തൃശൂർ: കുടുംബത്തർക്കത്തെ തുടർന്ന് വീടിന് തീയിട്ട യുവാവ് അറസ്റ്റിലായി. അവിണിശേരി ചെമ്പാലിപ്പുറത്ത് വീട്ടിൽ സജേഷിനെ (46) ആണ് പിതാവ് ശ്രീധരന്‍റെ പരാതിയിൽ നെടുപുഴ പൊലീസ് സബ് ഇൻസ്പെക്ടർ എം വി പൗലോസ് അറസ്റ്റ് ചെയ്തത്. സജേഷിന്റെ കുട്ടികളുടെ പുസ്തകങ്ങളും എസ് എസ് എൽ സി പരീക്ഷയെഴുതാനുള്ള ഹാൾ ടിക്കറ്റുകളും സർട്ടിഫിക്കറ്റുകളും വസ്ത്രങ്ങളുമടക്കം തീവെച്ച് നശിപ്പിച്ചു. ശ്രീധരന്‍റെ മകൾ താമസിക്കുന്ന പെരിഞ്ചേരിയിലെ വീട്ടിൽ നിന്നും മരുമകൻ എത്തിച്ച ചക്കയെ ചൊല്ലിയുള്ള തർക്കമാണ് കയ്യാങ്കളിയിലേക്കും ഒടുവിൽ വീടിന് തീയിടുന്നതിലേക്കുമെത്തിയത്.
സജേഷിന്‍റെ ഭാര്യ വിദേശത്താണ്. സജേഷിനൊപ്പം പത്താം ക്ളാസിലും എട്ടാംക്ളാസിലും പഠിക്കുന്ന രണ്ട് കുട്ടികളുമാണ് താമസിക്കുന്നത്. ഞായറാഴ്ച പകലിൽ ശ്രീധരന്‍റെ മകളുടെ ഭർത്താവ് സജേഷിന്‍റെ വീട്ടിൽ ചക്ക എത്തിച്ചിരുന്നു. ഇത് കൊണ്ടു വന്നത് ചോദിച്ച് സജേഷും ശ്രീധരന്‍റെ മരുമകനുമായും തർക്കത്തിലാവുകയും കത്തിയെടുത്ത് കൊലപ്പെടുത്താനും ശ്രമിച്ചിരുന്നു. തർക്കത്തിന് ശേഷം മരുമകനുമൊന്നിച്ച് പെരിഞ്ചേരിയിലേക്ക് മടങ്ങിയിരുന്നു. പിന്നീട് രാത്രിയിലാണ് സജേഷ് വീടിന് തീയിട്ടത്.
സജേഷിന്‍റെ വീടിന് സമീപത്തുള്ളവരാണ് വീടിന് തീയിട്ട വിവരം ശ്രീധരനെ അറിയിച്ചത്. ഉടൻ സ്ഥലത്തെത്തി അഗ്നിരക്ഷാ സേനാംഗങ്ങളെത്തി തീ അണച്ചുവെങ്കിലും കുട്ടികളുടെ പഠിക്കാനുള്ള പുസ്തകങ്ങളും ഹാൾടിക്കറ്റും മറ്റ് സർട്ടിഫിക്കറ്റുകളും വസ്ത്രങ്ങളും കത്തി നശിച്ചിരുന്നു. സജേഷിനെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയ സജേഷിനെ റിമാൻഡ് ചെയ്തു.
വിശദമായ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി അടുത്ത ദിവസം ഇയാളെ കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തിൽ സിവിൽ പൊലീസ് ഓഫീസർമാരായ ശ്രീനാഥ്, പ്രിയൻ എന്നിവരുമുണ്ടായി.
വീട്ടുമുറ്റത്ത് മാവിന്‍ തൈ നടുന്നതുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് അച്ഛനെയും അമ്മയെയും തുമ്പ കൊണ്ടും അടിച്ചും വെട്ടുകത്തി കൊണ്ട് വെട്ടിയും കൊലപ്പെടുത്തിയ കേസില്‍ മകന്‍ അറസ്റ്റിലലായിരുരുന്നു. മറ്റത്തൂര്‍ ഇഞ്ചക്കണ്ടിയില്‍ അനീഷാണ് അറസ്റ്റിലായത്. തിങ്കളാഴ്ച പുലര്‍ച്ചെ തൃശൂര്‍ കമ്മിഷണര്‍ ഓഫീസില്‍ എത്തി കീഴടങ്ങുകയായിരുന്നു. തുടര്‍ന്ന് ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി.
കഴിഞ്ഞ ദിവസമാണ് അനീഷ് അച്ഛന്‍ കുണ്ടില്‍ സുബ്രഹ്മണ്യനെയും അമ്മ ചന്ദ്രികയെയും കൊലപ്പെടുത്തിയത്. സംഭവത്തിന് ശേഷം പ്രതി ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇയാള്‍ കീഴടങ്ങിയത്. ഇന്നലെ രാവിലെ എട്ടരയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്.
വീട്ട് മുറ്റത്ത് അമ്മ ചെറിയ കുഴിയെടുത്ത് മാവിന്‍ തൈ നട്ടതോടെ പ്രകോപിതനായ അനീഷ് അത് പറിച്ചെറിയുകയായിരുന്നു. ഇതോടെയാണ് അമ്മയും മകനും തമ്മില്‍ വഴക്കായത്. വഴക്ക് രൂക്ഷമാകുന്നത് തടയാന്‍ അച്ഛന്‍ സുബ്രഹ്മണ്യന്‍ വീട്ടുമുറ്റത്തെത്തി. ഇതോടെ കുപിതനായ അനീഷ് അവിടെയുണ്ടായിരുന്ന തുമ്പ കൊണ്ട് ഇരുവരുടെയും തലയ്ക്കടിച്ചു.
തുടര്‍ന്ന് അനീഷ് വീട്ടില്‍ കയറി അവിടെ നിന്ന് വെട്ടുകത്തിയെടുത്ത് പിന്തുടരുകയായിരുന്നു. പിന്നാലെ ഓടിരക്ഷപ്പെട്ട ഇവരെ പിന്തുടര്‍ന്ന് റോഡിലെത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ചന്ദ്രികയുടെ കഴുത്തിനാണ് വെട്ടേറ്റത്. കഴുത്ത് അറ്റുപോകാറായ നിലയിലായിരുന്നു. സുബ്രഹ്മണ്യന്റെ ശരീരത്തില്‍ പല സ്ഥലങ്ങളില്‍ വെട്ടേറ്റിട്ടുണ്ട്. രണ്ട് പേരും സംഭവ സ്ഥലത്ത് നിന്ന് തന്നെ മരണപ്പെടുകയായിരുന്നു.
സംഭവത്തിന് ശേഷം അനീഷ് ബൈക്കില്‍ കയറി രക്ഷപ്പെടുകയായിരുന്നു. വീടിന് അടുത്തുള്ള കാട്ടിലേക്കാണ് പോയതെന്ന സംശയത്തെ തുടര്‍ന്ന് അവിടെ പരിശോധന നടത്തിയിരുന്നു . ടാപ്പിംഗ് തൊഴിലാളികളാണ് സുബ്രഹ്മണ്യനും ചന്ദ്രികയും. ബിരുദ പഠനത്തിന് ശേഷം കുറേവര്‍ഷങ്ങളോളം അനീഷ് വിദേശത്തായിരുന്നു.
അച്ഛനെയും അമ്മയെയും മകന്‍ വെട്ടിക്കൊന്നെന്ന വാര്‍ത്ത കേട്ട് നാട്ടുകാരില്‍ പലരും ഞെട്ടിയില് ല. കാരണം ഇഞ്ചക്കുണ്ടിലെ കുണ്ടില്‍വീട്ടില്‍ വഴക്കൊഴിഞ്ഞ നേരമുണ്ടായിരുന്നില്ല. മാതാപിതാക്കളും മകനും തമ്മില്‍ നിരന്തരമായി വഴക്കുണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. നാട്ടുകാര്‍ ഇടപെടുന്നത് വീട്ടുകാര്‍ക്കും ഇഷ്ടമില്ലായിരുന്നു. അതിനാല്‍ നിരന്തരതര്‍ക്കങ്ങള്‍ തീര്‍ക്കാന്‍ ആരുമിടപെട്ടില്ല . പ്രശ്‌നങ്ങള്‍ നാട്ടുകാര്‍ പോലീസിനെ അറിയിച്ചിരുന്നു. മകന്‍ പ്രശ്‌നമുണ്ടാക്കുന്നതായി കാണിച്ച് സുബ്രഹ്‌മണ്യനും ഭാര്യ ചന്ദ്രികയും പോലീസില്‍ പരാതികള്‍ നല്‍കിയിരുന്നു. ഇതുപ്രകാരം പോലീസ് വീട്ടിലെത്തി പ്രശ്‌നപരിഹാരത്തിനും ശ്രമിച്ചിരുന്നു.