ഗാസിയാബാദ്: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ. സെയിൽസ് ജീവനക്കാരനായ 55 വയസുള്ള ഭരത് ആണ് ഭാര്യ സുനിതയെ കൊന്ന് വീട്ടിൽ തന്നെ സൂക്ഷിച്ചത്. കഴിഞ്ഞ ഫെബ്രുവരി 27നാണ് ഇയാൾ ഭാര്യയെ കൊലപ്പെടുത്തുന്നത്. പിന്നീട് മുറിക്കുള്ളിൽ മൃതദേഹം പൂട്ടിയിടുകയായിരുന്നു. സംഭവത്തിൽ ഇന്നലെയാണ് ഭരതിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്.
ഗാസിയാ ബാദിലെ അംബേദ്കർ നഗറിലുള്ള വീട്ടിലാണ് ഭരതും സുനിതയും താമസിച്ചിരുന്നത്. ഈ വീട്ടിൽ നിന്നും ദുർഗന്ധം വമിച്ചതിനെ തുടർന്നാണ് അയൽവാസികൾ സംഭവത്തെ കുറിച്ച് അന്വേഷിച്ചത്. അന്വേഷണത്തിൽ ഇയാളുടെ വീട്ടിൽ കിടപ്പുമുറിയിൽ സുനിതയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
തുടർന്ന് അയൽവാസികൾ പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു. പൊലീസെത്തി പരിശോധിച്ചപ്പോഴാണ് സംഭവത്തിന്റെ ചുരുളഴിയുന്നത്. സുനിതയെ കൊലപ്പെടുത്തി ഇയാൾ പതിവുപോലെ ജോലിക്ക് പോവുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
കഴിഞ്ഞയാഴ്ച്ച ഇവരുടെ വീട്ടിൽ പരസ്പരം വഴക്ക് നടന്നതായി അയൽവാസികൾ പൊലീസിന് മൊഴി നൽകി. സംഭവത്തിൽ ഭരതിനെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.
അതേസമയം, സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ… ഭരതിന്റേയും സുനിതയുടേയും രണ്ടാം വിവാഹമാണ്. ആദ്യ ഭാര്യയുമായി ഭരത് ബന്ധം വീണ്ടും സൂക്ഷിച്ചത് ഇവർക്കിടയിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുകയായിരുന്നു. നീണ്ട കാലത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാവുന്നതും.
എന്നാൽ ആദ്യ ഭാര്യയ്ക്ക് ഭരത് സാമ്പത്തിക സഹായം നൽകുന്നതിനെ പലപ്പോഴും സുനിത എതിർത്തിരുന്നു. അതിനിടയിൽ അവർ വീട്ടിലേക്ക് വന്നത് സുനിതയുമായുള്ള ഭരതിന്റെ വഴക്ക് കൂടാൻ കാരണമായി.
വഴക്ക് കൂടിയത് കൊലപാതകത്തിലേക്ക് നയിക്കുകയായിരുന്നു. സഭവത്തിൽ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.