ന്യൂഡല്‍ഹി: കള്ളപ്പണക്കേസില്‍ ജയിലില്‍ കഴിയുന്ന ഡല്‍ഹിമന്ത്രി സത്യേന്ദര്‍ ജെയിന് മസാജ് ചെയ്തുനല്‍കിയത് പോക്‌സോ കേസ് പ്രതിയെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞദിവസമാണ് ജയിലിനുള്ളില്‍ ജെയിന് മസാജ് ചെയ്തുനല്‍കുന്നതിന്റെ വീഡിയോ പുറത്തെത്തിയത്. ഇതില്‍ ജെയിനെ മസാജ് ചെയ്യുന്ന ആയാള്‍ റിങ്കു എന്ന തടവുകാരനാണെന്നും ഇയാളെ കഴിഞ്ഞകൊല്ലം പോക്‌സോ കേസില്‍ പോലീസ് അറസ്റ്റ് ചെയ്തതാണെന്നും തിഹാര്‍ ജയില്‍ വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍.ഡി.ടി.വി. റിപ്പോര്‍ട്ട് ചെയ്തു.
ജെയിന് മസാജ് ലഭിക്കുന്നതിന്റെ വീഡിയോ പുറത്തെത്തിയതിന് പിന്നാലെ എ.എ.പിയ്‌ക്കെതിരേ അതിരൂക്ഷ വിമര്‍ശനം ഉന്നയിച്ച് ബി.ജെ.പി. രംഗത്തെത്തിയിരുന്നു. സെപ്റ്റംബര്‍ 13, 14, 21 തീയതികളിലെ തിഹാര്‍ ജയിലില്‍നിന്നുള്ള വീഡിയോകളാണ് പുറത്തെത്തിയിരുന്നത്.
അതേസമയം, ജെയിന് ലഭിച്ചത് മസാജോ വി.ഐ.പി. പരിഗണനയോ അല്ലെന്നും ഫിസിയോ തെറാപ്പി ആണെന്നുമായിരുന്നു തിങ്കളാഴ്ച ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പ്രതികരിച്ചത്. ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കുന്നതിനിടെ ആയിരുന്നു കെജ്‌രിവാളിന്റെ പ്രതികരണം.
തിഹാര്‍ ജയിലില്‍ സത്യേന്ദര്‍ ജെയിന് പ്രത്യേക പരിഗണന ലഭിക്കുന്നെന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ആരോപണത്തിന് പിന്നാലെയായിരുന്നു മസാജ് വീഡിയോ പുറത്തെത്തിയത്. വീഡിയോയുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തലില്‍ എ.എ.പി. ഇതുവരെ പ്രതികരിച്ചിട്ടില്ല. ജൂണ്‍മാസത്തിലാണ് ജെയിന്‍ ജയിലിലായത്.