അഗര്‍ത്തല: ത്രിപുര (Tripura) മുഖ്യമന്ത്രിയായി മണിക് സാഹ (Manik Saha) സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാവിലെ പതിനൊന്നരയ്ക്കായിരുന്നു ചടങ്ങ്. ബിജെപി സംസ്ഥാന അധ്യക്ഷനും രാജ്യസഭ അംഗവുമാണ് നിലവിൽ മണിക് സാഹ. ഇന്നലെ ബിപ്ളവ്കുമാർ ദേബ് ദേശീയ നേതൃത്വത്തിന്‍റെ നിർദ്ദേശപ്രകാരം മുഖ്യമന്ത്രി സ്ഥാനം രാജിവച്ചിരുന്നു. നിയമസഭ തെരഞ്ഞെടുപ്പ് അടുത്ത വർഷം നടക്കുന്ന സാഹചര്യത്തിലാണ് ബിജെപി നേതൃമാറ്റം നടപ്പാക്കി മുഖം മിനുക്കാൻ ശ്രമിക്കുന്നത്.
തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയാണ് ബിപ്ളവ് കുമാർ ദേബിനോട് മുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കാന്‍ പാര്‍ട്ടി നേതൃത്വം ആവശ്യപ്പെട്ടത്. പാർട്ടിയിലെ എതിർപ്പും ഭരണത്തിനെതിരായ ജനവികാരവും പരിഗണിച്ചാണ് തീരുമാനം. ദില്ലിയിലേക്ക് വിളിപ്പിച്ച് വരുത്തി അമിത് ഷായാണ് നേതൃമാറ്റത്തിനുള്ള തീരുമാനം ബിപ്ളവ് ദേബിനെ അറിയിച്ചത്. ഇന്നലെ വൈകീട്ട് നാല് മണിക്കാണ് ബിപ്ളവ്കുമാർ ദേബ് ഗവർണ്ണർ എസ്എൻ ആര്യയെ കണ്ട് ദേബ് രാജി നല്‍കി. പദവിയല്ല പാർട്ടിയാണ് വലുതെന്ന് ദേബ് പ്രതികരിച്ചു. ത്രിപുരയിലെ ജനങ്ങളുടെ വികസനത്തിനായുള്ള ശ്രമം തുടരും എന്ന് ദേബ് പറഞ്ഞു.
Agartala | Manik Saha takes oath as the Chief Minister of Tripura pic.twitter.com/Tdpg8XxLiu
— ANI (@ANI) May 15, 2022
ഇന്ത്യയിലെ വലിയ അട്ടിമറികളിലൊന്നാണ് 2018 ല്‍ ബിജെപി ത്രിപുരയിൽ നടപ്പാക്കിയത്. സംസ്ഥാനത്ത് ചെങ്കൊടി താഴ്ത്തി താമര വിരിയിക്കാനുള്ള നീക്കത്തിൽ മുന്നിലുണ്ടായിരുന്നത് ബിപ്ളവ് കുമാർ ദേബ് എന്ന നാല്പത്തിയേഴുകാരന്‍ ആയിരുന്നു. എന്നാൽ ത്രിപുര മുഖ്യമന്ത്രി എന്ന നിലയ്ക്കുള്ള ബിപ്ളവ് കുമാർ ദേബിന്‍റെ യാത്ര കാറും കോളും നിറഞ്ഞതായിരുന്നു. ദേബിനെ മാറ്റണമെന്ന് 12 എംഎല്‍എമാർ കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ടു. രണ്ട് പേർ രാജിക്കത്ത് കേന്ദ്ര നേതാക്കൾക്ക് അയച്ചു. സഖ്യകക്ഷിയായ ഐപിഎഫ്ടിയുമായും ബിപ്ളവ് തെറ്റി. കഴിഞ്ഞ നവംബറിൽ നടന്ന തദ്ദേശ ഭരണ തെരഞ്ഞെടുപ്പിൽ ബിജെപി എന്നാൽ വൻ വിജയം നേടിയതോടെ ബിപ്ളവ് ദേബ് തുടരും എന്നായിരുന്നു വിലയിരുത്തൽ. എന്നാൽ അടുത്ത വർഷം നടക്കേണ്ട നിയമസഭ പോരാട്ടം ലക്ഷ്യമാക്കി തൃണമൂൽ കോൺഗ്രസ് വൻ നീക്കം സംസ്ഥാനത്ത് നടത്തുകയാണ്. ഇത് നേരിടാൻ ദേബിനാവില്ല എന്ന് പാർട്ടി വിലയിരുത്തി. മുഖം മാറ്റി ഭരണവിരുദ്ധവികാരം നേരിടുക എന്ന ഉത്തരാഖണ്ഡിലുൾപ്പടെ പരീക്ഷിച്ച തന്ത്രമാണ് ത്രിപുരയിലും ബിജെപി പുറത്തെടുക്കുന്നത്.