NationalNews

ഇന്ത്യ സംഖ്യത്തില്‍ കല്ലുകടി,ഉദയനിധിയെ തള്ളി മമത ബാനർജി; ‘എല്ലാ മതങ്ങളേയും ബഹുമാനിക്കണം’

കൊല്‍ക്കത്ത: സനാതന ധര്‍മത്തിനെതിരേ ഡി.എം.കെ നേതാവും തമിഴ്‌നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്‍ നടത്തിയ പരാമര്‍ശത്തെ തള്ളി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഉദയനിധി ജൂനിയര്‍ ആണെന്നും അദ്ദേഹം എന്തടിസ്ഥാനത്തിലാണ് അത്തരമൊരു പരാമര്‍ശം നടത്തിയതെന്ന് തനിക്ക് വ്യക്തതയില്ലെന്നും മമത പറഞ്ഞു.

എല്ലാ മതങ്ങളേയും ഒരുപോലെ ബഹുമാനിക്കണം. ഒരു വിഭാഗത്തേയും വേദനിപ്പിക്കുന്ന പരാമര്‍ശങ്ങള്‍ പാടില്ല. തമിഴ്‌നാട്ടിലേയും ദക്ഷിണേന്ത്യയിലേയും ജനങ്ങളെ ഞാന്‍ ബഹുമാനിക്കുന്നു. എല്ലാ മതങ്ങള്‍ക്കും അവരുടെതായ വൈകാരികതലം ഉണ്ടാകും. അതിനെയെല്ലാം ബഹുമാനിക്കണമെന്നാണ് തന്റെ എളിയ അഭ്യര്‍ഥനയെന്നും മമത പറഞ്ഞു.

‘സനാതന ധര്‍മത്തെ ഞാന്‍ ബഹുമാനിക്കുന്നു. വേദങ്ങളില്‍നിന്നാണ് നമ്മള്‍ പഠിക്കുന്നത്. നമുക്ക് നിരവധി പുരോഹിതന്‍മാരുണ്ട്, അവര്‍ക്കെല്ലാം സംസ്ഥാന സര്‍ക്കാര്‍ പെന്‍ഷന്‍ നല്‍കുന്നുണ്ട്. രാജ്യത്തുടനീളം നിരവധി ക്ഷേത്രങ്ങളുണ്ട്. നമ്മള്‍ ക്ഷേത്രവും മസ്ജിദുകളും പള്ളികളും സന്ദര്‍ശിക്കുന്നു’- ഇന്ത്യയുടെ മതേതരത്വത്തേയും നാനാത്വത്തില്‍ ഏകത്വത്തെയും ചൂണ്ടിക്കാണിച്ചുകൊണ്ട് മമത പറഞ്ഞു.

ഉദയനിധിയുടെ പരാമര്‍ശത്തെ അപലപിക്കുന്നതായും പ്രതിപക്ഷ സഖ്യമായ ഇന്ത്യയ്ക്ക് ഇതുമായി യാതൊരു ബന്ധവുമില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് വക്താവ് കുണാല്‍ ഘോഷും വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പരാമര്‍ശത്തെ തള്ളി മമതയും രംഗത്തെത്തിയത്.

സനാതന ധര്‍മം കേവലം എതിര്‍ക്കപ്പെടേണ്ടതല്ലെന്നും പൂര്‍ണ്ണമായും തുടച്ചുനീക്കപ്പെടേണ്ടതാണെന്നുമായിരുന്നു ഉദയനിധി സ്റ്റാലിന്റെ പരാമര്‍ശം. ഇത് വലിയ വിവാദമായതോടെ ഉദയനിധിക്കും ഡി.എം.കെയ്ക്കും എതിരേ രൂക്ഷവിമര്‍ശനവുമായി ബിജെപി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. അതേസമം തന്റെ പരാമര്‍ശത്തിന്റെ പേരില്‍ എന്ത് നടപടിയുണ്ടായാലും നേരിടാന്‍ തയ്യാറാണെന്നും പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നതായും ഉദയനിധി സ്റ്റാലിന്‍ തിങ്കളാഴ്ചയും വ്യക്തമാക്കി. പരാമര്‍ശത്തിനെതിരേ ഡല്‍ഹി പോലീസ് കമ്മീഷണര്‍ക്ക് ഡല്‍ഹിയിലെ അഭിഭാഷകന്‍ പരാതിയും നല്‍കിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker