27.8 C
Kottayam
Wednesday, May 29, 2024

മണിരത്നത്തിന്റെ പൊന്നിയിന്‍ സെല്‍വന്റെ ഒടിടി അവകാശം ആമസോണിന്,കരാര്‍ റെക്കോഡ് തുകയ്ക്ക്

Must read

ചെന്നൈ: ഇതിഹാസ സാഹിത്യകാരന്‍ കല്‍ക്കിയുടെ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കി മണിരത്‌നം അണിയിച്ചൊരുക്കിയ ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിന്‍ സെല്‍വന്‍ ആദ്യഭാഗത്തിന്റെ ഒടിടി അവകാശം ആമസോണ്‍ പ്രൈം വീഡിയോയ്ക്ക്. 125 കോടി രൂപയ്ക്കാണ് കരാര്‍. ചിത്രത്തിന്റെ തിയേറ്റര്‍ റിലീസിന് ശേഷം ഒടിടിയില്‍ പ്രദര്‍ശിപ്പിക്കാനുള്ള അനുവാദമാണ് നല്‍കിയിരിക്കുന്നത്. 500 കോടി മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന ചിത്രം മണിരത്നത്തിന്റെ ഉടമസ്ഥതയിലുള്ള മദ്രാസ് ടാക്കീസും ലൈക പ്രോഡക്ഷനും ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്. ചിത്രം സെപ്തംബര്‍ 30 ന് റിലീസ് ചെയ്യും.

പത്താം നൂറ്റാണ്ടില്‍,ചോള ചക്രവര്‍ത്തിയുടെ സിംഹാസനത്തിന് നേരിടേണ്ടി വന്ന തുടര്‍ പ്രതിസന്ധികളും അപകടങ്ങളും സൈന്യത്തിനും ശത്രുക്കള്‍ക്കും ചതിയന്മാര്‍ക്കും ഇടയില്‍ നടക്കുന്ന പോരാട്ടങ്ങളുമാണ് ചിത്രത്തില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. ചിത്രീകരണം തുടങ്ങിയ അന്ന് മുതല്‍ സിനിമാ പ്രേമികള്‍ ആകാംഷാഭരിതരാണ്.

വിക്രം, ഐശ്വര്യാ റായ്, തൃഷ, ജയംരവി, കാര്‍ത്തി, റഹ്മാന്‍, പ്രഭു, ശരത് കുമാര്‍, ജയറാം, ഐശ്വര്യ ലക്ഷ്മി, പ്രകാശ് രാജ്, ലാല്‍, വിക്രം പ്രഭു, പാര്‍ത്ഥിപന്‍, ബാബു ആന്റണി, അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങി ഒട്ടേറേ അഭിനേതാക്കള്‍ ചിത്രത്തിലുണ്ട്. ഏ.ആര്‍.റഹ്മാനാണ് സംഗീതസംവിധായകന്‍.

മണിരത്നത്തിന്റെ സ്വപ്ന പദ്ധതിയാണ് പൊന്നിയിന്‍ സെല്‍വന്‍. കല്‍ക്കിയുടെ നോവലിനെ ആസ്പദമാക്കി 1958ല്‍ എം.ജി.ആര്‍ ചലച്ചിത്രം നിര്‍മിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ പിന്നീട് അദ്ദേഹം ആ പദ്ധതി ഉപേക്ഷിച്ചു. 2012ല്‍ ഈ സിനിമയുടെ ജോലികള്‍ മണിരത്നം തുടങ്ങിവച്ചതായിരുന്നു. എന്നാല്‍ സാമ്പത്തിക പ്രശ്നങ്ങള്‍ കാരണം പദ്ധതി നീണ്ടുപോയി.

2015ല്‍ 32 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഒരു ആനിമേഷന്‍ ചിത്രം പൊന്നിയിന്‍ സെല്‍വന്റെ കഥയെ ആസ്പദമാക്കി പുറത്തിറങ്ങിയിരുന്നു. ചെന്നൈയിലുള്ള റെവിന്‍ഡ മൂവി ടൂണ്‍സ് എന്ന ആനിമേഷന്‍ സ്റ്റുഡിയോ എട്ട് വര്‍ഷം കൊണ്ടാണ് ചലച്ചിത്രം നിര്‍മിച്ചത്.

സംഗീതം എ.ആര്‍. റഹ്മാനും ഛായാഗ്രഹണം രവി വര്‍മനുമാണ്. ഇളങ്കോ കുമാരവേലാണ് തിരക്കഥ. രാജീവ് മേനോന്‍ ചിത്രം ‘സര്‍വം താളമയ’ത്തിന്റെ തിരക്കഥാകൃത്താണ് ഇളങ്കോ കുമാരവേല്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week