കണ്ണൂര്‍: ഉളിക്കലിൽ നെല്ലിക്കാംപൊയിൽ സ്വദേശി ജോസിന്റെ മരണം ആനയുടെ ചവിട്ടേറ്റന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്. നെഞ്ചിനേറ്റ ചവിട്ടാണ് മരണകാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഉളിക്കൽ ടൗണിലെ മാർക്കറ്റിനടുത്താണ് ജോസിന്റെ മൃതദേഹം കണ്ടത്. ഇന്നലെ രാവിലെ ടൗണിൽ നിന്ന് ആനയെ ഓടിച്ചപ്പോൾ ജോസ് സ്ഥലത്തുണ്ടായിരുന്നു. കാട്ടാനയെ ഇന്ന് പുലർച്ചെയാണ് കർണാടക വനത്തിലേക്ക് തുരത്തിയത്.
ആനയെ കാടുകയറ്റിയ ആശ്വാസത്തിലിരിക്കുമ്പോഴാണ് ഉളിക്കലിനെ ഞെട്ടിച്ച മരണ വാർത്തയെത്തുന്നത്. കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു ജോസിന്റെ മൃതദേഹം. ശരീരത്തിൽ ആനയുടെ ചവിട്ടേറ്റ പാടുകളുണ്ടായിരുന്നു. ആനയുടെ ആക്രമണത്തിലാണ് മരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട് സ്ഥിരീകരിക്കുന്നത്.
നെല്ലിക്കാംപൊയിലിലെ വീട്ടിൽ നിന്ന് ഇന്നലെ രാവിലെയാണ് ജോസ് ഇറങ്ങിയത്. പള്ളിയുടെ പറമ്പിലുള്ള ആനയെ പടക്കം പൊട്ടിച്ചു തുരത്തുന്നതിന് മുന്നോടിയായി വനം വകുപ്പ് സ്ഥലത്തുള്ളവരെ മാറ്റിയിരുന്നു. ബൈക്ക് പള്ളി മുറ്റത് നിർത്തിയിട്ട് പോയ ജോസിന് നാട്ടുകാർ മുന്നറിയിപ്പും നൽകിയിരുന്നു. ആളുകളെ മാറ്റിയ ശേഷമാണ് ധൗത്യം തുടങ്ങിയതെന്ന് വനം വകുപ്പും പറയുന്നു.
ഉളിക്കൽ പെരിങ്കേരിയിൽ ആനയിറങ്ങി ഒരാളെ കൊന്ന് ഒരു വർഷം കഴിയുമ്പോഴാണ് മറ്റൊരു ദുരന്തം. ഇന്നലെ രാവിലെ ഇറങ്ങിയ കാട്ടാന രാത്രിയും ജനവാസ മേഖലയിലൂടെ സഞ്ചരിച്ചിരുന്നു. ഇന്ന് പുലർച്ചെയാണ് ആനയെ കർണാടക വനത്തിലേക്ക് കയറിയത്.