ലെസ്റ്റര്‍: മുന്‍ ഭാര്യയെ നിരന്തരം പീഡിപ്പിച്ച കേസില്‍ ജയില്‍ശിക്ഷയ്ക്ക് വിധിച്ചയാളുടെ അപ്പീല്‍ തള്ളി ലെസ്റ്റര്‍ ക്രൗണ്‍ കോടതി. ഭാര്യയായിരുന്ന സ്ത്രീയെ 20ലധികം തവണ പീഡിപ്പിച്ച കേസില്‍ 2020 മാര്‍ച്ചിലായിരുന്നു കോടതി ഇയാള്‍ക്ക് എട്ട് വര്‍ഷത്തെ ജയില്‍ശിക്ഷ വിധിച്ചത്.
ശിക്ഷയ്ക്കെതിരെ ഇയാള്‍ നല്‍കിയ അപ്പീല്‍ വെള്ളിയാഴ്ച കോടതി തള്ളി. ഭാര്യാ-ഭര്‍ത്താക്കന്മാരായിരുന്ന സമയത്ത് യുവാവ് തന്നെ തുടര്‍ച്ചയായി പീഡിപ്പിച്ചിരുന്നെന്നും തന്നെ ചൂഷണം ചെയ്തിരുന്നെന്നുമായിരുന്നു യുവതി പരാതി നല്‍കിയിരുന്നത്.
ഭാര്യയുടെ സമ്മതമില്ലാതെ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടിരുന്നതിന്റെ, പീഡിപ്പിച്ചതിന്റെ വിവരങ്ങളും കണക്കുകളും ഇയാള്‍ തന്റെ ഡയറിയില്‍ സൂക്ഷിച്ചിരുന്നെന്നാണ് കോടതി പറഞ്ഞത്. യുവതി വൈകാതെ പൊലീസില്‍ പരാതിപ്പെടുമെന്ന് അറിയാവുന്നത് കൊണ്ടാണ് ഇയാള്‍ അതിന്റെ കണക്കുകള്‍ രേഖകളായി സൂക്ഷിച്ചിരുന്നതെന്നും കോടതി പറഞ്ഞു.
പരസ്പര സമ്മതത്തോടെയാണ് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടിരുന്നത് എന്നാണ് ശിക്ഷയ്ക്കെതിരെ അപ്പീല്‍ നല്‍കിക്കൊണ്ട് ഇയാള്‍ കോടതിയില്‍ വാദിച്ചിരുന്നത്. സ്ത്രീയുടെ ഐഡന്റിറ്റിയും വെളിപ്പെടാന്‍ സാധ്യതയുണ്ടെന്നതിനാല്‍ പ്രതിയുടെ പേരും കോടതി പരാമര്‍ശിച്ചിട്ടില്ല.