KeralaNews

ശ്രീജേഷിന്റെ വീട്ടില്‍ നേരിട്ടെത്തി അഭിനന്ദനം അറിയിച്ച് മമ്മൂട്ടി; സന്തോഷത്തില്‍ കുടുംബം

കൊച്ചി: കൊച്ചി കിഴക്കമ്പലത്തെ പാറാട്ട് ശ്രീജേഷിന്റെ വീട്ടിലെത്തി അഭിനന്ദനങ്ങള്‍ അറിയിച്ച് നടന്‍ മമ്മൂട്ടി. മമ്മുട്ടിക്കൊപ്പം നിര്‍മ്മാതാവ് ആന്റോ ജോസഫ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എന്‍.എം ബാദുഷ, ജോര്‍ജ് തുടങ്ങിയവരും എത്തിയിരുന്നു.

പതിറ്റാണ്ടുകള്‍ക്കു ശേഷം ഒളിമ്പിക്സ് മെഡല്‍ കേരളത്തിലെത്തിച്ച ശ്രീജേഷിന് ഹൃദയത്തില്‍ തൊട്ട വാക്കുകളിലുള്ള പ്രശംസയായിരുന്നു മമ്മൂട്ടിയുടെ ആദ്യ സമ്മാനം. ഒളിമ്പിക്സ് മെഡല്‍ ശ്രീജേഷ് മമ്മൂട്ടിയെ കാണിച്ചു. ശ്രീജേഷിന്റെ കുടുംബാംഗങ്ങള്‍ മമ്മൂട്ടിയെന്ന അതിഥിയെ കണ്ട സന്തോഷത്തിലായിരുന്നു.

വ്യാഴാഴ്ച രാവിലെയാണ് മമ്മൂട്ടി അഭിനന്ദനങ്ങളുടെ പൂക്കൂടയുമായി ശ്രീജേഷിന്റെ വീട്ടിലെത്തിയത്. അഭിനന്ദനത്തിന് മറുപടിയായി ശ്രീജേഷ് പറഞ്ഞത്, ”ഒളിമ്പിക്കിന് മെഡല്‍ വാങ്ങിച്ചപ്പോള്‍ ഇത്രയും കൈ വിറച്ചിട്ടില്ല എന്ന്”. തുടര്‍ന്ന് കുടുംബാംഗങ്ങളോടൊപ്പം അല്പസമയം ചിലവഴിച്ചതിന് ശേഷം മമ്മൂട്ടിയും കൂട്ടരും മടങ്ങി.

ശ്രീജേഷിന് രണ്ട് കോടി രൂപ പാരിതോഷികം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരിന്നു. കായിക മന്ത്രി വി അബ്ദുറഹ്മാനാണ് വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. ശ്രീജേഷിന് വിദ്യാഭ്യാസ വകുപ്പില്‍ ജോയിന്റ് ഡയറക്ടറായി ഉദ്യോഗക്കയറ്റം നല്‍കാനും തീരുമാനിച്ചു. നിലവില്‍ ഡെപ്യൂട്ടി ഡയറക്ടറാണ് ശ്രീജേഷ്.

ശ്രീജേഷിന് പുറമെ ഒളിമ്പിക്‌സില്‍ പങ്കെടുത്ത മറ്റ് മലയാളി താരങ്ങള്‍ക്ക അഞ്ച് ലക്ഷം രൂപ വീതം പാരിതോഷികവും നല്‍കുമെന്നും മന്ത്രി അറിയിച്ചു. നേരത്തെ പി.ആര്‍ ശ്രീജേഷിന് പാരിതോഷികം ഒന്നും തന്നെ പ്രഖ്യാപിക്കാത്തതിനെതിരെ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു. ഇതെല്ലാം തന്നെ കാര്യമറിയാതെയുള്ള വിമര്‍ശനങ്ങള്‍ ആയിരുന്നുവെന്നും മന്ത്രിസഭ യോഗമാണ് തീരുമാനം എടുക്കേണ്ടതെന്നും മെഡല്‍ നേടിയതിന് ശേഷമുള്ള ആദ്യ മന്ത്രിസഭാ യോഗത്തില്‍ തന്നെ ഉചിതമായ തീരുമാനം എടുത്തതായും മന്ത്രി വി അബ്ദുറഹ്മാന്‍ പറഞ്ഞു. കായിക രംഗത്ത് വിപുലമായ നയം കൊണ്ടുവരുമെന്നും മന്ത്രി വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button