മാസ്ക്കിന് പകരം അടിവസ്ത്രം; യുവാവിനെ വിമാനത്തിൽനിന്ന് പുറത്താക്കി: വിഡിയോ
മാസ്ക്കിനു പകരം അടിവസ്ത്രം കൊണ്ട് മുഖം മറച്ച യാത്രക്കാരനെ വിമാനത്തിൽനിന്ന് ഇറക്കിവിട്ടു. അമേരിക്കയിലെ ഫ്ലോറിഡ സ്വദേശിയായ ആഡം ജെന്നിയാണ് സ്ത്രീകളുടെ ഡിസൈനർ അടിവസ്ത്രം ‘മാസ്ക്’ ആക്കിയത്. എന്നാൽ വിമാന ജീവനക്കാർ ഇത് ചോദ്യം ചെയ്യുകയും ആഡത്തിനോട് പുറത്തു പോകാൻ ആവശ്യപ്പെടുകയുമായിരുന്നു.
ഡിസംബർ 15ന് ഫോർട്ട് ലോഡർഡേൽനിന്ന് വാഷിങ്ടൺ ഡിസിയിലേക്ക് പുറപ്പെടാൻ ഒരുങ്ങിയ യുണൈറ്റഡ് എയർലൈൻസ് വിമാനത്തിലാണ് സംഭവം. ആഡത്തിന്റെ സമീപത്തിരുന്ന ഒരു യാത്രക്കാരൻ പകർത്തിയ ഇതിന്റെ ദൃശ്യങ്ങൾ വൈറലാവുകയായിരുന്നു. ചുവപ്പ് അടിവസ്ത്രമാണ് മാസ്ക്കിന് പകരം ആഡം ഉപയോഗിച്ചിരിക്കുന്നത്. ഇതു ശ്രദ്ധയിൽപ്പെട്ട ജീവനക്കാർ യഥാർഥ മാസ്ക് ധരിക്കാൻ അഭ്യർഥിച്ചു. എന്നാൽ ആഡം തയാറായില്ല. ഇതോടെയാണ് വിമാനത്തിൽനിന്ന് പുറത്തിറങ്ങാൻ ആവശ്യപ്പെട്ടത്. കൂടുതൽ തർക്കിക്കാൻ നിൽക്കാതെ ഇയാൾ പുറത്തിറങ്ങുകയും ചെയ്തു.
വിമാനത്തിൽ മാസ്ക് നിർബന്ധമാക്കിയതിനെതിരെയുള്ള പ്രതിഷേധമായിരുന്നു തന്റെ പ്രവൃത്തിയെന്ന് ആഡം പിന്നീട് പ്രതികരിച്ചു. തന്നെ പിന്തുണച്ച് ഏതാനും യാത്രക്കാർ വിമാനത്തിൽനിന്ന് പുറത്തിറങ്ങി എന്നും ഇയാൾ പറയുന്നു.
എന്തായലും ആഡത്തിന് യാത്രാ വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ് യുണൈറ്റഡ് എയർലൈൻസ്. യാത്രക്കാരുടെ അവലോകന കമ്മിറ്റി ചേർന്നശേഷം വിലക്ക് നീക്കണോ വേണ്ടയോ എന്നു തീരുമാനിക്കുമെന്നും അവർ വ്യക്തമാക്കി.