ചെന്നൈ: കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. തമിഴ്‌നാട് വാൽപ്പാറയിലാണ് സംഭവം. വാൽപ്പാറ അയ്യൻപ്പാടി നെടുങ്കുന്ത്ര ആദിവാസി കോളനിയിലെ രവി (52) ആണ് മരിച്ചത്. ഇന്നലെ അർദ്ധരാത്രിയോടെ ആയിരുന്നു കാട്ടാനയുടെ ആക്രമണം.
ബൈക്കിൽ സുഹൃത്തുക്കൾക്കൊപ്പം കോളനിയിലേക്ക് വരും വഴിയാണ് കാട്ടാന ആക്രമിച്ചത്. രവി സംഭവ സ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു. ഒപ്പമുണ്ടായിരുന്ന ഒരു സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു. രവിയുടെ മൃതദേഹം ഇപ്പോൾ വാൽപ്പാറ സർക്കാർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
കഴിഞ്ഞ ദിവസം പാലക്കാട് കാട്ടാന ആക്രമണത്തിൽ ഒരു മാദ്ധ്യമപ്രവർത്തകനും മരണപ്പെട്ടിരുന്നു. ജനവാസമേഖലയിലെത്തിയ കാട്ടാനകളുടെ ദൃശ്യങ്ങൾ പകർത്തുന്നതിനിടെ അപ്രതീക്ഷിതമായുണ്ടായ ആനയുടെ ആക്രമണത്തിലാണ് മാതൃഭൂമി സീനിയർ ന്യൂസ് ക്യാമറാമാൻ എ വി മുകേഷ് (34) മരണപ്പെട്ടത്. മലമ്പുഴ കൊട്ടേക്കാട് വെനോലി എളമ്പരക്കാടിന് സമീപം ജനവാസമേഖലയിൽ ഇന്നലെ രാവിലെ എട്ട് മണിയോടെ ആയിരുന്നു ദുരന്തം.
കൃഷിയിടത്തിൽ കാട്ടാനയിറങ്ങിയ വാർത്ത ശേഖരിക്കാൻ റിപ്പോർട്ടർ ഗോകുൽ, ഡ്രൈവർ മനോജ് എന്നിവർക്കൊപ്പം മുകേഷ് പുലർച്ചെ ആറോടെ സ്ഥലത്തെത്തി. പി.ടി 5 (പാലക്കാട് ടസ്‌കർ അഞ്ച്), പി.ടി 14 (പാലക്കാട് ടസ്‌കർ 14) എന്നീ ആനകളുൾപ്പെടെ അവിടെയുണ്ടായിരുന്നു. കാട്ടാനകൾ കോരയാർ പുഴ കടക്കുന്ന ദൃശ്യങ്ങൾ പകർത്താൻ ശ്രമിക്കുന്നതിനിടെ അവയിലൊന്ന് തിരിഞ്ഞാക്രമിക്കുകയായിരുന്നു. ആന അടുത്തേക്ക് അതിവേഗത്തിൽ ഓടിയെത്തിയതോടെ സംഘം ചിതറിയോടി.
സംഘാംഗങ്ങൾ പിന്നീട് മുകേഷിനെ തിരഞ്ഞെത്തിയപ്പോഴാണ് ആനയുടെ ചവിട്ടേറ്റ നിലയിൽ കണ്ടെത്തിയത്. ഇടുപ്പിനും തുടയെല്ലിനും സാരമായി പരിക്കേറ്റ മുകേഷിനെ ഉടൻ പാലക്കാട് ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ദീർഘകാലം മാതൃഭൂമി ഡൽഹി ബ്യൂറോയിൽ ക്യാമറാമാനായിരുന്നു. ഒരുവർഷമായി പാലക്കാട് ബ്യൂറോയിലാണ്. മലപ്പുറം പരപ്പനങ്ങാടി ചെട്ടിപ്പടി അവത്താൻ വീട്ടിൽ പരേതനായ ഉണ്ണിയുടെയും എ. ദേവിയുടെയും മകനാണ്. ഭാര്യ: ടിഷ. സഹോദരി: ഹരിത.