വനിതാ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് ‘അശ്ലീലം’ പറയുന്ന വിരുതനെ തേടി പോലീസ്
തിരുവനന്തപുരം: വനിതാ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് നിരന്തരം അശ്ലീലം പറയുന്ന വിരുതനായി വലവിരിച്ച് പോലീസ്. വനിതാ പോലീസ് സ്റ്റേഷനില്‍ വിളിച്ച് ‘കൊച്ചു’ വര്‍ത്തമാനം പറയുന്ന ഇയാളെക്കൊണ്ട് സഹികെട്ടിരിക്കുകയാണ് നഗരത്തിലെ പോലീസുകാര്‍. മറുതലയ്ക്കല്‍ പുരുഷന്മാരാണെങ്കില്‍ പിന്നെ തെറിവിളിയുടെ പൂരമായിരിക്കും. ഇത് പതിവായതോടെ വനിതാ സ്റ്റേഷനില്‍ സദാസമയവും ഫോണ്‍ റിസീവര്‍ മാറ്റി വയ്ക്കേണ്ട ഗതികേടിലാണ്.
അതുകൊണ്ടുതന്നെ എന്തെങ്കിലും അത്യാവശ്യത്തിന് വനിതാ സ്റ്റേഷനിലേക്ക് വിളിക്കുന്നവര്‍ക്കു ലൈന്‍ കിട്ടാറില്ല. തെറി പറയുന്ന യുവാവിനെതിരെ നിരവധി തവണ കേസ് എടുത്തെങ്കിലും കലാപരിപാടി തുടരുകയാണ്. മ്യൂസിയം സ്റ്റേഷനില്‍ വിളിച്ച് സ്റ്റേഷന്‍ ഹൗസ് ഓഫിസറെ പച്ചത്തെറിയഭിഷേകം നടത്തിയതിന് നേരത്തെ ഇയാളെ പിടികൂടുകയും ജയിലില്‍ അടയ്ക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ജയില്‍ മോചിതനായശേഷവും ഫോണ്‍വിളിക്ക് കുറവില്ലെന്ന് മാത്രമല്ല, പുതിയ തെറിവിളികളും കൂട്ടിനുണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ അടക്കം പറയുന്നത്. രാവിലെയോടെ തുടങ്ങുന്ന തെറിപ്രയോഗം രാത്രിയോടെ അവസാനിക്കുന്ന തരത്തിലാണ് യുവാവിന്റെ ശല്യം.
പോലീസ് സ്റ്റേഷന്‍ ആണെന്ന് ഉറപ്പു വരുത്തിയതിനു ശേഷമാകും ഇയാളുടെ തെറിയഭിഷേകം. ജില്ലയ്ക്ക് പുറത്തുനിന്നും ഇയാള്‍ വ്യത്യസ്ത നമ്പറുകളില്‍ നിന്ന് തെറിവിളി തുടരുന്നതോടെ ഈ വിരുതനെ ഏതുവിധേനയും പിടികൂടാനായി അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് പോലീസ്.