24.7 C
Kottayam
Friday, May 17, 2024

മലപ്പുറത്ത് മരണാനന്തര ചടങ്ങില്‍ പങ്കെടുത്തയാള്‍ക്ക് കൊവിഡ്; 300 പേരോട് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദ്ദേശം

Must read

മലപ്പുറം: തേഞ്ഞിപ്പലം ചേലേമ്പ്ര പാറയില്‍ മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത കാവനൂര്‍ സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ 300 പേരോട് ക്വാറന്റൈനില്‍ പോകാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു. 10ന് അന്തരിച്ച കെ അബ്ദുല്‍ ഖാദര്‍ മുസല്യാരുടെ മൃതദേഹം അന്തിമോപചാരം അര്‍പ്പിക്കാനായി മന്‍ഹജുര്‍ റഷാദ് ഇസ്ലാമിക് കോളജില്‍ പൊതുദര്‍ശനത്തിന് വച്ചിരുന്നു.

അന്ന് ചടങ്ങില്‍ പങ്കെടുത്ത കാവനൂര്‍ സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് 300 പേരോട് 14 ദിവസം ക്വാറന്റൈനില്‍ പോകാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചത്. സമ്പര്‍ക്ക പട്ടിക തയ്യാറാക്കാന്‍ ആരോഗ്യ വകുപ്പ് വിവര ശേഖരണം തുടങ്ങി. ബന്ധപ്പെട്ടവര്‍ വാര്‍ഡ് മെമ്പറെയും ആരോഗ്യ പ്രവര്‍ത്തകരെയും വിവരം അറിയിക്കണം. പാറയില്‍ അങ്ങാടിയിലെ കടകളും കോളജുകളും പള്ളിയും തല്‍ക്കാലം അടയ്ക്കാനും നിര്‍ദേശിച്ചു.

കൊവിഡ് ബാധിച്ച് കാവനൂര്‍ സ്വദേശിയുടെ റൂട്ട് മാപ്പ് തയാറാക്കിയപ്പോഴാണ് ചേലേമ്പ്രയിലെ ചടങ്ങിനെപ്പറ്റി അറിഞ്ഞതെന്ന് അധികൃതര്‍ പറഞ്ഞു. ജില്ലയിലും പുറത്തുമുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തിട്ടുണ്ട്. കൊവിഡ് ചട്ടങ്ങള്‍ ലംഘിച്ച് ചടങ്ങ് നടത്തിയതിന് എതിരെ പോലീസില്‍ പരാതി നല്‍കുമെന്നും അറിയിച്ചു. മറ്റ് ജില്ലകളില്‍ നിന്ന് വന്നവരെപ്പറ്റിയുള്ള വിവരങ്ങള്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്ക് നല്‍കും. പനി, ജലദോഷം, തുമ്മല്‍ തുടങ്ങിയ രോഗ ലക്ഷണമുള്ളവര്‍ നേരിട്ട് ആശുപത്രിയില്‍ പോകാതെ ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിക്കണമെന്നും നിര്‍ദേശമുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week