കോഴിക്കോട്: കോഴിക്കോടൻ സംഭാഷണ ശൈലിയുമായി മലയാള സിനിമയെ കീഴടക്കിയ ഹാസ്യ വിസ്മയമായിരുന്നു മാമുക്കോയ. മലയാളികൾ എക്കാലവും ഓർത്ത് ചിരിക്കുന്ന ഒട്ടേറെ കഥാപാത്രങ്ങൾ സമ്മാനിച്ചാണ് മാമുക്കോയ കടന്നു പോകുന്നത്. മലയാള സിനിമയിലെ ഒരു കാലഘട്ടത്തെ അടയാളപ്പെടുത്തുന്ന അഭിനയ ജീവിതമായിരുന്നു മാമുക്കോയയുടേത്.
ഹാസ്യം അശ്ലീലത്തിലേക്കോ കോമാളിത്തരത്തിലേക്കോ വഴുതി വീഴാതെ സൂക്ഷിക്കുന്നതിൽ അസാമാന്യമായ കഴിവ് മാമുക്കോയ പ്രദർശിപ്പിച്ചിട്ടുണ്ട്. അതിന് കാരണം ഹാസ്യത്തേക്കുറിച്ചുള്ള അദ്ധേഹത്തിൻറെ കാഴ്ചപ്പാട് തന്നെയായിരുന്നു. ആ കാഴ്ചപ്പാട് രൂപപ്പെടുത്തുന്നതിൽ കോഴിക്കോടിൻറെ സാംസ്കാരിക രംഗം വലിയ സ്വാധീനമാണ് ചെലുത്തിയിട്ടുള്ളത്.
വൈക്കം മുഹമ്മദ് ബഷീറിൻറെ അനുയായി എന്നാണ് മാമുക്കോയ അറിയപ്പെട്ടിരുന്നതു തന്നെ. ബഷീറിൽ നിന്നുമാണ് മാമുക്കോയ തൻറെ നർമ്മ ബോധത്തെ രൂപപ്പെടുത്തിയത്. ബഷീറിൻറെ വീട്ടിലെ സ്ഥിരം സന്ദർശകൻ മാത്രമായിരുന്നില്ല അദ്ധേഹത്തിൻറെ എല്ലാ രചനകളും മനപാഠമാക്കിയ അനുവാചകൻ കൂടിയായിരുന്നു മാമുക്കോയ. എസ് കെ പൊറ്റക്കാട്ടുമായും മാമുക്കോയക്ക് വലിയ സൗഹൃദമായിരുന്നു. മാമുക്കോയയുടെ ബീവിയായി സുഹ്റയെ കണ്ടെത്തുന്നത് പൊറ്റക്കാട്ടായിരുന്നു.
കെ ടി മുഹമ്മദ്, നിലമ്പൂർ ബാലൻ തുടങ്ങിയ നാടക പ്രവർത്തകർക്കൊപ്പമാണ് മാമുക്കോയ തൻറെ അഭിനയ ജീവിതം ആരംഭിക്കുന്നത്. നാടകം കേവലം കലാരുപം മാത്രമല്ല സാമൂഹ്യ പ്രവർത്തനം കൂടിയായിരുന്ന ഈ ചങ്ങാതി സംഘമായിരുന്നു മാമുക്കോയയുടെ അഭിനയ കളരി. പിൽക്കാലത്ത് ഗൗരവമുള്ള കഥാപാത്രങ്ങൾ തന്നെ തേടിയെത്തിയപ്പോൾ ആ പാരമ്പര്യ മികവ് അനായസമായി പുറത്തെടുക്കുന്ന മാമുക്കോയയെയാണ് മലയാള സിനിമ കണ്ടത്. പെരുമഴക്കാലം എന്ന കമൽ ചിത്രത്തിലെ അബ്ദു എന്ന കഥാപാത്രം അതിനുദാഹരണമാണ്.
സിനിമയല്ല നാടകമാണ് തൻറെ ആവിഷ്കാര രംഗം എന്ന് എന്നും കരുതിപ്പോന്നിരുന്ന നടനായിരുന്നു മാമുക്കോയ. സിനിമ തൻറെ തൊഴിൽ മാത്രമാണ് എന്ന് മാമുക്കോയ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. വീട്ടിലെ സ്വന്തം ഒരാൾ എന്നതാണ് ഏതൊരു മാലയാളിക്കും മാമുക്കോയ.