്‍ഷം തുടരുന്നു. ഇംഫാലില്‍ ഉണ്ടായ വെടിവെയ്പ്പില്‍ പൊലീസുകാരന്‍ കൊല്ലപ്പെട്ടു. കലാപത്തില്‍ മരിച്ച 35 പേരുടെ മൃതദേഹങ്ങള്‍ കൂട്ട സംസ്‌കാരത്തിന് നിശ്ചയിച്ച ബിഷ്ണുപൂര്‍-ചൂരാചന്ദ്പൂര്‍ അതിര്‍ത്തിയിലുണ്ടായ സംഘര്‍ഷത്തില്‍ 17 പേര്‍ക്ക് പരിക്കേറ്റു.
ഇംഫാല്‍ താഴ്‌വരയില്‍ കര്‍ഫ്യൂവിന് നല്‍കിയ ഇളവുകള്‍ പിന്‍വലിച്ചു. ചിലയിടങ്ങളില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാനുള്ള നീക്കമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതിന് പിന്നാലെ കുക്കി വനിതാ സംഘടനകള്‍ പ്രകടനം നടത്തി. കാങ്‌പോക്പിയില്‍ നിന്ന് അസം റൈഫിള്‍സിനെ പിന്‍വലിക്കരുതെന്ന് ആവശ്യപ്പെട്ട് കുക്കി വനിതകളാണ് പ്രകടനം നടത്തിയത്.
അസം റൈഫിള്‍സിന്റെ സാന്നിധ്യം മേഖലയില്‍ ആക്രമണം കുറയാന്‍ കാരണമായെന്ന് കുക്കി സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ സേനയെ പിന്‍വലിക്കാനുള്ള തീരുമാനത്തിലാണ് അഭ്യന്തര മന്ത്രാലയമെന്നാണ് വിവരം.
ഫൗഗാക്ചാവോ ഇഖായ് പ്രദേശത്ത് 600 ഓളം പേര്‍ അനിയന്ത്രിതമായി ഒത്തുകൂടിയെന്നാരോപിച്ച് കണ്ണീര്‍ വാതകം പ്രയോഗിക്കുകയും 25 ലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയുമുണ്ടായി. ഇതിന് പുറമേ ജനം നിരവധി പ്രദേശങ്ങളിലെ പൊലീസ് സ്റ്റേഷനുകള്‍ ആക്രമിക്കുകയും ആയുധങ്ങളും വെടിക്കോപ്പുകളും തട്ടിയെടുത്തെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതിന് പുറമേ കൂട്രുക് മലനിരകളിലെ സംയുക്ത സുരക്ഷാ സേനയുടെ ഓപ്പറേഷനില്‍ ഏഴ് അനധികൃത ബങ്കറുകള്‍ നശിപ്പിച്ചതായും പറയുന്നു.