യാത്രക്കാര്‍ കൈ കാണിച്ചിട്ടും നിര്‍ത്താതെ പോയാല്‍ ഇനി പണി പാളും; കര്‍ശന നടപടിയുമായി കെ.എസ്.ആര്‍.ടി.സി
തിരുവനന്തപുരം: യാത്രക്കാര്‍ കൈ കാണിച്ചാലും നിര്‍ത്താതെ പോകുന്ന കെഎസ്ആര്‍ടിസി ബസുകളിലെ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കുമെതിരെ കര്‍ശന നടപടിയുമായി മാനേജ്‌മെന്റ്. യാത്രക്കാര്‍ കൈ കാണിച്ചിട്ടും അംഗീകൃത സ്റ്റോപ്പുകളില്‍ നിര്‍ത്താതെ പോകുന്നു എന്ന പരാതി കെഎസ്ആര്‍ടിസിക്കെതിരെ ശക്തമായ സാഹചര്യത്തിലാണ് നടപടി സ്വീകരിക്കാന്‍ ഒരുങ്ങുന്നത്.
ഈ തരത്തിലുള്ള ഡ്രൈവ്രമാരും കണ്ടക്ടര്‍മാരും കുറച്ചേയുള്ളൂവെന്നും അവരെക്കൂടി തിരുത്തല്‍ നടപടികളും തുടര്‍പരിശീലനവും നല്‍കി സേവനതല്‍പരരും ആത്മാര്‍ഥതയുമുള്ളവരാക്കി മാറ്റുമെന്നും കെഎസ്ആര്‍ടിസി ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എംപി ദിനേശ് അറിയിച്ചു. 14നു തിരുവനന്തപുരം- മൂലമറ്റം ലിമിറ്റഡ് സ്റ്റോപ്പ് ഫാസ്റ്റ് പാസഞ്ചര്‍ കൊട്ടാരക്കര വരയ്ക്കലില്‍ 4 വിദ്യാര്‍ത്ഥിനികളെ കയറ്റാതെ പോയതും 16നു തിരുവനന്തപുരം വെടിവച്ചാന്‍ കോവില്‍ ജംക്ഷനില്‍ 2 സിറ്റി ഫാസ്റ്റ് ബസുകള്‍ കൈ കാണിച്ചിട്ടും നിര്‍ത്താതെ പോയതും സംബന്ധിച്ച പരാതികളെ തുടര്‍ന്നാണു സിഎംഡി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.