ബൈക്കില്ലെന്ന് കാമുകി കളിയാക്കി; യുവാവ് മോഷ്ടിച്ചത് എട്ടു ബൈക്കുകള്‍!
ന്യൂഡല്‍ഹി: വാലന്റൈന്‍ ദിനത്തില്‍ ബൈക്ക് ഇല്ലെന്ന് പറഞ്ഞ് കാമുകിയുടെ കളിയാക്കിയത് സഹിക്കാതെ യുവാവ് ഇതുവരെ മോഷ്ടിച്ചത് എട്ടു ബൈക്കുകള്‍. ഡല്‍ഹിയിലാണ് ഏവരെയും ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. ലളിത് എന്ന യുവാവാണ് കാമുകിയുടെ കളിയാക്കലിനെ തുടര്‍ന്ന് ബൈക്കുകള്‍ മോഷ്ടിച്ചത്. സുഹൃത്തായ സഹീദിനൊപ്പം ചേര്‍ന്നായിരുന്നു ലളിത് മോഷണം നടത്തിയത്.
ഒരു പ്രദേശത്ത് നിന്ന് തന്നെ തുടരെ ബൈക്ക് മോഷണ പരാതികള്‍ പോലീസിന് ലഭിച്ചിരുന്നു. തുടര്‍ന്ന് പോലീസ് കള്ളനായി വലവിരിച്ച് അന്വേഷണം നടത്തി വരികയായിരുന്നു. തുടര്‍ന്ന് മാര്‍ച്ച് ആറിന് ദ്വാരകയില്‍ മോഷ്ടാക്കള്‍ എന്ന് സംശയിക്കുന്ന രണ്ട് യുവാക്കള്‍ എത്തിയതായി പോലീസിന് വിവരം ലഭിച്ചിരുന്നു. വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് പ്രദേശത്ത് എത്തുകയും മോഷ്ടാക്കളെ പിടികൂടുന്നതിനായി കെണി ഒരുക്കുകയും ആയിരുന്നു.
മോഷ്ടാക്കളായ ലളിതും സുഹൃത്ത് സഹീദും അവിടെ എത്തിയത് നമ്പര്‍പ്ലെയ്റ്റ് ഇല്ലാത്ത 1.8 ലക്ഷം രൂപയുടെ ബൈക്കിലായിരുന്നു. തുടര്‍ന്ന് പോലീസ് ബൈക്ക് പരിശോധിച്ചപ്പോഴാണ് ഫെബ്രുവരി 21ന് ഡല്‍ഹിയിലെ ബിന്ദാപൂരില്‍ നിന്നു കാണാതായ ബൈക്കാണ് ഇതെന്ന് വ്യക്തമായത്. തുടര്‍ന്ന് പോലീസ് ഇവരെ കസ്റ്റഡിയില്‍ എടുക്കുകയും ചോദ്യം ചെയ്യുകയും ചെയ്തു. ചോദ്യം ചെയ്യലില്‍ ഇവര്‍ മോഷണ കുറ്റം സമ്മതിക്കുകയായിരുന്നു.