പാലാ: ചടങ്ങുകളിൽ പങ്കെടുക്കുമ്പോൾ നൽകുന്ന ഷാളുകളൂം പൂച്ചെണ്ടുകളും ഒഴിവാക്കി പഠനോപകരണങ്ങൾ നൽകാൻ അഭ്യർത്ഥനയുമായി മാണി സി കാപ്പൻ എം എൽ എ. ചടങ്ങുകളിൽ പങ്കെടുക്കുമ്പോൾ ഷാളുകളും പൂച്ചെണ്ടുകളും പിന്നീട് ഉപയോഗിക്കാൻ കഴിയാതെ വരുന്നതിനാൽ ഇവ ഒഴിവാക്കി നോട്ടുബുക്കുകൾ, പെൻസിലുകൾ, പേനകൾ മുതലായ പഠനോപകരങ്ങൾ നൽകിയാൽ അതു പിന്നീട് ഫലപ്രദമായി ഉപയോഗിക്കാൻ കഴിയുമെന്ന് മാണി സി കാപ്പൻ എം എൽ എ തന്റെ ഫെയ്സ് ബുക്ക് പോസ്റ്റിൽ കുറിച്ചു.
ഇങ്ങനെ സമാഹരിക്കുന്ന പഠനോപകരണങ്ങൾ 2020 ജൂണിൽ പുതിയ അധ്യയനവർഷം ആരംഭിക്കുമ്പോൾ പാലാ മണ്ഡലത്തിലെ നിർധനരായ വിദ്യാർത്ഥികൾക്കു സമ്മാനിക്കാനാണ് എം എൽ എയുടെ തീരുമാനം. ജനുവരി ഒന്നു മുതൽ പരിപാടികൾക്കു ക്ഷണിക്കുന്നവർ ഇക്കാര്യം പരിഗണിക്കണമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
ചടങ്ങുകളിൽ പങ്കെടുക്കുമ്പോൾ ലഭിക്കുന്ന പൂച്ചെണ്ടുകൾ ഉൾപ്പെടെയുള്ളവ പ്രയോജനമില്ലാതെ നഷ്ടപ്പെട്ടു പോകുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് ഈ തീരുമാനം കൈകൊണ്ടതെന്ന് മാണി സി കാപ്പൻ പറഞ്ഞു. ഇങ്ങനെ സമാഹരിക്കുന്ന പഠനോപകരണങ്ങൾ അർഹരായവരെ കണ്ടെത്തി ജൂണിൽ സമ്മാനിക്കുമെന്നും എം എൽ എ വ്യക്തമാക്കി.