ബംഗളൂരു: റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് ഉടമ 11 മാസത്തിനിടെ ട്രാഫിക്ക് നിയമം ലംഘിച്ചത് 101 തവണ! നിയമ ലംഘനത്തെ തുടര്‍ന്ന് ഇയാള്‍ക്ക് പിഴയായി ചുമത്തിയത് 57,200 രൂപ. എല്‍ രാജേഷ് എന്ന 25 കാരനാണ് തുടര്‍ച്ചയായി നിയമ ലംഘനം നടത്തി അര ലക്ഷത്തോളം രൂപ പിഴ ശിക്ഷ ലഭിച്ചത്. ബംഗളൂരുവില്‍ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജോലിക്കാരനായ ഇയാള്‍ നഗരത്തില്‍ ഏറ്റവും കൂടുതല്‍ പിഴ ലഭിയ്ക്കുന്ന ആളായും മാറി.
ഹെല്‍മറ്റ് വയ്ക്കാത്തതിന് 41, ഡ്രൈവ് ചെയ്യുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് 10, ഒപ്പം സഞ്ചരിച്ചയാള്‍ ഹെല്‍മറ്റ് വയ്ക്കാത്തതിന് 28, അനധികൃതമായി പ്രവേശിച്ചതിന് ആറ്, സിഗ്‌നല്‍ ലംഘിച്ചതിന് അഞ്ച്, തെറ്റായി പാര്‍ക്ക് ചെയ്തതിന് മൂന്ന്, മറ്റുള്ളവ എട്ട് തുടങ്ങിയ നിയമ ലംഘനങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയത്. 2019 സെപ്റ്റംബര്‍ 12 മുതല്‍ 2020 ഓഗസ്റ്റ് 26 വരെയുള്ള കാലയളവിലാണ് ഈ നിയമ ലംഘനങ്ങള്‍.
അഡുഗൊഡി ട്രാഫിക്ക് പോലീസ് ഇയാളുടെ ബൈക്ക് പിടിച്ചെടുത്തു. വെള്ളിയാഴ്ചയും പിഴയടച്ചില്ലെങ്കില്‍ കോടതിയില്‍ ഹാജരായി പിഴയടച്ച് ബൈക്ക് തിരികെ നേടേണ്ടി വരുമെന്ന് ഇയാള്‍ക്കയച്ച നോട്ടീസില്‍ പൊലീസ് വ്യക്തമാക്കി.
ബുധനാഴ്ച കോറമംഗലയില്‍ വച്ച് ട്രാഫിക്ക് സിഗ്‌നല്‍ തെറ്റിച്ചതിനെ തുടര്‍ന്നാണ് പോലീസ് ഇയാളുടെ ബൈക്ക് കസ്റ്റഡിയില്‍ എടുത്തത്. ബൈക്ക് കസ്റ്റഡിയില്‍ എടുത്തപ്പോഴാണ് നേരത്തെ ഇയാളുടെ പേരിലുള്ള നിയമ ലംഘനങ്ങള്‍ പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഇത്രയും കാലം ഈ കേസുകള്‍ക്കൊന്നും രാജേഷ് പിഴയൊടുക്കിയിട്ടില്ലെന്നും തെളിഞ്ഞു.