ഒരു തളിക നിറയെ നോട്ടുകെട്ടുകള്‍, സ്വര്‍ണാഭരണങ്ങള്‍, എസ്.യു.വി കാറിന്റെ താക്കോല്‍! സ്ത്രീധനം പ്രദര്‍ശിപ്പിച്ച് വരന്‍; വീഡിയോ
സ്ത്രീധനത്തിന്റെ പേരില്‍ പെണ്‍കുട്ടികള്‍ ക്രൂര പീഢനം അനുഭവിക്കുന്നതിന്റെയും പീഢനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്യുന്നതിന്റെയും വാര്‍ത്തകള്‍ രാജ്യത്ത് വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ തനിക്ക് ലഭിച്ച സ്ത്രീധനം വിവാഹ വേദിയില്‍ പ്രദര്‍ശിപ്പിച്ച യുവാവിന്റെ വീഡിയോ വൈറലാകുന്നു. ഉത്തര്‍പ്രദേശിലെ ഷംലിയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.
41 ലക്ഷം രൂപയുടെ നോട്ടുകള്‍, സ്വര്‍ണാഭരണങ്ങള്‍, പാത്രങ്ങള്‍, ഒരു എസ്.യു.വി കാറിന്റെ താക്കോല്‍ എന്നിവയാണ് ഇയാള്‍ പ്രദര്‍ശനത്തിന് വച്ചത്. ഇരുപതു വയസ്സുള്ള വധു ശരീരം മുഴുവന്‍ സ്വര്‍ണംകൊണ്ടു മൂടി വിവാഹവേദിയില്‍ എത്തുന്നതും വീഡിയോയില്‍ കാണാം. കൂടാതെ തനിക്ക് ലഭിച്ച സ്ത്രീധനത്തെ കുറിച്ച് അഭിമാനത്തോടെ പൊങ്ങച്ചം പറയുന്ന യുവാവിനെയും കാണാം.
ഗുജറാത്തിലെ സൂറത്തിലെ വസ്ത്രവ്യാപാരികളുടെ കുടുംബത്തിലേതാണ് പെണ്‍കുട്ടി. കര്‍ണാടകയില്‍ വസ്ത്രവ്യാപാരിയാണ് സ്ത്രീധനം പ്രദര്‍ശിപ്പിച്ച വരന്‍. ഒരു കോടിയിലേറെ മൂല്യമുള്ള സാധനങ്ങളാണ് ഇയാള്‍ക്കു സ്ത്രീധനമായി ലഭിച്ചതെന്നും ഇതാണ് പ്രദര്‍ശിപ്പിച്ചതെന്നുമാണ് റിപ്പോര്‍ട്ട്.
വീഡിയോ വൈറലായതോടെ സംഭവത്തില്‍ യുവാവിനും ഇരുകുടുംബങ്ങള്‍ക്കും എതിരെ നടപടി എടുക്കണമെന്ന് വിവിധകോണുകളില്‍ നിന്ന് ആവശ്യമുയര്‍ന്നു. ഇത്തരം പ്രദര്‍ശനങ്ങള്‍ പ്രോത്സാഹിപ്പിച്ചാല്‍ ദരിദ്രരായ അച്ഛന്‍മാര്‍ക്കു പെണ്‍മക്കളുടെ വിവാഹം നടത്താനാകില്ല. ഇത്തരം അനാചാരങ്ങള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.
അതേസമയം സംഭവത്തില്‍ പോലീസും ആദായനികുതി വകുപ്പും അന്വേഷണം ആരംഭിച്ചതായി തന്‍ഭവന്‍ ഡിഎസ്പി അമിത് സക്സേന പറഞ്ഞു. മുന്‍പും പ്രദേശത്തു നിന്നും ഇത്തരം വിഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയിട്ടുണ്ട്. എന്നാല്‍ പോലീസിന്റെ ഭാഗത്തു നിന്ന് ശക്തമായ ഇടപെടലുണ്ടായില്ലെന്ന ആരോപണവും ഉയരുന്നുണ്ട്.