ലൂട്ടൺ:പല തരത്തിലുള്ള മോഷണങ്ങൾ ഉണ്ടെങ്കിലും ഇതുപോലെ ഒരു മോഷണം അപൂർവ്വമായിരിക്കും. അതുപോലെ ഒരു തട്ടിപ്പുകാരന്‍ ഒരു വീട് തന്നെ മോഷ്ടിച്ച് വിറ്റതോടെ യഥാര്‍ത്ഥ ഉടമ പെരുവഴിയിലായിരിക്കുകയാണ്. ഇംഗ്ലണ്ടിലെ ലൂട്ടണിലാണ് ഈ സംഭവം നടന്നത്. മൈക്ക് ഹാള്‍ എന്ന വ്യക്തി ജോലി ആവശ്യത്തിനായി കുറച്ചു ദിവസം തന്റെ വീട്ടില്‍ നിന്ന് മാറിനിന്നിട്ട് മടങ്ങിയെത്തിയപ്പോള്‍ അമ്പരന്ന് പോയി. കാരണം അദ്ദേഹം താമസിച്ചുകൊണ്ടിരുന്നപ്പോൾ വീട്ടിലുണ്ടായിരുന്ന സാധനങ്ങള്‍ കാണാതാവുകയും ആ വീട്ടിൽ പുതിയ ഉടമ താമസം തുടങ്ങുകയും ചെയ്തു.
ആദ്യം എന്താണ് നടന്നതെന്ന് മനസ്സിലായില്ലെങ്കിലും പിന്നീട് അദ്ദേഹം കാര്യങ്ങൾ മനസ്സിലാക്കി. തന്റെ വീട്ടില്‍ നിന്ന് എല്ലാ സാധനസാമഗ്രികളും മോഷ്ടിക്കപ്പെട്ടുവെന്നും തന്റെ പേരിലുണ്ടായിരുന്ന റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി തന്റെ അറിവില്ലാതെ ഒരു പുതിയ ഉടമയ്ക്ക് തട്ടിപ്പുകാർ വിറ്റുവെന്നും മൈക്കിന് വ്യക്തമായി. തന്റെ വീട്ടിലേക്ക് ആരോ അതിക്രമിച്ചു കടന്നുവെന്നാണ് മൈക്ക് ആദ്യം പോലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ അന്വേഷണത്തില്‍ വീട്ടിലേക്ക് അതിക്രമിച്ച് കടന്നതല്ലെന്നും പുതിയ ഉടമകള്‍ തട്ടിപ്പിനിരയായതാണെന്നും മനസ്സിലായി.
സംഭവം മൈക്കിനെ പോലീസ് അറിയിക്കുകയും അദ്ദേഹത്തിന്റെ പേരില്‍ വ്യാജ രേഖകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് അന്വേഷണം കൂടുതല്‍ ഊര്‍ജ്ജിതമായി നടത്തുകയുമാണ്.
സംഭവം ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നതിങ്ങനെ,
മൈക്ക് തന്റെ വസതിയില്‍ നിന്ന് വളരെ അകലെയുള്ള നോര്‍ത്ത് വെയില്‍സില്‍ ജോലി ചെയ്യുമ്പോള്‍ ഓഗസ്റ്റ് 20ന് അയല്‍ക്കാരന്റെ ഫോണ്‍ കോള്‍ എത്തി. തന്റെ വീട്ടില്‍ ആരോ കയറിയെന്നും ലൈറ്റുകളെല്ലാം തെളിഞ്ഞുകിടക്കുന്നുവെന്നും അയല്‍വാസി അദ്ദേഹത്തെ അറിയിച്ചു. പരിഭ്രാന്തനായ മൈക്ക് അടുത്ത ദിവസം തന്നെ, തന്റെ സ്വന്തം നഗരത്തിൽ തിരിച്ചെത്തി. വീട്ടിലെത്തിയ മൈക്ക് ഞെട്ടി. വാതിലിന്റെ പൂട്ടുകള്‍ മാറ്റി, വീടിനുള്ളിലെ കര്‍ട്ടനുകള്‍, പരവതാനികള്‍, മറ്റ് ഫര്‍ണിച്ചറുകള്‍ എന്നിവയുള്‍പ്പെടെ എല്ലാ ഫര്‍ണിച്ചറുകളും പൂര്‍ണ്ണമായും മാറ്റിയിരിക്കുന്നു.
മൈക്ക് ഉടന്‍ പോലീസിനെ വിളിച്ച് വിവരം അറിയിച്ചു. മൈക്ക് വന്നതിന് ശേഷം, വീട്ടില്‍ ജോലി ചെയ്തുകൊണ്ടിരുന്ന ജോലിക്കാരന്‍ വീടിന്റെ പുതിയ ഉടമയുടെ പിതാവിനൊപ്പം മടങ്ങിയെത്തി. പുതിയ ഉടമയുടെ പിതാവ് പറയുന്നതനുസരിച്ച്, അവര്‍ ജൂലൈയില്‍ 131,000 പൗണ്ടിനാണ് (ഏകദേശം 13300000 രൂപ) ഈ വീട് വാങ്ങിയത് എന്നായിരുന്നു. വീട് വില്‍ക്കാന്‍ മൈക്കിന്റെ പേരില്‍ ഒരു ഡ്യൂപ്ലിക്കേറ്റ് ബാങ്ക് അക്കൗണ്ടും ഡ്യൂപ്ലിക്കേറ്റ് ഡ്രൈവിംഗ് ലൈസന്‍സും ഉപയോഗിച്ചതായും ബിബിസി റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തുന്നു.
കൂടാതെ, ഭൂമി രജിസ്‌ട്രേഷന്‍ രേഖകളില്‍ പോലും, വീട് പുതിയതായി വാങ്ങുന്നയാളുടെ പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതിനര്‍ത്ഥം, മൈക്കിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ആ 3 കിടപ്പുമുറികളോട് കൂടിയ വീടിന്റെയും സ്വത്തിന്റെയും നിയമപരമായ അവകാശം പുതിയ ഉടമയ്ക്കാണ് എന്നാണ്. നിലവില്‍ പല തലത്തിലുള്ള അന്വേഷണങ്ങള്‍ തുടരുകയാണെന്ന് പോലീസ് അറിയിച്ചു. എന്നാല്‍, കേസില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.