News

ബഹിരാകാശത്തേക്ക് കബാബ് അയച്ച് തുര്‍ക്കി ഷെഫ്! സ്പേസ് കബാബ് എന്ന് നെറ്റിസണ്‍സ്

ഇന്റര്‍നെറ്റ് ലോകത്ത് എന്തും എവിടെയും പ്രാവര്‍ത്തികമാക്കാമെന്ന പരീക്ഷണങ്ങളിലാണ് മനുഷ്യന്‍. ബഹിരാകാശത്ത് മൃഗങ്ങളെ കൊല്ലാതെ ഇനി മാംസം നിര്‍മിക്കാമെന്ന കണ്ടുപിടുത്തവും മനുഷ്യന്‍ നടത്തിക്കഴിഞ്ഞു. കഴിഞ്ഞ ദിവസം വെള്ളത്തിനടിയില്‍ വച്ച് കക്കരിക്ക അരിയുന്ന ഷെഫിന്റെ വിഡിയോയും ചിത്രവും പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെ മറ്റൊരു കൗതുക വാര്‍ത്ത കൂടി ബഹിരാകാശത്ത് നിന്നെത്തുകയാണ്. കബാബ് ഉണ്ടാക്കി ബഹിരാകാശത്ത് അയച്ചിരിക്കുകയാണ് ടര്‍കിഷ് ഷെഫും ഒപ്പം എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയും.

ഹീലിയം ബലൂണില്‍ പൈപ്പ് കബാബ് ബന്ധിപ്പിച്ചാണ് ബഹിരാകാശ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായ യാസര്‍ ഐഡനും ഷെഫ് ഇദ്രിസ് അല്‍ബെയ്റാക്കും ബഹിരാകാശത്തേക്ക് അയച്ചത്. 1961 ഏപ്രില്‍ 12 ന് സോവിയറ്റ് ബഹിരാകാശയാത്രികന്‍ യൂറി ഗഗാറിന്റെ യാത്ര ഭൂമിയുടെ ആദ്യ ഭ്രമണപഥത്തെ പൂര്‍ത്തിയാക്കിയ ദിവസം തന്നെയാണ് ഇരുവരും കബാബ് പരീക്ഷണത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്.

റോയിട്ടേഴ്സിന്റെ ട്വിറ്റര്‍ പേജിലാണ് യാസര്‍ ഐഡനും ഷെഫ് ഇദ്രിസും കബാബ് അയക്കുന്ന വിഡിയോ പങ്കുവച്ചിരിക്കുന്നത്. കബാബിനൊപ്പം ഉള്ളി, തക്കാളി, റെഡ് ചില്ലി എന്നിവയും ഒരുക്കിവച്ചിട്ടുണ്ട്. 25 മൈലാണ് പൈപ്പ് കബാബ് സഞ്ചരിച്ചത്. എന്നാല്‍ ഹീലിയം ബലൂണ്‍ പൊട്ടിയതോടെ കബാബ് കടലിലേക്ക് വീണു. ‘സ്പേസ് കബാബ്’ എന്നാണ് നെറ്റിസണ്‍സ് ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്.

അതിനിടെ ബഹിരാകാശത്ത് ഇനി മൃഗങ്ങളെ കൊല്ലാതെ മാംസം നിര്‍മ്മിക്കാമെന്ന് പരീക്ഷണവും ഗവേഷകര്‍ നടത്തുന്നുണ്ട്. രാജ്യാന്തര ബഹിരാകാശ നിലയത്തിലെ സഞ്ചാരികളാണ് മൈക്രോ ഗ്രാവിറ്റിയില്‍ കൃത്രിമ മാംസം നിര്‍മിക്കാന്‍ ഒരുങ്ങുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പ് ബഹിരാകാശ നിലയത്തിലെത്തിയ മൂന്ന് യാത്രികരാണ് ഇങ്ങനെയൊരു ശാസ്ത്രീയ പരീക്ഷണം നടത്തിയത്. നാസയുടെ ആദ്യത്തെ ബഹിരാകാശ ടൂറിസം ദൗത്യത്തിന്റെ ഭാഗമായിട്ടാണ് ഇവര്‍ മൂന്നു പേരും ബഹിരാകാശ നിലയത്തിലെത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button