പാലായില്‍ മാണി.സി.കാപ്പന്‍ തന്നെ, പ്രഖ്യാപനം ഇന്ന്
കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി മാണി.സി.കാപ്പനെ ഇന്ന് പ്രഖ്യാപിയ്ക്കും.തിരുവനന്തപുരത്ത് ചേരുന്ന എല്‍ഡിഎഫ് യോഗത്തിന് ശേഷമാകും സ്ഥാനാര്‍ത്ഥി പ്രഖ്യാപനം. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അന്തിമതീരുമാനമെടുക്കാനായി എന്‍സിപിയും യോഗം ചേരും.
ഗ്രൂപ്പ് പോരിനേത്തുടര്‍ന്ന് കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് തീരുമാനമെടുക്കാനാവാതെ കുഴങ്ങുന്ന സാഹചര്യത്തില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം വേഗത്തില്‍ പൂര്‍ത്തിയാക്കി മത്സരരംഗത്ത് എത്രയും വേഗം ചുവടുറപ്പിക്കാനാണ് എല്‍ഡിഎഫ് നീക്കം. രാവിലെ 11 മണിക്കാണ് എന്‍സിപി യോഗം. സംസ്ഥാനഭാരവാഹികളും ജില്ലാ അധ്യക്ഷന്മാരും പങ്കെടുക്കുന്ന യോഗം മാണി സി കാപ്പനെ തന്നെ സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുക്കും. കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളിലായി കെ.എം.മാണിയുടെ ഭൂരിപക്ഷം മാണി സി.കാപ്പന്‍ ഗണ്യമായി ഒതുക്കിയതാണ് ഇടതുമുന്നണിയുടെ പ്രതീക്ഷ
കഴിഞ്ഞ തവണ ശക്തമായ മത്സരം കാഴ്ചവയ്ക്കാനായത് മാണി സി കാപ്പന് അനുകൂല ഘടകമാണ്. സിപിഎമ്മിനും മാണി സി കാപ്പനോട് താത്പര്യമുണ്ട്. വൈകീട്ട് മൂന്ന് മണിക്കാണ് ഇടതുമുന്നണി യോഗം. എന്‍സിപി മുന്നോട്ട് വയ്ക്കുന്ന സ്ഥാനാര്‍ത്ഥിയുടെ പേര് എല്‍ഡിഎഫ് യോഗം അംഗീകരിക്കും. ഇതിന് ശേഷമാകും സ്ഥാനാര്‍ത്ഥി പ്രഖ്യാപനം. തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്റെ തീയതിയും പ്രചരണപരിപാടികളും ഇന്നത്തെ ഇടത് മുന്നണി യോഗത്തില്‍ തീരുമാനിക്കും.